ബംഗളൂരു സ്‌ഫോടന കേസ്; മദനിക്ക് വിചാരണ കോടതിയെ സമീപിക്കാം

ന്യൂഡല്‍ഹി: ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ ഏകീകരിക്കണമെന്ന മഅ്ദനിയുടെ ആവശ്യത്തില്‍ അദ്ദേഹത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി. മഅ്ദനി ഒരാഴ്ചക്കകം വിചാരണകോടതിയില്‍ അപേക്ഷ സമര്‍പ്പിക്കണം. മഅ്ദനിയുടെ അപേക്ഷയില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്നും വിചാരണകോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.വിചാരണ ഏകീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്.
പലതവണ സമന്‍സ് അയച്ചിട്ടും സാക്ഷികളെ ഹാജരാക്കി വിചാരണ നടത്താന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനും വിചാരണകോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. 16 തവണ സമന്‍സ് അയച്ചിട്ടും സാക്ഷിയായ പോലിസ് ഉദ്യോഗസ്ഥന്‍ ഹാജരായില്ലെന്ന മഅദനിയുടെ ആരോപണം കണക്കിലെടുത്താണ് കോടതി നിര്‍ദേശം. വിചാരണ പൂര്‍ത്തിയാക്കാന്‍ എത്ര സമയം എടുക്കുമെന്ന് അറിയിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.ഒമ്പത് കേസുകളിലെ സാക്ഷികളും പ്രതികളും ഒന്നായതിനാല്‍ വിചാരണ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മഅദനി സുപ്രീംകോടതിയെ സമീപിച്ചത്.

Top