ബംഗളൂരു: എറണാകുളത്തു നിന്ന് ബംഗളൂരുവിലെത്തിയ നാലു മലയാളിയുവാക്കളെ കെണിയില്‍പ്പെടുത്തി മര്‍ദിച്ച് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി. നഗരത്തില്‍നിന്ന് പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശിയായ റഷീദാണ് തട്ടിപ്പിന്റെ സൂത്രധാരന്‍. റഷീദിനെ കൂടാതെ ആറു ബംഗളൂരു സ്വദേശികളെയും കമ്മനഹള്ളി പൊലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായവരില്‍ ഒരു യുവതിയുമുണ്ട്. ബ്ലാക് മെയില്‍ തട്ടിപ്പാണ് നടന്നത്. വ്യാജ പൊലീസ് കളിച്ചായിരുന്നു ഇത്. ഇത്തരം സംഭവങ്ങള്‍ ബംഗളുരുവില്‍ കൂടുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതേരീതിയില്‍ എറണാകുളം സ്വദേശിയായ മറ്റൊരു യുവാവും തട്ടിപ്പിനിരയായിരുന്നു. അഞ്ചുലക്ഷം രൂപ ഇയാള്‍ക്ക് നഷ്ടപ്പെട്ടുവെന്നാണ് വിവരം.
ബംഗളൂരുവില്‍ ഫുട്ബോള്‍ സാമഗ്രികള്‍ വാങ്ങാനെത്തിയതാണ് എറണാകുളം വെങ്ങല സ്വദേശികള്‍. ശേഷാദ്രിപുരത്തെ ഹോട്ടലില്‍ താമസിച്ചിരുന്ന യുവാക്കളെ മുന്‍പരിചയത്തിന്റെ പേരില്‍ റഷീദ് കമ്മനഹള്ളിയി ചെളിക്കരയിലെ ഫ്‌ളാറ്റിലേക്ക് ഞായറാഴ്ച രാത്രി കൊണ്ടുപോയി. സ്ത്രീകളെ എത്തിച്ചു നല്‍കാമെന്നായിരുന്നു വാഗ്ദാനം.
രാത്രിയായപ്പോള്‍ നാലുയുവാക്കളും രണ്ടുയുവതികളും അവിടെ എത്തി. കുറച്ചുസമയത്തിനുശേഷം മറ്റു മൂന്നുപേര്‍ പൊലീസാണെന് വ്യാജേന അവിടെയെത്തി. അനാശാസ്യപ്രവര്‍ത്തനം നടക്കുന്ന വിവരം അറിഞ്ഞെത്തിയാണെന്ന് ഭീഷണിപ്പെടുത്തി യുവാക്കളോട് പണം ആവശ്യപ്പെട്ടു. പത്തുലക്ഷം രൂപ നല്‍കിയാല്‍ വിട്ടയ്ക്കാമെന്നായിരുന്നു ആവശ്യം.
പണം കൈവശമില്ലെന്നു വ്യക്തമാക്കിയതോടെ യുവാക്കളെ മര്‍ദിച്ചു. നഗ്നരാക്കി നിര്‍ത്തി യുവതികള്‍ക്കൊപ്പം ഫോട്ടോയെടുത്തു. തുടര്‍ന്ന് ഇവരുടെ പക്കലുണ്ടായിരുന്ന 89,000 രൂപ, മൊബൈല്‍ഫോണ്‍, എട്ടുപവന്റെ സ്വര്‍ണാഭരണങ്ങള്‍ എന്നിവ തട്ടിയെടുത്തു. മര്‍ദിച്ചവശരാക്കിയശേഷം യുവാക്കളെ നഗരപ്രാന്തപ്രദേശത്തു കൊണ്ടുപോയി വിട്ടു. തിങ്കളാഴ്ച രാവിലെ കമ്മനഹള്ളിയിലെത്തിയ യുവാക്കള്‍ വിവരം കെ.എം.സി.സി. പ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്നുനടത്തിയ തിരച്ചിലില്‍ ചെളിക്കരയിലെ ഫ്‌ളാറ്റ് കണ്ടെത്തി.
യുവാക്കളുടെ പരാതിയെത്തുടര്‍ന്ന് കമ്മനഹള്ളി പൊലീസ് സ്ഥലത്തെത്തി തട്ടിപ്പുസംഘത്തെ അറസ്റ്റുചെയ്യുകയായിരുന്നു. അറസ്റ്റിലായത് നിരവധി ക്രിമിനല്‍കേസില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.