ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കാറില്ലെന്ന് ബാലചന്ദ്രമേനോന്‍. ഇത് പറഞ്ഞ് നിരവധി തവണ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളുമായി ഞാന്‍ വഴക്കിട്ടിട്ടുണ്ട്. ഒടുവില്‍ അവര്‍ എന്റെ ഇഷ്ടത്തിന് വഴങ്ങും, അതായിരുന്നു പതിവ്,’ അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്നതായി ബാലചന്ദ്ര മേനോന്‍ കുറ്റപ്പെടുത്തി. ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ലഭിക്കുന്ന സ്വാതന്ത്ര്യം വേണ്ട രീതിയില്‍ ഉപയോഗിക്കപ്പെടുന്നില്ല എന്നും അതേസമയം ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
‘നമ്മുടെ നാട്ടില്‍ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്, പക്ഷേ ഈയിടെയായി പ്രതിഷേധത്തിന്റെ രീതി നിയമത്തിന്റെ അതിര്‍വരമ്പുകളെല്ലാം ഭേദിച്ചുകൊണ്ടാണ് നടക്കുന്നത്. ആ പ്രവണതയുമായി ഞാന്‍ യോജിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.
സെന്‍സര്‍ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനായി പ്രത്യേകം കമ്മിറ്റിയെ നിയമിക്കുന്നു എന്ന വാര്‍ത്ത! വിവാദങ്ങള്‍ക്ക് വിഷയമായ സാഹചര്യത്തെ പറ്റി ചോദിച്ചപ്പോള്‍, ‘വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരുന്ന കാര്യം തന്നെയാണ് ഞാന്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്. ഞാന്‍ എന്താണോ ജനങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത് അതായിരിക്കും എന്റെ സിനിമയില്‍ ഉണ്ടാവുക. അതിനെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല,’ എന്നായിരുന്നു ബാലചന്ദ്ര മേനോന്റെ മറുപടി. ഏപ്രിലില്‍ ചിത്രീകരണം തുടങ്ങുന്ന പ്രിഥ്വിരാജ് ചിത്രത്തിലാണ് ബാലചന്ദ്ര മേനോന്‍ അടുത്തതായി അഭിനയിക്കുന്നത്.