കൊച്ചി: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്രിമിനല്‍ വാഴ്ച്ച തുറന്ന് കാട്ടി വിജയ് ചിത്രം ഭൈരവ. കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധം നടക്കുന്നതിനിടെയാണ് ഭൈരവ കേരളത്തിലും പ്രദര്‍ശനത്തിനെത്തിയതെന്നത് ശ്രദ്ദേയമാണ്. മാട് അറവുകാരനില്‍ നിന്ന് വളര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവനായി മാറിയ ക്രിമിനലിനെതിരെയുള്ള പോരാട്ടത്തിന്റെ കഥപറയുന്ന വിജയ് ചിത്രം ആരാധകരുടെ കയ്യടി വാങ്ങിയാണ് തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. വിജയ് ആരാധകര്‍ക്ക് ആവേശം പകരുന്ന സംഘടന രംഗങ്ങളും പാട്ടുകളും നൃത്തവുമാണ് സിനിമയുട ശക്തി.
ഒരു വിഭാഗം തിയേറ്റര്‍ ഉടമകളുടെ ഭീഷണികളെ അതിജീവിച്ച് 200ല്‍ അധികം തിയേറ്ററുകളിലാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ചൂഷണത്തിന് ഇരയായ വിദ്യാര്‍ത്ഥികളും അത് ചോദ്യം ചെയ്തതിന് മൃഗീയമായ റേപ്പിനാല്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിനിയും ഇന്ന് സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രതിരൂപമായി വിലയിരുത്താവുന്നതാണ്.
നല്ല മാര്‍ക്കുണ്ടായിട്ടും മെറിറ്റ് ലിസ്റ്റില്‍ നിന്ന് തഴയപ്പെടുകയും പിന്നീട് വീടും സ്വത്തുക്കളും വിറ്റ് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ അഡ്മിഷന്‍ വാങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമെല്ലാം അനുഭവിക്കേണ്ടി വരുന്ന ദുരിതത്തിന്റെ ഒരു നേര്‍കാഴ്ചയാണ് ഈ ചിത്രം.
പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന് ജീവന്‍ നഷ്ടപ്പെട്ട വിവാദങ്ങള്‍ സംസ്ഥാനത്ത് സജീവമായിരിക്കെ റിലീസായ ഈ ചിത്രത്തില്‍ സമാനമായ സംഭവം ദൃശ്യവല്‍ക്കരിക്കപ്പെട്ടത് യാദൃശ്ചികമാണെങ്കിലും അത് സന്ദര്‍ഭോചിതമായി. ഒരു വിഭാഗം സ്വാശ്രയ കോളേജുകളില്‍ നടക്കുന്ന നെറികേടുകളെക്കുറിച്ച് പൊതു സമൂഹത്തിന് അവബോധമുണ്ടാക്കുന്നതിനും ഭൈരവയും ഇപ്പോള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
മാട്ടിറച്ചി വ്യാപാരത്തില്‍ തുടങ്ങി നിരവധി ക്രിമിനല്‍ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട വില്ലനെ സ്വാശ്രയ മെഡിക്കല്‍ കോളേജിന്റെ ഉടമയാക്കുക വഴി മാനേജ്മെന്റുകളുടെ യോഗ്യത എന്തായിരിക്കണമെന്ന ഒരു പ്രധാന ചോദ്യവും സിനിമ ഉയര്‍ത്തുന്നുണ്ട്.
തമിഴ്നാട്ടിലെ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ പഠനത്തിനായി എത്തുന്ന പെണ്‍കുട്ടിയായി അഭിനയിക്കുന്ന അപര്‍ണ്ണയുടെ മാതാപിതാക്കളായി മലയാള നടന്‍ വിജയരാഘവനും സജിത മഠത്തിലുമാണ് അഭിനയിച്ചിരിക്കുന്നത്.
നായിക പ്രശസ്ത മലയാള നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മുന്‍ നായികനടി മേനകയുടെയും മകള്‍ കീര്‍ത്തി സുരേഷാണ്. അപര്‍ണയുടെ സഹപാഠിയായിട്ടാണ് കീര്‍ത്തി അഭിനയിക്കുന്നത്. ഭരതനാണ് സീവിധായകന്‍.