ബാര്‍ കോഴ കേസില്‍ യുഡിഎഫിന് കെ.എം. മാണിയെ ഇനിയും ചുമക്കാനാവില്ലെന്നും, കേസില്‍ മുഖ്യമന്ത്രി ഉടന്‍ തീരുമാനമെടുക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍. ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ നേതൃത്വത്തെ തിരുത്തേണ്ടിവരുമെന്നും സതീശന്‍ പറഞ്ഞു.ടി.എന്‍. പ്രതാപനും മാണിയുടെ രാജി ആവശ്യപ്പെട്ടു. മാണി രാജിവച്ചു മാതൃകകാണിക്കണമെന്നായിരുന്നു പ്രതാപന്റെ പ്രതികരണം.
അതിനിടെബാര്‍ക്കോഴക്കേസില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധിയുടെ സാഹചര്യത്തില്‍ ധനമന്ത്രി കെ.എം മാണിക്ക് മാത്രമല്ല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേനത്തില്‍ പറഞ്ഞു.
‘സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണം’ എന്നാണ് കോടതി നടത്തിയ പരാമര്‍ശം. ഇത് മുഖ്യമന്ത്രിയുടെ നിരപരാധിത്വം പോലും ചോദ്യം ചെയ്യുന്ന പരാമര്‍ശമാണ് – കോടിയേരി ചൂണ്ടിക്കാട്ടി.കേസിന്റെ തുടക്കം മുതല്‍ മാണിയെ വഴിവിട്ട് സഹായിച്ചു കൊണ്ടിരിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. കേസിന്റെ ആവശ്യങ്ങള്‍ക്കായി സുപ്രീംകോടതിയിലെ അഭിഭാഷകരുടെ സേവനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവഴിച്ച തുക മാണിയില്‍നിന്ന് തിരിച്ചുപിടിക്കണമെന്നും കൊടിയേരി ആവശ്യപ്പെട്ടു.
വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ വരെ മുഖ്യമന്ത്രിയുടെ സ്വാധീനമുണ്ടെന്ന് കൊടിയേരി പറഞ്ഞു. ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പൊതുഭരണ വകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പൊതുഭരണ വകുപ്പാകട്ടെ മുഖ്യമന്ത്രിക്ക് കീഴിലും. ഈ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഉണ്ടാക്കിയതാണെന്ന് ഉറപ്പാണ്.
കേസില്‍ വിജിലന്‍സ് ഡയറക്ടറെ മുഖ്യമന്ത്രി വിദഗ്ധമായി ഉപയോഗിക്കുകയായിരുന്നു. വിജിലന്‍സ് ഡയറക്ടറെക്കൊണ്ട് തെറ്റായ തീരുമാനമെടുപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്നും കൊടിയേരി പറഞ്ഞു.