മമ്മൂട്ടിക്ക് മകനെയോര്‍ത്ത് അഭിമാനിക്കാം:ചാര്‍ളിയെ പ്രശംസിച്ച് ബാലചന്ദ്രമേനോന്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ചാര്‍ളിയെ പ്രശംസിച്ച് ബാലചന്ദ്രമേനോന്‍ രംഗത്ത്. മലയാള സിനിമയുടെ സാങ്കേതിക വളര്‍ച്ചയില്‍ അഭിമാനം തോന്നുവെന്ന പറഞ്ഞ ബാലചന്ദ്ര മേനോന്‍ ദുല്‍ഖറിന്റെ അഭിനയത്തെയും പുകഴ്ത്തി. ആകര്‍ഷകമായി , അയത്‌നലളിതമായി ,ആത്മ വിശ്വാസത്തോടെ ദുല്‍ക്കര്‍ ചാര്‍ളിയെ അവതരിപ്പിച്ചിട്ടുണ്ട്. നോക്കിലും വാക്കിലും ശരീര ഭാഷയിലും കുതിരക്കൊപ്പവും ഒറ്റക്കുമുള്ള ഓട്ടത്തിലുമൊക്കെ ഒരു പ്രത്യേക ദൃശ്യസുഖമുണ്ട്. ദുല്‍ക്കര്‍ തുടങ്ങി എല്ലാവരും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

ബാലചന്ദ്രമേനോന്‍ ഫേ​സ് ബുക്കില്‍ കുറിച്ചത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാള സിനിമയുടെ സാങ്കേതികമായ വളര്‍ച്ചയില്‍ എനിക്കഭിമാനം തോന്നി . ഓരോ ഷോട്ടിന്റെയും പിന്നില്‍ ഈ തലമുറ കാട്ടുന്ന സൂക്ഷ്മത എന്നെ അതിശയിപ്പിക്കുക തന്നെ ചെയ്തു .ക്യാമറ ഉണ്ടെന്ന തോന്നല്‍ ഇല്ലാതെ കഥാഖ്യാനം നടക്കുന്നതാണ് നല്ല സിനിമ എന്നൊക്കെ പറയാറുണ്ടെങ്കിലും ഇവിടെ ജോമോന്റെ ക്യാമറ നാം തിരിച്ചറിയുന്നു. ആ തിരിച്ചറിയല്‍ കണ്ണിനു ആനന്ദമാണ് താനും .പ്രതേകിച്ചും ഗാനരംഗങ്ങളില്‍ സര്ഗസിദ്ധി യുള്ള ക്യാമറാമാന്റെ കൂടെ സംവിധായകനായ ക്യാമറാമാന്‍ കൂടി ചേരും പോഴുള്ള നയനസുഖം പറയാതെ വയ്യ….

അടുത്തത് ചാര്‍ളിയായി മനം കവരുന്ന ദുല്‍ക്കര്‍ സല്‍മാന്‍ …
അംഗപ്രത്യംഗം വിമര്‍ശിക്കാനോ വാ തോരാതെ സ്തുതി പറയാനോ തുനിയുന്നില്ല . മറിച്ച് , തോളത്തൊന്നു തട്ടി , താടിയിലോന്നു തലോടി ‘സബാഷ്’ എന്ന് പറഞ്ഞോട്ടെ . ആകര്‍ഷകമായി , അയത്‌നലളിതമായി ,ആത്മ വിശ്വാസത്തോടെ ദുല്‍ക്കര്‍ ചാര്‍ളിയെ അവതരിപ്പിച്ചിട്ടുണ്ട്. നോക്കിലും വാക്കിലും ശരീര ഭാഷയിലും കുതിരക്കൊപ്പവും ഒറ്റക്കുമുള്ള ഓട്ടത്തിലുമൊക്കെ ഒരു പ്രത്യേക ദൃശ്യസുഖമുണ്ട്. ദുല്‍ക്കര്‍ തുടങ്ങി എല്ലാവരും പ്രത്യേക അഭിനന്ദനം അര്ഹിക്കുന്നു…..ഞാനതു അറിയിക്കുന്നു .balachandra menon

ചാര്‍ളി എന്ന കഥാപാത്രത്തോട് എനിക്ക് ഒരു ‘പെരുത്ത’ ഇഷ്ട്ടം തോന്നാന്‍ ഒരു കാരണം കൂടിയുണ്ട്. ഈ കഥാപാത്രം എനിക്ക് പരിചിതനാണ്. വര്ഷങ്ങള്‍ക്ക് മുന്‍പ് 1984 ല്‍ ഞാന്‍ സംവിധാനം ചെയ്ത ‘ആരാന്റെ മുല്ല കൊച്ചു മുല്ല ‘ എന്ന ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ച ഒരു കഥാപാത്രമുണ്ട് . ഒരുപറ്റം നാട്ടുംപുറത്തുകാര്‍ കഴിയുന്ന ‘കിങ്ങിണിക്കര’ എന്ന ഗ്രാമത്തില്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെടുന്ന ഒരു നിഗൂഡമനുഷ്യന്‍ . ആ ഗ്രാമത്തിലെ എല്ലാ മുക്കിനും മൂലയിലും അയാള്‍ അവതരിച്ചു. പള്ളി സെമിത്തേരിയില്‍ അസമയത്ത് കണ്ടപ്പോള്‍ വികാരിയച്ചന്‍( പി കെ എബ്രഹാം) അവനോടു ചോദിച്ചു:

