കള്ളപ്രചരണത്തിനായി വിവാദ വാര്‍ത്ത നല്‍കി റിപ്പോര്‍ട്ടര്‍ ചാനല്‍ പുത്തന്‍ മാധ്യമ ധര്‍മ്മത്തിന്റെ ഉപജ്ഞാതാക്കളായി-വി.ടി.ബല്‍റാം

പാലക്കാട് :കള്ളപ്രചരണത്തിനായി വിവാദ വാര്‍ത്ത നല്‍കി റിപ്പോര്‍ട്ടര്‍ ചാനല്‍ പുത്തന്‍ മാധ്യമ ധര്‍മ്മത്തിന്റെ ഉപജ്ഞാതാക്കളായിമാറിയെന്ന് യുവ എം എല്‍ എ വി.ടി.ബല്‍റാം ആരോപിച്ചു .ബല്‍റാമിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലാണ് തെറ്റായ വാര്-ത്തക്ക് എതിരെ പ്രതികരിച്ചിരിക്കുന്നത് .നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് എം എല്‍ എ യുടെ നിര്‍ദ്ദേശപ്രകാരം അനുവദിച്ച തുക കൊണ്ട് പുതുക്കിപ്പണിത പട്ടിത്തറ ജിഎല്‍പി സ്കൂള്‍ കെട്ടിടവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാത്മകമായ നിരവധി പ്രചരണങ്ങളാണ് സിപിഎം, ബിജെപി പ്രാദേശിക നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ആദ്യം ഏകപക്ഷീയമായി വിവാദ വാര്‍ത്ത നല്‍കുക, പിന്നീട് അതിന്റെ മറുപടി കിട്ടുമ്പോള്‍ അതും വാര്‍ത്തയാക്കി സ്വന്തം ടിആര്‍പി കൂട്ടുക എന്ന പുത്തന്‍ മാധ്യമ ധര്‍മ്മത്തിന്റെ ഉപജ്ഞാതാക്കളായ റിപ്പോര്‍ട്ടര്‍ ചാനല്‍ മാറിയെന്നും ആരോപിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് എന്റെ നിര്‍ദ്ദേശപ്രകാരം അനുവദിച്ച തുക കൊണ്ട് പുതുക്കിപ്പണിത പട്ടിത്തറ ജിഎല്‍പി സ്കൂള്‍ കെട്ടിടവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാത്മകമായ നിരവധി പ്രചരണങ്ങളാണ് സിപിഎം, ബിജെപി പ്രാദേശിക നേതാക്കളുടെ ഭാഗത്തുനിന്ന് ഇന്നലെയും ഇന്നുമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആദ്യം ഏകപക്ഷീയമായി വിവാദ വാര്‍ത്ത നല്‍കുക, പിന്നീട് അതിന്റെ മറുപടി കിട്ടുമ്പോള്‍ അതും വാര്‍ത്തയാക്കി സ്വന്തം ടിആര്‍പി കൂട്ടുക എന്ന പുത്തന്‍ മാധ്യമ ധര്‍മ്മത്തിന്റെ ഉപജ്ഞാതാക്കളായ റിപ്പോര്‍ട്ടര്‍ ചാനല്‍ ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല.
