ശബരിമല: കോടികളുടെ വിപണം ലക്ഷ്യം വച്ച് ശബരിമലയില്‍ കുത്തക സ്ഥാപിച്ച കൊക്കോകോളയ്ക്ക് തിരിച്ചടി. വളഞ്ഞ വഴിയിലൂടെ ശബരിമലയില്‍ വില്‍പ്പനക്കായി വെന്‍ഡിങ് മെഷിനുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍ അനുമതിയില്ലാതെയാണ് കൊക്കകോളയുടെ വില്‍പ്പനയെന്നതിനാല്‍ വെന്‍ഡിങ് മെഷീനുകളിലൂടെയുള്ള കൊക്കകോള വില്‍പ്പന പൂര്‍ണമായും നിരോധിച്ചു.
ശബരിമലയിലെ ശീതളപാനീയ വിപണി കൊക്കകോളയ്ക്ക് തീറെഴുതിയെന്ന ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടി. പല്‍സ്റ്റിക് കുപ്പികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെ മറികടക്കാനായി കോള കമ്പനി വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ നീര ഉള്‍പ്പെടെയുള്ള പ്രാദേശിക ഉല്‍പ്പനങ്ങള്‍ ശമ്പരിമലയില്‍ വില്‍ക്കാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ഇത്തവണയും നിരസിക്കപ്പെട്ടിരുന്നു.
പമ്പ മുതല്‍ സന്നിധാനം വരെയുള്ള 12 മെഷീനുകള്‍ ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണി മുതല്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ കെ.അജിത്ത് കുമാറാണ് ഉത്തരവിട്ടത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും ലൈസന്‍സ് ഇല്ലാത്തതുമാണ് കാരണമായത്. മെഷീനുകളില്‍ ഉപയോഗിക്കുന്ന പദാര്‍ഥം (റെഡിമിക്സ് ബിവറേജ് കോണ്‍സന്‍ട്രേറ്റ്) പരിശോധിപ്പിച്ചിട്ടില്ല
ഇതില്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഉപയോഗിക്കുന്ന വെള്ളത്തിന്റെ പരിശോധനാഫലവും ഹാജരാക്കിയിട്ടില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസന്‍സ് എടുത്ത ഹോട്ടലുകളിലും ലഘുഭക്ഷണശാലകളിലുമാണ് കൊക്കകോള കമ്പനി വെന്‍ഡിങ്ങ് മെഷീനുകള്‍ സ്ഥാപിച്ചത്. മറ്റൊരു ലൈസന്‍സിന്റെ മറവിലുള്ള കോള വില്‍പ്പനയാണ് നടന്നുവന്നിരുന്നത്.
നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ 50 വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കാന്‍ ദേവസ്വംബോര്‍ഡാണ് കൊക്കകോള കമ്പനിക്ക് അനുമതി നല്‍കിയത്. സ്വാധീനം ഉപയോഗിച്ച് ടെന്‍ഡര്‍ വ്യവസ്ഥകളില്‍ മാറ്റംവരുത്തിയാണ് 18 ലക്ഷത്തില്‍പരം രൂപയ്ക്ക് വിപണി പിടിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. വെന്‍ഡിങ് മെഷീനുകളിലൂടെ ശീതളപാനീയം വില്‍ക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയതാണ് കൊക്കകോളയ്ക്ക് മലകയറാന്‍ വഴിയൊരുങ്ങിയത്. പത്ത് കോടിയുടെ വിപണനമാണ് കൊക്കകോള ലക്ഷ്യമിടുന്നത്.
50 ഇടത്ത് മെഷീനുകള്‍ വെക്കണമെന്ന വ്യവസ്ഥയാണ് കമ്പനി മുതലാക്കിയത്. ഒരു മെഷീന് രണ്ടു ലക്ഷത്തോളം രൂപ വില വരും. 50 എണ്ണം സ്ഥാപിക്കണമെങ്കില്‍ ഒരു കോടി രൂപയോളം വേണം. ഈ വ്യവസ്ഥമൂലം തദ്ദേശീയ കമ്പനികള്‍ പിന്മാറി. മെഷീന്‍ സ്ഥാപിക്കാന്‍ ശേഷിയുള്ളതുകൊക്കകോളയ്ക്കും പെപ്സിക്കും മാത്രമാണ്. പെപ്സി ശബരിമലയിലെ ലേലത്തില്‍ പങ്കെടുത്തില്ല. അങ്ങനെയാണ് കുത്തകാവകാശം കൊക്കകോളക്ക് കിട്ടിയത്.
ലേലം പിടിക്കുന്ന കമ്പനിയുടെ ഉല്പന്നങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്ന വ്യവസ്ഥ ദേവസ്വം ബോര്‍ഡ് വച്ചിരുന്നത് എന്തിനാണെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. വന്‍കിട കുത്തകകള്‍ക്ക് മാത്രം രംഗത്തെത്താന്‍ ആകും വിധം.
സന്നിധാനത്തും പമ്പയിലും ഉള്ള കടകളിലും ഹോട്ടലുകളിലും കൊക്കകോള കമ്പനി സമ്മര്‍ദം ചെലുത്തിയാണ് മെഷീനുകള്‍ സ്ഥാപിച്ചുവന്നിരുന്നത്. മറ്റ് ഉല്പന്നങ്ങള്‍ കമ്പനി പ്രതിനിധികള്‍ എടുത്തുമാറ്റിക്കുകയും ചെയ്തു. ലേല വ്യവസ്ഥകളില്‍ മാറ്റംവരുത്തിയത് ഉള്‍െപ്പടെയുള്ള കാര്യങ്ങളില്‍ ദേവസ്വംബോര്‍ഡിന്റെ ഉന്നതതലത്തില്‍ കമ്പനി ഇടപെടല്‍ നടത്തിയതായാണ് വിവരം. ശബരിമലയില്‍ കുപ്പിവെള്ളക്കച്ചവടം പൂര്‍ണമായും നിരോധിച്ച പശ്ചാത്തലത്തിലാണ് ശീതളപാനീയ വിപണിയിലെ ആഗോളകുത്തക ശബരിമലയിലേക്ക് കടന്നുവന്നത്.