‘ നീ ആരാണ് കുഞ്ഞേ ?’
അതിനുത്തരമായി അവന്‍ ചെറുതായൊന്നു ചിരിച്ചു .ആ ചിരിക്കു ഒരു മൂര്ച്ച ഉണ്ടായിരുന്നു. അത് സഹിക്കവയ്യാതെ വന്നപ്പോള്‍ ബാങ്ക് മാനേജര്‍ ( ശങ്കരാടി ) അവനോടു ചോദിച്ചു ;
‘നിങ്ങളുടെ പേരെന്താ ?’
അതേ ചിരിയോടെ അവന്‍ പറഞ്ഞു :
‘ അനാഥന്‍ ‘
അനാഥന്‍ ചെയ്തതൊക്കെ ചാര്‍ളി ഈ ചിത്രത്തില്‍ ചെയ്യുന്നുണ്ട് അല്ലെങ്കില്‍ ചാര്‍ളി ഈ ചിത്രത്തില്‍ ചെയ്തത് കണ്ടപ്പോള്‍ എനിക്ക് അനാഥന്‍ ചെയ്തതൊക്കെ ഓര്മ്മ വന്നു. അനാഥന്‍ പ്രതികരണ ശേഷിയുളളവനായിരുന്നു. പള്ളിയോടു ചേര്ന്നുള്ള അനാഥാലയത്തിലെ പിഞ്ചു കുഞ്ഞുങ്ങളെ ‘ബാലവേല ‘ ക്കിരയാക്കുന്നത് കണ്ടപ്പോള്‍ അവന്‍ പഞ്ചായത്ത് അംഗത്തോട് ( തിലകന്‍ ) തട്ടിക്കേറി .

അനാഥന്‍ കുട്ടികള്‍ക്ക് ഒരു കളിക്കൂട്ടുകാരനായി ‘കാട്ടില്‍ മുളങ്കാട്ടില്‍ ‘ പാട്ട്ടും പാടി നടന്നു.
സാമൂഹ്യ പ്രവര്‍ത്തക മഹേശ്വരിയമ്മ സമൂഹവിവാഹം നടത്തി ശോഭിക്കുന്ന വേദിയില്‍ പൊടുന്നനെ അവതരിക്കുന്ന അനാഥന്‍ മഹേശ്വര്യമ്മയുടെ മകളും (ലിസി) ജോയ് എന്ന കൃസ്ത്യന്‍ യുവാവു ( വേണു നാഗവള്ളി) മൊത്തുള്ള കല്യാണം പരസ്യമായി നടത്തിക്കൊടുത്തു നാട്ടുകാരുടെ കൈയടി വാങ്ങുന്നു .ആ ചിത്രത്തിലും പ്രേമ നായിക ( രോഹിണി ) അനാഥന്റെ പിറകെ നടക്കുകയാണ് …

1984 ല്‍ നിന്നും 2015 ലേക്ക് അനാഥന്‍ ചേക്കേറുംപോള്‍ സിനിമയോടുള്ള സമീപനത്തില്‍ വന്ന മാറ്റം അഭിനന്ദനാര്‍ഹവും അനുകരണീയവുമാണ്. ആലുവാപ്പുഴയുടെ തീരങ്ങളിലും ഉള്‍നാടന്‍ വഴികളിലൂടെയുമൊക്കെ ഇരുന്നും നടന്നുമോക്കെയാണ് അനാഥന്‍ കഥ പറഞ്ഞു തീര്‍ത്തത് ഒരു കുതിരപ്പന്തയത്തിന്റെ സൂചന കാണിക്കാന്‍ രണ്ടു കുതിരകളെ കിട്ടാഞ്ഞിട്ടു ‘പായുന്ന കുതിരയുടെ’ കലണ്ടറില്‍ പാട്ടിലെ വരികള്‍ ഒതുക്കിയത് ഓര്‍ത്തപോകുന്നു. ഇവിടെ ദുല്‍ക്കര്‍ എന്ന നടനെ ആകാശത്തേക്ക് പറത്തിവിട്ടിട്ട് മാര്‍ട്ടിനും ജോമോനും ക്യാമറയുമായി പിന്തുടരുകയാണ് ദ്രിശുവിസ്മയങ്ങള്‍ക്കായി…സബാഷ് ! നിങ്ങളുടെ ചേരുവ ഇനീം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു …..
എന്റെ സുഹൃത്ത് മമ്മൂട്ടിയെ അഭിനന്ദിക്കാന്‍ കിട്ടുന്ന ഈ അവസരം ഞാന്‍ നഷ്ട്ടപ്പെടുത്തുന്നില്ല .

Top