പതിറ്റാണ്ടുകളുടെ അവഗണനയാല്‍ നാശോന്മുഖമായി കിടന്നിരുന്ന ആ സര്‍ക്കാര്‍ വിദ്യാലയം ഇന്ന് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യമുള്ള ഒരു സ്കൂള്‍ ആയി മാറിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 45 ലക്ഷം രൂപയാണ് അനുവദിച്ചതെങ്കിലും പിഡബ്ല്യുഡി ടെണ്ടര്‍ വിളിച്ചപ്പോള്‍ 70 ശതമാനം എബൗവ് ആയി ഏതാണ്ട് 75 ലക്ഷം രൂപക്കാണ് കോണ്‍ട്രാക്ടര്‍മാര്‍ ടെണ്ടര്‍ ക്വാട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് ആദ്യ തുകക്ക് തന്നെ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സി ആയ ഹാബിറ്റാറ്റ് ടെക്നോളജീസിന് ഈ പ്രവൃത്തി കൈമാറാന്‍ സര്‍ക്കാരില്‍ നിന്ന് തീരുമാനമുണ്ടായത്. ഏതാണ്ട് 30 ലക്ഷം രൂപയാണ് ഈയിനത്തില്‍ ഖജനാവിന് ലാഭമുണ്ടായത്. കൂടുതല്‍ ക്ലാസ് മുറികള്‍, ഗേറ്റ്, സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവക്കായി രണ്ടാം ഘട്ടത്തില്‍ 33 ലക്ഷം വീണ്ടുമനുവദിച്ചു.ഇങ്ങനെ രണ്ട്‌ ഘട്ടമായി 78 ലക്ഷം രൂപയുടെ പ്രവൃത്തിയാണ്‌ ചെയ്യേണ്ടത്‌. അതില്‍ ഏതാണ്ട്‌ 50 ലക്ഷത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ച്‌ ബില്‍ സമര്‍പ്പിച്ചിട്ട്‌ ഒരു വര്‍ഷത്തിലേറെയായിട്ടും ഇതുവരെ 33 ലക്ഷം മാത്രമേ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൃത്താലയിലെ മറ്റ് പല കെട്ടിട നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി ഏതാണ്ട് 3.25 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതേ ഏജന്‍സി ഇതിനോടകം ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ സര്‍ക്കാരില്‍ നിന്ന് അവര്‍ക്ക് കിട്ടിയിട്ടുള്ളത് വെറും 1.62 കോടി രൂപ മാത്രമാണ്. പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷമുള്ള ഭരണസ്തംഭനത്തിന്റെ ഭാഗമായി ബില്ലുകള്‍ മാറിക്കിട്ടാന്‍ ഉണ്ടായ ഈ വലിയ കാലതാമസമാണ് പല പ്രവൃത്തികളും ഇഴഞ്ഞു നീങ്ങുന്നതിലേക്ക് നയിക്കുന്നത്.
ഇതുകൊണ്ട്‌ തന്നെ ഔപചാരിക ഉദ്ഘാടനം കഴിഞ്ഞെങ്കിലും പട്ടിത്തറ സ്ക്കൂളിലെ പണി പൂര്‍ത്തീകരിച്ച്‌ സൈറ്റ്‌ ഇതുവരെ സ്കൂളിനോ പഞ്ചായത്തിനോ കൈമാറിയിട്ടില്ല. ഫിനിഷിംഗ്‌ വര്‍ക്കുകള്‍ ഇനിയും നടക്കാനിരിക്കുന്നു. ഇതിനിടയില്‍ ചെയ്തതില്‍ ചില അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അത്‌ പരിഹരിക്കേണ്ടത് കൂടി ഈ ഫിനിഷിംഗ്‌ വര്‍ക്കുകള്‍ക്കൊപ്പം പൂര്‍ത്തീകരിക്കാനാണ്‌ നിര്‍ദ്ദേശിച്ചിരുന്നത്‌. അതിന്റെ ഭാഗമായി കുഴപ്പം കണ്ട ഭാഗത്തിന് മുകളില്‍ മാത്രം സിമന്‍റിട്ട് താല്‍ക്കാലിക പരിഹാരം കാണാനല്ല, ആ ഭാഗം പൂര്‍ണ്ണമായിത്തന്നെ ചിപ്പ്‌ ചെയ്ത്‌ കളഞ്ഞ്‌ പുനര്‍നിര്‍മ്മിക്കാനാണ്‌ അവര്‍ ശ്രമിച്ച്‌ വരുന്നത്‌. എന്നാല്‍ അതിനിടയില്‍ ഇടക്കുവെച്ച്‌ ഇതരസംസ്ഥാനത്തുകാരായ പണിക്കാരെ വിരട്ടിയോടിച്ച്‌ മാധ്യമങ്ങളെ വിളിച്ചുവരുത്തി എന്തോ വലിയ അപാകതകളാണ്‌ നടക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനാണ്‌ സിപിഎമ്മും ബിജെപിയും ഒരുമിച്ച്‌ ശ്രമിക്കുന്നത്‌. അതിന്റെ പിന്നിലെ രാഷ്ട്രീയ ദുരുദ്ദേശ്യം ഏവര്‍ക്കും മനസ്സിലാവുന്നതേയുള്ളൂ.VTB -R
