ദില്ലിയിൽ പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കാനാവില്ലെന്ന് ഹരിതട്രിബ്യൂണൽ. കേന്ദ്രസർക്കാർ നൽകിയി ഹർജി തള്ളികൊണ്ടാണ് ഹരിതട്രിബ്യൂണലിന്റെ ഉത്തരവ്. ജസ്റ്റിസ് സ്വന്തർ കുമാർ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസർക്കാറിന്റെ അപേക്ഷ തള്ളിയത്. ഡീസൽ വാഹനങ്ങൾ മാത്രമാണ് മലിനീകരണമുണ്ടാക്കുന്നതെന്നത് തെറ്റായ വാദമാണെന്നായിരുന്നു കേന്ദ്രസർക്കാർ ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്.ഡീസൽ വാഹനങ്ങൾ ഗുരുതരമായ പരിസ്ഥിതി മലിനീകരണമാണ് ഉണ്ടാക്കുന്നത് . ഇതിന്റെ ഫലമായാണ് ഡീസൽ കാറുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഒരു ഡീസൽ വാഹനം ഉണ്ടാക്കുന്ന മലിനീകരണം 24 പെട്രോൾ വാഹനങ്ങളും 40 സി.എൻ.ജി വാഹനങ്ങളും ഉണ്ടാക്കുന്ന മലിനീകരണത്തിന് തുല്യമാണ്. വര്‍ധിച്ചുവരുന്ന വായു മലിനീകരണത്തിന് പരിഹാരമെന്നോണമാണ് ദില്ലിയിൽ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കൊണ്ടുള്ള ഹരിത കോടതി ഉത്തരവിട്ടത്. ദില്ലിയിൽ നിലവില്‍ ഓടുന്ന 27 ലക്ഷം വാഹനങ്ങളില്‍ 5-6ലക്ഷം മാത്രമാണ് ഡീസല്‍ വാഹനങ്ങള്‍. ഇവയുടെ നിരോധനം മൂലം ദില്ലിയിൽ വായുമലിനീകരണത്തിന് കുറവുണ്ടാവുമെന്നാണ് വിലയിരുത്തല്‍.