യുപിയിലെ തിരഞ്ഞെടുപ്പിനിറക്കാനെത്തിയ കോടികളുടെ നോട്ടുകെട്ടുകള്‍ക്ക് ഇനി കടലാസ് വിലമാത്രം; കള്ളപ്പണം നിയന്ത്രിച്ചിരുന്ന തിരഞ്ഞെടുപ്പില്‍ അടിക്കിട്ടിയത് മായാവതിയ്ക്കും മുലായത്തിനും

ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രത്തിന്റെ പൊടുന്നനെയുള്ള തീരുമാനം വിപണിയെ മാത്രമല്ല, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെയും പ്രതികൂലമായി ബാധിക്കും. ജനാധിപത്യത്തെ പണാധിപത്യമായിക്കരുതുന്ന രാഷ്ട്രീയക്കാര്‍ക്കാണ് ഉപയോഗശൂന്യമായ നോട്ടുകെട്ടുകള്‍ തലവേദനയാകുക. ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും ആസന്നമായ തിരഞ്ഞെടുപ്പുകളില്‍ ഈ തരുമാനം കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കും.

ഉത്തര്‍പ്രദേശിലെ ദളിത് വോട്ടുകളെ കാലങ്ങളായി നേതാക്കള്‍ നിയന്ത്രിച്ചിരുന്നത് നോട്ടുകെട്ടുകളുടെ ബലത്തിലാണ്. ഈ നോട്ട് രാഷ്ട്രീയതത്തിന് കേന്ദ്രത്തിന്റെ തീരുമാനം തിരിച്ചടിയാകും. മുലായം സിങ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും മായാവതിയുടെ ബി.എസ്പിയുമാകും ഇതിന്റെ വലിയ തിരിച്ചടി നേരിടുക. ദളിത്, പിന്നാക്ക വോട്ടുകളെ ആശ്രയിക്കുന്ന ഈ രണ്ട് കക്ഷികള്‍ക്കും പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കുകയെന്ന പതിവ് തന്ത്രം ഇക്കുറി പയറ്റാനാവില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയില്‍ കള്ളപ്പണമൊഴുകുന്ന മറ്റൊരു മേഖല കൂടിയാണ് തിരഞ്ഞെടുപ്പ് രംഗം. യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പുരിലും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ശേഖരിച്ച ശതകോടികളുടെ നോട്ടുകെട്ടുകളാണ് പുതിയ തീരുമാനത്തോടെ വെറും കടലാസ്സുകെട്ടുകളായത്. ഈ പണത്തില്‍ സിംഹഭാഗവും വെളുപ്പിച്ചെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിച്ചേക്കില്ല. അതോടെ, പണം ഉപയോഗശൂന്യമായി മാറുകയും ചെയ്യും.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരവരുടെ തിരഞ്ഞെടുപ്പ് പ്രചാരണ രീതികളില്‍ കാതലായ മാറ്റംവരുത്തേണ്ടിവരുമെന്നതാണ് മറ്റൊരു പ്രത്യേകത. പണം ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുക ഇനിയത്ര എളുപ്പമാകില്ല. ആശയങ്ങളിലൂന്നിയുള്ള പ്രചാരണത്തിലേക്ക് രാഷ്ട്രീയ കക്ഷികള്‍ക്ക് പിന്മാറേണ്ടിവരും. പണത്തെ ഗണ്യമായി ആശ്രയിക്കുന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഈ തീരുമാനം ആഘാതമാണ്.

2004, 20009, 2014 എന്നീ മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്കായി ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ച തുകയില്‍ 1039 കോടിയും പണമായാണ്. ചെക്കുകളിലൂടെ സ്വീകരിച്ചത് 1299.53 കോടിയും. 2004 മുതല്‍ 2015 വരെയുള്ള ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി കോണ്‍ഗ്രസ് സമാഹരിച്ച 2,259.04 കോടി രൂപയില്‍ 68.33 ശതമാനവും വന്നത് പണമായിത്തന്നെ. ബിജെപി സംഭാവനയായി സ്വീകരിച്ച 1983.37 കോടി രൂപയില്‍ 44.69 ശതമാനവും പണമായിരുന്നു.

Top