
കൊച്ചി: നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്.
അങ്കമാലി ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഉച്ചയ്ക്ക് ശേഷം 2.40 ഓടെയാണ് ജാമ്യ ഹര്‍ജിയില്‍ വാദം തുടങ്ങിയത്. ദിലീപിന് വേണ്ടി മുതിര്‍ന്ന ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ കെ രാംകുമാറും പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ. എ സുരേശനുമാണ് കോടതിയില്‍ ഹാജരായത്. ഹര്‍ജി പരിഗണിക്കുന്നതിന് മുന്നോടിയായി കേസ് ഡയറി കോടതിയില്‍ ഹാജരാക്കിയിരുന്നു. ആക്രമിക്കപ്പെട്ട നടിക്കെതിരെ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചരണങ്ങള്‍ ദിലീപിന്റെ സ്വാധീനം മൂലമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിനായി സാമൂഹിക മാധ്യമങ്ങള്‍ വഴി ഇപ്പോള്‍ തന്നെ ശക്തമായ പ്രചരണമാണ് നടക്കുന്നത്. കസ്റ്റഡിയില്‍ ഉള്ളപ്പോള്‍ ഇങ്ങനെ ആണെങ്കില്‍ ജാമ്യത്തില്‍ ഇറങ്ങിയാല്‍ എങ്ങനെ ആയിരിക്കുമെന്ന് ഊഹിക്കാമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിന്റെ അഭിമുഖങ്ങളില്‍ അയാള്‍ നടിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ അയാളുടെ മനോനിലയുടെ തെളിവാണ്.
അതേസമയം ദിലീപിനെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ചുമത്തിയ ആരോപണങ്ങളെല്ലാം കളവാണെന്ന് പ്രതിഭാഗം വാദിച്ചു. മുഖ്യപ്രതിയും കൊടും കുറ്റവാളിയുമായ സുനില്‍ കുമാറിന്റെ മൊഴി മാത്രമാണ് ദിലീപിനെതിരെയുള്ള തെളിവ്. അത് വിശ്വസിച്ചാണ് പൊലീസ് മുന്നോട്ട് പോകുന്നത് ജയിലില്‍ നിന്ന് അയച്ച കത്തില്‍ ഒരു കാറിന്റെ നമ്പര്‍ എഴുതിയത് കൊണ്ട് മാത്രം അത് ഗൂഡാലോചനയുടെ തെളിവായി മാറില്ല. ജയില്‍ കിടന്ന് പ്രതികള്‍ എങ്ങനെ ഫോണ്‍ ഉപയോഗിച്ചു എന്നും അവിടെ നിന്ന് മറ്റുള്ളവരെ എങ്ങനെ ബന്ധപ്പെട്ടു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കേണ്ടത്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ജാമ്യം അനുവദിക്കണമെന്നും സമൂഹത്തിന്റെ വികാരം വിധിയെ ബാധിക്കരുതെന്നും പ്രതിഭാഗം വാദിച്ചു.
ജാമ്യ ഹര്‍ജി പരിഗണിക്കവെ രണ്ട് മൊബൈല്‍ ഫോണുകളും പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. ശാസ്ത്രീയമായ പരിശോധനയ്ക്ക് വേണ്ടിയാണ് ഫോണുകള്‍ കോടതിയില്‍ നല്‍കുന്നതെന്നും പൊലീസിനെ ഏല്‍പ്പിച്ചാല്‍ അതില്‍ കൃത്രിമം നടത്തി തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഫോണുകള്‍ പിടിച്ചെടുക്കാനായി പൊലീസ് ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും തെരച്ചില്‍ നടത്തിയിരുന്നു