സിനിമാ ഡെസ്ക്
കൊച്ചി: എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി 2-വിന് തിയേറ്ററുകളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബാഹുബലി ആദ്യഭാഗത്തിൽ പല്ലാൾ ദേവന്റെ സൈനികരിൽ നിന്ന് രക്ഷപ്പെട്ട് നദിയിൽ ചാടുന്ന ശിവകാമി മുങ്ങുന്നതിന് മുമ്പ് ഒരു കൈകൊണ്ടുയർത്തുന്ന കുഞ്ഞാണ് ഇപ്പോൾ താരം.
ബാഹുബലി ഒന്നാം ഭാഗത്തിന്റെ മുഖമുദ്രയായിരുന്നു രമ്യാ കൃഷ്ണൻ ഒരു കൈ കൊണ്ട് കുഞ്ഞിനെ ഉയർത്തുന്ന ഈ രംഗം. രമ്യാ കൃഷ്ണൻ അന്ന് ആ കുഞ്ഞിനെ ഉയർത്തുമ്പോൾ കുഞ്ഞിന് വെറും 18 ദിവസം പ്രായം മാത്രമായിരുന്നു. അന്ന് ചിത്രം തിയേറ്ററുകളിലെത്തിയപ്പോൾ കുഞ്ഞു ബാഹുബലിക്ക് വയസ്സ് ഒന്നരയായിരുന്നെങ്കിൽ ഇന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുമ്പോൾ ഈ കുഞ്ഞുതാരത്തിന് വയസ്സ് മൂന്നായി.
ഈ കുഞ്ഞു ബാഹുബലി ആരെന്നറിയേണ്ടേ….ബാഹുബലി പ്രൊഡക്ഷൻ എക്സിക്യൂട്ടീവും കാലടി നീലീശ്വരം സ്വദേശിയുമായ വത്സന്റെ മകൾ അക്ഷതയാണ് ഈ കുഞ്ഞു ബാഹുബലി. ആതിരപ്പിള്ളിയിൽ വെച്ചുള്ള ചിത്രീകരണത്തിന് മകളെ മടിച്ചുമടിച്ചാണ് ഷൂട്ടിംഗിനു വിട്ടുകൊടുത്തിരുന്നത്.
അക്ഷത തന്റെ ആദ്യ സിനിമ കാണുന്നത് ടി.വി.യിലൂടെയാണ്. പീന്നീട് താൻ അഭിനയിച്ച സിനിമ കാണുന്നത് അക്ഷതയുടെ ഹോബിയായി മാറി. ചിലപ്പോൾ ഒന്നും രണ്ടും തവണയിരുന്നു ബാഹുബലി കാണും. ഏറ്റവും ഇഷ്ടപ്പെട്ട സിനിമയ ഏതെന്ന് ചോദിച്ചാലും ഈ കുഞ്ഞ് ബാഹുബലിയ്ക്ക് ഒന്നേ പറയാനുള്ളു…..ബാഹുബലി.