മാസങ്ങളായി അടഞ്ഞുകിടന്ന വീടിന്റെ ചുവരലമാരയിൽ വയോധികയുടെ ജീർണിച്ച അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ എൻജിനീയറിങ് വിദ്യാർഥി പിടിയിൽ. മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച നന്ദിഷ(21)യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശാന്തകുമാരി(69)യുടെ മൃതദേഹമാണ് ഈ മാസം ഏഴിനു കെംഗേരിയിലെ വീട്ടിൽ കണ്ടെത്തിയത്. ഭക്ഷണം വലിച്ചെറിഞ്ഞെന്നാരോപിച്ചു മകൾ ശശികല(42)യാണ് ഇവരെ കൊലപ്പെടുത്തിയതെന്നും മകൻ സഞ്ജയ്(21), സുഹൃത്ത് നന്ദിഷ എന്നിവരുടെ സഹായത്തോടെയാണു മൃതദേഹം ചുവരലമാരയിൽ ഒളിപ്പിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ഡപ്യൂട്ടി കമ്മിഷണർ (വെസ്റ്റ്) എം.എൻ.അനുചേത് പറഞ്ഞു.
ദുർഗന്ധം വമിക്കാതിരിക്കാൻ മൃതദേഹം ചാക്കിലാക്കി മണ്ണും കരിക്കട്ടയും നിറച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു സംഭവം. ഇതിനുശേഷം ഏഴുമാസത്തോളം ഇവിടെ താമസിച്ച ശശികലയും മകനും ഫെബ്രുവരിയിലാണ് വീട് അടച്ചിട്ടു പോയത്. ഈ മാസമാദ്യം വീട് പരിശോധിക്കാനെത്തിയ വീട്ടുടമ നവീൻ ഇവിടെനിന്നു ദുർഗന്ധം വമിച്ചതിനേത്തുടർന്നു പൊലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ പരിശോധനയിലാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണു ശശികലയും സഞ്ജയും കുബ്ലഗോഡ് നിവാസി നന്ദിഷയുമായി ഫോണിൽ ബന്ധപ്പെടാറുണ്ടെന്നു കണ്ടെത്തിയത്.
2014ൽ എൻജിനീയറിങ്ങിനു പഠിക്കവെ നന്ദിഷയും സഞ്ജയും സഹപാഠികളായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തെക്കുറിച്ചുള്ള ചുരുൾ അഴിഞ്ഞത്. ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയും ഇതു വലിച്ചെറിയുകയും ചെയ്തതിൽ രോഷാകുലയായ ശശികല ചപ്പാത്തി പരത്താൻ ഉപയോഗിക്കുന്ന റോളിങ് പിൻ ഉപയോഗിച്ചു ശാന്തകുമാരിയുടെ തലയ്ക്കടിക്കുകയും രക്തം വാർന്ന് ഇവർ മരിക്കുകയും ചെയ്തു. പരിഭ്രാന്തയായ ശശികല മകനെ വിവരമറിയിച്ചു. ഇരുവരും ശുചിമുറിയിൽ രണ്ടുദിവസം മൃതദേഹം സൂക്ഷിച്ചശേഷമാണു തന്റെ സഹായം തേടിയതെന്നു നന്ദിഷയുടെ മൊഴിയിൽ പറയുന്നു. കടയിൽനിന്നു പ്ലാസ്റ്റിക് വീപ്പ വാങ്ങിയ ഇവർ മൃതദേഹം വീപ്പയിലാക്കി മണ്ണും കരിക്കട്ടയും നിറച്ചശേഷം വിജനമായ സ്ഥലത്ത് ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതോടെയാണു മൃതദേഹം ചുവരലമാരയിൽ അടക്കം ചെയ്തത്. ആർക്കും സംശയം തോന്നാതിരിക്കാൻ ഭിത്തി പെയിന്റടിക്കുകയും ചെയ്തു. ശാന്തകുമാരി എവിടെപ്പോയെന്ന് അന്വേഷിച്ചവരോടു ചികിൽസയ്ക്കായി ശിവമൊഗ്ഗയിൽ ആണെന്ന മറുപടിയും നൽകി. ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനെ കാണാൻ പോവുകയാണെന്നു പറഞ്ഞാണ് ഇവർ ഫെബ്രുവരിയിൽ വീടു പൂട്ടി പോയത്. പോകുന്നതിനു മുൻപു വീട്ടുടമയോട് അൻപതിനായിരം രൂപയും വാങ്ങി. ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽനിന്നു സഞ്ജയും പണം വാങ്ങിയിരുന്നു. ഒളിവിലുള്ള ഇവരേക്കുറിച്ചു സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.