പാതയോരത്തെ മദ്യശാലാ നിരോധനത്തെ മറികടക്കാന്‍ രാഷ്ട്രപതിയെ സമീപിക്കാന്‍ നീക്കം; സംസ്ഥാനങ്ങളുടെ സാമ്പത്തിക മേഖല തകരുന്നതിനാല്‍ കേന്ദ്ര ഇടപെടല്‍

പാതയോരത്തെ മദ്യശാലാ നിരോധനത്തിനെ മറികടക്കാന്‍ രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഭരണ ഘടനയുടെ143 അനുഛേദപ്രകാരം രാഷ്ടപതിയുടെ റഫറന്‍സിന് കേന്ദ്രം നടപടി എടുക്കും. നിരവധി സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക രംഗത്തും വിനോദ സഞ്ചാര രംഗത്തും പ്രതിസന്ധി ഉണ്ടാക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിക്ക് കേന്ദ്രം ആലോചിക്കുന്നത്.

സുപ്രീം കോടതി വിധിക്കെതിരെ നിയമപരമായി അവശേഷിക്കുന്ന നടപടി രാഷ്ട്രപതിയുടെ റഫറന്‍സ് മാത്രമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അറ്റോര്‍ണി ജനറലുമായി കൂടിയാലോചന നത്തിയിട്ടുണ്ട്. ഭരണഘടനയുടെ 143 അനുച്ഛദം പ്രകാരം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാലാണ് കേന്ദ്രസര്‍ക്കാരിന് ഇത്തരത്തില്‍ നടപടി സ്വീകരിക്കാനാകുക. അങ്ങനെ ആവശ്യപ്പെടുകയാണെങ്കില്‍ റഫറന്‍സിന് കേന്ദ്രം നടപടി സ്വീകരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മദ്യശാല വിഷയത്തില്‍ സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ് വന്ന സാഹചര്യത്തിലാണ് ഇതിനൊരു പോംവഴി എന്ന നിലയില്‍ രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്രം വഴി തേടുന്നത്. അതോടൊപ്പം തന്നെ ഉത്തരവിനെതിരെ സംസ്ഥാനങ്ങളും ബാറുകളും ഹോട്ടലുകളും സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുകയാണെങ്കില്‍ കേന്ദ്രം പിന്തുണയ്ക്കാനും സാധ്യതയുണ്ട്.

പൊതുപ്രാധാന്യമുള്ള ഏതെങ്കിലും വിഷയം സുപ്രീംകോടതിയുടെ ‘റഫറന്‍സിന്’ വിടാന്‍ രാഷ്ട്രപതിക്ക് അധികാരമുള്ള ഭരണഘടനയുടെ 143ാം വകുപ്പനുസരിച്ചാണ് നടപടി സ്വീകരിക്കുക. രാഷ്ട്രപതി മുഖേന സര്‍ക്കാര്‍ ചോദിക്കുന്ന വിശദീകരണങ്ങള്‍ക്കും സംശയങ്ങള്‍ക്കും അവ സാങ്കല്പികമല്ലെങ്കില്‍ സുപ്രീംകോടതി മറുപടി നല്‍കണം.

സുപ്രീംകോടതിക്ക് ‘പ്രസിഡന്‍ഷ്യല്‍ റഫറന്‍സ്’ നല്‍കിയ സന്ദര്‍ഭങ്ങള്‍ മുമ്പ് ഒട്ടേറെ തവണ ഉണ്ടായിട്ടുണ്ട്. പൊതുപ്രാധാന്യമുള്ള വിഷയത്തില്‍ രാഷ്ട്രപതി സുപ്രീംകോടതിയോട് വ്യക്തത ആവശ്യപ്പെട്ടാല്‍ കോടതി മൂന്നംഗ ബെഞ്ചോ അഞ്ചംഗ ബെഞ്ചോ രൂപവത്കരിച്ച് വിഷയം വീണ്ടും പരിശോധിക്കും. കേസിലുള്‍പ്പെട്ട കക്ഷികളുമായോ വിദഗ്ധരുമായോ കോടതിക്ക് കൂടിയാലോചന നടത്താം.

സാധാരണഗതിയില്‍ കോടതി രാഷ്ട്രപതിയുടെ റഫറന്‍സ് പരിഗണിക്കുമെങ്കിലും അഭിപ്രായം പറയാതെ തിരിച്ചയച്ച സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. നേരത്തേ അയോധ്യാ കേസില്‍ 1993ല്‍ നരസിംഹറാവു സര്‍ക്കാര്‍ സുപ്രീംകോടതിയുടെ റഫറന്‍സ് ആവശ്യപ്പെട്ടപ്പോഴാണ് അഭിപ്രായം പറയാതെ അത് രാഷ്ട്രപതിക്ക് തിരിച്ചയച്ചത്. അയോധ്യയില്‍ തര്‍ക്കമന്ദിരം പണിയുന്നതിനുമുമ്പ് ആ സ്ഥാനത്ത് ഹൈന്ദവ ആരാധനാലയം നിലനിന്നിരുന്നോ എന്ന വിഷയത്തിലാണ് അന്ന് രാഷ്ട്രപതി കോടതിയുടെ അഭിപ്രായം ആരാഞ്ഞത്. എന്നാല്‍, 1994 ഒക്ടോബറില്‍ കോടതി അത് തിരിച്ചയച്ചു. 2004ല്‍ പഞ്ചാബും ഹരിയാണയും തമ്മിലുള്ള ജലതര്‍ക്കത്തിലും കേന്ദ്രം സുപ്രീംകോടതിയുടെ അഭിപ്രായം തേടിയിരുന്നു. 1973ല്‍ പ്രത്യേക കോടതി ബില്‍ സംബന്ധിച്ചും കേന്ദ്രം രാഷ്ട്രപതി മുഖേന സുപ്രീംകോടതിയുടെ വിശദീകരണം തേടി.

Top