ന്യൂഡല്‍ഹി: മതപണ്ഡിതന്‍ സാക്കിര്‍ നായിക്കിന്റെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. 5 വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഭീകരവിരുദ്ധ നിയമപ്രകാരം ഇന്നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതിനായുള്ള കരട് റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയിരുന്നു. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നല്‍കുകയായിരുന്നു. യുഎപിഎ പ്രകാരമാണ് നിരോധനം.
ആഭ്യന്തരമന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ ഭീകരത പ്രചരിപ്പിക്കുന്നു എന്നാരോപിക്കപ്പെടുന്ന രാജ്യാന്തര ചാനലായ പീസ് ടിവിയുമായി മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് ബന്ധമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. സംഘടനയുടെ ചെയര്‍മാനാണ് സാക്കിര്‍ നായിക്ക്. റിപ്പോര്‍ട്ടില്‍ മഹാരാഷ്ട്ര പോലീസിന്റെ നിഗമനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സാക്കിര്‍ നായിക്ക് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതായും തീവ്രവാദം പ്രോത്സാഹിപ്പിച്ചതായുമാണ് മഹാരാഷ്ട്ര പോലീസ് ആരോപിക്കുന്നത്. യുവാക്കളെ തീവ്ര ആശയങ്ങളിലേക്ക് നയിച്ചു എന്നാരോപിച്ച് സാക്കിര്‍ നായിക്കിനെതിരെ മഹാരാഷ്ട്ര പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതേ സമയം സാക്കിര്‍ നായിക്കിന്റെ സംഘടനകളുമായി ബന്ധമുള്ള കേരളത്തിലെ സംഘടനകള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും സൂചനകളുണ്ട്.