ബംഗളൂരു: പട്ടാപ്പകൽ യുവാവ് നാട്ടുകാരുടെ മുന്നിലിട്ട് കാമുകിയെ കുത്തികൊന്നു. ബംഗളൂരുവിലെ മുരുകേഷ്‌പാല്യയിൽ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.
ആന്ധ്രാപ്രദേശിലെ കകിനാദ സ്വദേശി ലീല പവിത്ര നാലാമതി (25) ആണ് കൊല്ലപ്പെട്ടത്. മുരുകേഷ്‌പാല്യയിലെ ഒമേഗ ഹെൽത്ത് കെയർ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന യുവതിയുടെ ഓഫീസിന് മുന്നിലായിരുന്നു സംഭവം.
യുവതിയുടെ കാമുകൻ ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശിയും മറ്റൊരു ഹെൽത്ത് കെയർ കമ്പനിയിലെ ജീവനക്കാരനുമായ ദിനകർ ബനാല (28) കൊലക്കുറ്റത്തിന് അറസ്റ്റിലായി.
ഒരേ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന സമയത്താണ് ലീലയും ദിനകറും കണ്ടുമുട്ടുന്നത്. അഞ്ചുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ദിനകർ മറ്റൊരു ജാതിയിൽപ്പെട്ടയാളായതിനാൽ ലീലയുടെ വീട്ടുകാർ ബന്ധത്തെ എതിർത്തു. തുടർന്ന് വീട്ടുകാർ ബന്ധത്തിന് എതിരാണെന്നും അവരുടെ തീരുമാനം അനുസരിക്കുമെന്നും ലീല ദിനകറിനെ അറിയിക്കുകയായിരുന്നു.