സ്‌പോട്‌സ് ഡെസ്‌ക്
ലോകകപ്പ് ട്വന്റി20യിൽ നടന്ന ഇന്ത്യബംഗ്ലാദേശ് മത്സരം ഒത്തുകളിയെന്ന ആരോപണവുമായി മുൻ പാക് ക്രിക്കറ്റ് താരം തൗസീഫ് അഹമ്മദ്. മത്സരവുമായി ബന്ധപ്പെട്ട് തനിക്ക് ചില സംശയങ്ങളുണ്ടെന്നും ഇക്കാര്യം ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷിക്കണമെന്നും പാക് ടീമിലെ സ്പിന്നർ കൂടിയായിരുന്ന തൗസീഫ് ആവശ്യപ്പെടുന്നു. പാകിസ്താൻ എ ടീമിന്റെ പരിശീലകൻ കൂടിയായ തൗസീഫ് 34 ടെസ്റ്റുകളും 70 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.
ഇന്ത്യ ബംഗ്ലാദേശ് മത്സരം അവസാനിച്ചത് ശരിയായ രീതിയല്ലെന്ന് തനിക്ക് ആക്ഷേപമുണ്ട്. അവസാന നിമിഷങ്ങളിൽ എന്തോ തിരിമറി നടന്നിട്ടുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് തൗസീഫിന്റെ ആവശ്യം. അവസാന നിമിഷം അവസാന ബോളിലാണ് ബംഗ്ലാദേശിനെ വിജയം കൈവിട്ടത്. ക്രീസിൽ ബംഗ്ലാദേശിന് വേണ്ടി ഇറങ്ങിയ താരങ്ങളെല്ലാം നല്ല പരിചയമുള്ളവർ തന്നെയായിരുന്നു. പരിചയക്കുറവുള്ള കളിക്കാരല്ല ടീമിലുള്ളത്. തീർച്ചയായും ബംഗ്ലാദേശ് ടീം ജയിക്കേണ്ടിയിരുന്ന കളി അവസാനനിമിഷം എങ്ങനെ മാറി മറിഞ്ഞുവെന്നത് തീർച്ചയായും അന്വേഷണ വിധേയമാക്കേണ്ടതാണെന്ന് തൗസീഫ് പറയുന്നു.
ട്വന്റി 20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ഇന്ത്യ ബംഗ്ലാദേശ് പോരാട്ടം. ഒരു റണ്ണിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തോൽപ്പിച്ചത്. മൂന്നു പന്തിൽ ജയിക്കാൻ ഒരു റൺസ് വേണ്ടിയിരുന്ന ബംഗ്ലാദേശ് അവസാന മൂന്നു പന്തിലും വിക്കറ്റ് നഷ്ടപ്പെടുത്തി പരാജയപ്പെടുകയായിരുന്നു.