കൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി മാണിയ്‌ക്കെതിരായ ഹൈക്കോടതി വിധിക്കു സര്‍ക്കാര്‍ വഴിയൊരുക്കുകയായിരുന്നെന്നു കേരള കോണ്‍ഗ്രസിന്റെ ഗുരുതരമായ ആരോപണം. ഹൈക്കോടതിയിലെ ഏറ്റവും അപകടകാരിയായ ജഡ്ജി കമാല്‍ പാഷയുടെ ബൈഞ്ചില്‍ തന്നെ ബാര്‍ കോഴക്കേസ് എത്തിച്ചതിനു പിന്നില്‍ സര്‍ക്കാര്‍ തലത്തിലെ തന്നെ ഗൂഡാലോചനയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വിജിലന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ചത് മന്ത്രി മാണിയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍, ഒരു തരത്തിലും മാണി രക്ഷപെടെരുതെന്ന ഉദ്യേശ്യത്തോടെയാണ് ബാര്‍ കോഴക്കേസ് കമാല്‍ പാഷയുടെ ബഞ്ചിലേക്കു കൊണ്ടെത്തിച്ചതെന്നാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. ഇത്തരം കേസുകള്‍ കയ്യില്‍ക്കിട്ടിയാല്‍ രാഷ്ട്രീയക്കാരെ വലിച്ചു കീറുന്നതാണ് ജഡ്ജി കമാല്‍ പാഷയുടെ രീതിയെന്നു ഹൈക്കോടതിയിലെ വിദഗ്ധരായ അഭിഭാഷകര്‍ പറയുന്നു. അഡ്വക്കേറ്റ് ജനറല്‍ ഇ.പി ദണ്ഡപാണിക്കും ഇതു സംബന്ധിച്ചു വ്യക്മായി അറിയാം.
എന്നിട്ടും ഇദ്ദേഹത്തിന്റെ ബഞ്ചില്‍ തന്നെ കേസ് എത്തിച്ചതാണ് കേരള കോണ്‍ഗ്രസിനെച്ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം കേസ് ആദ്യം വേണമെങ്കില്‍ ഡിവിഷന്‍ബെഞ്ചില്‍ എത്തിക്കാമായിരുന്നു. എന്നാല്‍, അതിനു ശ്രമിക്കാതെ കമാല്‍ പാഷയുടെ ബെഞ്ച് തന്നെ തിരഞ്ഞെടുപിടിച്ച ഹര്‍ജി എത്തിക്കുന്നതിനാണ് എജി ശ്രമിച്ചതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഇതേ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുടെ മകനും എംപിയുമായ ജോസ് കെ.മാണി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും, രമേശ് ചെന്നിത്തലയെയും കണ്ട് ഇതേ രീതീയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സര്‍ക്കാരിനു രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ഭീഷണിയും കേരള കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ത്തിയിട്ടുണ്ട്.