ന്യൂഡല്‍ഹി: 2016 ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ ഒമ്പതുവരെയുള്ള സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപത്തിന്‍െറ വിശദാംശങ്ങള്‍ നല്‍കാന്‍ ആദായ നികുതി വകുപ്പ് ബാങ്കുകളോട് ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കലിന് മുമ്പുള്ള ഇടപാടുകള്‍ പരിശോധിക്കുന്നതിന്‍െറ ഭാഗമായാണിത്.
സഹകരണ ബാങ്കുകളും പോസ്റ്റ് ഓഫിസുകളും കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ നവംബര്‍ ഒമ്പതു വരെയുള്ള നിക്ഷേപങ്ങളുടെ വിവരങ്ങള്‍ നല്‍കണം. നേരത്തേ, 2016 നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ സേവിങ്സ് അക്കൗണ്ടുകളില്‍ 2.5 ലക്ഷത്തിനു മുകളിലും കറന്‍റ് അക്കൗണ്ടുകളില്‍ 12.50 ലക്ഷത്തിന് മുകളിലുമുള്ള നിക്ഷേപത്തിന്‍െറ കണക്ക് നല്‍കാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
ഫെബ്രുവരി 28നകം ഇടപാടുകാരുടെ പെര്‍മനന്‍റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ശേഖരിക്കണമെന്നും ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പാന്‍ ലഭ്യമല്ലാത്തവരില്‍നിന്ന് ഫോറം 60 വാങ്ങണമെന്ന് വ്യവസ്ഥചെയ്ത് ആദായനികുതി നിയമം ഭേദഗതി ചെയ്തതായും പ്രത്യക്ഷനികുതി ബോര്‍ഡ് വിജ്ഞാപനത്തില്‍ പറയുന്നു. അക്കൗണ്ട് തുടങ്ങുമ്പോള്‍ പാന്‍ അല്ളെങ്കില്‍ ഫോം 60 നല്‍കാത്തവരാണ് ഇത് നല്‍കേണ്ടത്. ജന്‍ധന്‍ അക്കൗണ്ടുള്‍പ്പെടെ അടിസ്ഥാന സേവിങ്സ് ബാങ്ക് നിക്ഷേപ അക്കൗണ്ടുകള്‍ക്ക് ഇത് ബാധകമല്ല.