സംഘ് പരിവാറിനെതിരെ ഞാന്‍ ഏതെങ്കിലും രൂക്ഷമായ പ്രതികരണങ്ങള്‍ നടത്തിയാല്‍ അതിന്റെ തൊട്ടുപിന്നാലെ തൃത്താലയിലെ ഏതെങ്കിലും റോഡില്‍ കുഴിയുള്ളതിന്റെയും മറ്റും ഫോട്ടോസുമെടുത്ത് ബിജെപിക്കാരും സിപിഎമ്മുകാരും ഒരുപോലെ ഇറങ്ങാറുള്ളത് ഇത് ആദ്യത്തെ അനുഭവമല്ല. എംഎല്‍എ ഫണ്ട് മുഴുവന്‍ വിനിയോഗിച്ചില്ല, എല്‍എല്‍ബി പരീക്ഷക്ക് മാര്‍ക്ക് തിരുത്തി എന്നിങ്ങനെ കാലാകാലങ്ങളില്‍ ആക്ഷേപങ്ങളുടെ കുന്തമുനകള്‍ വ്യക്തിപരമായിത്തന്നെ നേരിടേണ്ടി വന്നിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദ നിര്‍മ്മാണങ്ങളുടെ പേരില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയ, കേരളത്തിലെ വിശ്വാസയോഗ്യമായ ഒരു സര്‍ക്കാര്‍ അംഗീകൃത നിര്‍മ്മാണ ഏജന്‍സിയാണ്‌ പദ്മശ്രീ ശങ്കറിന്റെ നേതൃത്ത്വത്തിലുള്ള ഹാബിറ്റാറ്റ്‌. ഈയിടെ അവരുടെ മുപ്പതാം വാര്‍ഷികം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ മുഖ്യമന്ത്രി പിണറായി വിജയനും അംഗീകരിച്ച കാര്യമാണ്‌ ഇത്‌. ഈ കെട്ടിടത്തിന്റെ കാര്യത്തിലും നിലവിലുള്ള പഴയ കെട്ടിടം പൂര്‍ണ്ണമായി പൊളിച്ചുനീക്കാതെ ഉള്ളതിനെ നിലനിര്‍ത്തിക്കൊണ്ട് തന്നെയുള്ള നിര്‍മ്മാണമാണ് നടത്തിയത്. ഇതിനാല്‍ സാധാരണ ഗതിയില്‍ നടക്കുമായിരുന്നതിന്റെ ഏതാണ്ട് ഇരട്ടിയോളം നിര്‍മ്മാണം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ സര്‍ക്കാര്‍ അംഗീകൃത റേറ്റ് പ്രകാരം ഒരു ക്ലാസ് റൂം നിര്‍മ്മിക്കുന്നതിന് 10-12 ലക്ഷം വേണ്ടിടത്ത് ഇവിടെയിപ്പോള്‍ 45 ലക്ഷത്തിന് പുതിയ മൂന്ന് ക്ലാസ് റൂമും സ്റ്റെയര്‍കേസും നിലവിലുള്ള മൂന്ന് ക്ലാസ് റൂമുകളുടേയും ഓഫീസ് റൂമിന്റേയും സമ്പൂര്‍ണ്ണ നവീകരണവും അടുക്കളയും ഒക്കെ നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗുണനിലവാരം ഉറപ്പുവരുത്താനും നിയമാനുസൃത കാലത്തേക്ക്‌ ഗ്യാരണ്ടി നല്‍കാനുമുള്ള എല്ലാ ഉത്തരവാദിത്തവും നിര്‍വ്വഹണ ഏജന്‍സിക്കാണ്. ഇക്കാര്യത്തില്‍ അതവര്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് നേരിയ അപാകത ചൂണ്ടിക്കാണിച്ചപ്പോള്‍ത്തന്നെ അത് പരിഹരിക്കാനവര്‍ തയ്യാറായത്. സിമന്‍റ് കൂട്ടുന്നതും കമ്പി മുറിക്കുന്നതും സൂപ്പര്‍വൈസ് ചെയ്യല്‍ എംഎല്‍എമാരുടെ ജോലിയല്ല. ആക്ഷേപങ്ങളും പോരായ്മകളും ശ്രദ്ധയില്‍പ്പെടുമ്പോള്‍ അത് പരിഹരിക്കാന്‍ വേണ്ടിയുള്ള ഇടപെടലുകള്‍ ഇക്കാര്യത്തിലും ഇതിനോടകം ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. പൊതുപണം കാര്യക്ഷമമായി ചെലവഴിക്കപ്പെടുന്നു എന്നുറപ്പ് വരുത്താനുള്ള നിയമാനുസൃതമായ ഇടപെടലുകള്‍ ഇനിയും ഉണ്ടാവും.

Top