ബാറില്‍ അടിതെറ്റി യുഡിഎഫ്; വീണത് രണ്ടു പ്രമുഖര്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് പോരാട്ടത്തില്‍ ബാറുകള്‍ എല്ലാം പൂട്ടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീരുമാനിക്കുമ്പോള്‍ സര്‍ക്കാരിനെയും യുഡിഎഫിനെയും വിഴുങ്ങാന്‍ കാത്തിരുന്ന ഭൂതത്തെയാണ് കുപ്പിയില്‍ നിന്നു തുറന്നു വിട്ടിരുന്നത്.
ഒന്നേകാല്‍ വര്‍ഷം കൊണ്ട് യുഡിഎഫിനെ വേട്ടയാടുന്ന ബാര്‍കോഴ വിവാദം കേരള രാഷ്ട്രീയത്തിലെ രണ്ട് പ്രബല നേതാക്കന്മാരുടെ പതനത്തിന് വഴി തെളിച്ചു. 50 വര്‍ഷം പാലയില്‍ എതിരില്ലാതെ മുന്നേറിയ കെ.എം. മാണിക്കും 25 വര്‍ഷം തൃപ്പൂണിത്തുറയില്‍ അപരാജിതനായ കെ. ബാബുവിനും അടിപതറിയ ബാര്‍ കോഴ വിവാദത്തിന്റെ തുടക്കം 2014 ഒക്‌ടോബറില്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പുതിയ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ കടന്നുവരവ് ഇരുവര്‍ക്കും ശനിദശയായി.

മദ്യവര്‍ജ്ജനനയം വേണമെന്ന നിലപാടുമായി വി.എം. സുധീരന്‍ തുടങ്ങിവച്ച തീപ്പൊരി തങ്ങളുടെ പാളയത്തില്‍ പടര്‍ന്നുകത്തുന്ന അഗ്‌നിഗോളമായി മാറുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പോലും കരുതിയില്ല. ബാറുകള്‍ പൂട്ടാന്‍ തീരുമാനമെടുത്തതിന് പിന്നാലെയുള്ള ചര്‍ച്ചക്കിടെയാണ് 2014 ഒക്‌ടോബര്‍ 31ന് പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ബാറുടമകളില്‍ നിന്ന് മന്ത്രി കെ.എം മാണി ഒരു കോടി രൂപവാങ്ങിയെന്ന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന ബിജുരമേശ് ഒരു ചാനലില്‍ തുറന്ന് പറഞ്ഞത്. സംഭവം വിവാദമായതോടെ ആരോപണം അന്വേഷിക്കാന്‍ വിജിലന്‍സിലെ ചുമതലപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2014 നവംബര്‍ രണ്ടിന് ബാര്‍ കോഴ ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുന്നതിന് നിയമോപദേശം തേടാനും അത് അംഗങ്ങളുമായി ചര്‍ച്ച ചെയ്യാനും ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.നാലിന് ഗൂഢാലോചനയെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷിക്കാനും ബിജു രമേശിനെതിരെ നിയമനടപടി സ്വീകരിക്കാനും കേരള കോണ്‍ഗ്രസ് തീരുമാനം. ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് ക്വിക് വെരിഫിക്കേഷന്‍ ആരംഭിച്ചു. അഞ്ചിന് കൊച്ചിയില്‍ ബാറുടമകളുടെ യോഗം. നാലു വര്‍ഷത്തിനിടെ പല നേതാക്കള്‍ക്കുമായി 20 കോടിരൂപ നല്‍കിയെന്ന വിവരം പുറത്താകുന്നു.

ഏഴിന് ക്വിക് വെരിഫിക്കേഷന്‍ നടത്തുന്ന വിജിലന്‍സ് സംഘത്തിന് മുന്നില്‍ ബിജു രമേശ് മൊഴി നല്‍കി. അടച്ച ബാറുകള്‍ തുറക്കാന്‍ അഞ്ചുകോടിരൂപ ആവശ്യപ്പെട്ടെന്നും ഒരുകോടി രൂപ മുന്‍കൂറായി നല്‍കിയെന്നും വെളിപ്പെടുത്തല്‍. എട്ടിന് അന്വേഷണം അട്ടിമറിക്കുകയാണെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ബിജു രമേശ്. ആരോപണങ്ങളുടെ പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ കേരള കോണ്‍ഗ്രസ് എം ഏഴംഗസമിതി രൂപവത്കരിച്ചു. ഒമ്പതിന് ബിജുവിന്റെ ഡ്രൈവര്‍ അമ്പിളി, ഹോട്ടല്‍ മാനേജര്‍ ശ്യാം മോഹന്‍ എന്നിവരുടെ മൊഴിയെടുത്തു. 10ന് കോഴക്കേസിന്റെ അന്വേഷണപുരോഗതി അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. 11ന് ബിജു രമേശിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രി കെ.എം. മാണിയുടെ വക്കീല്‍ നോട്ടീസയക്കുന്നു. 25ന് മാണിയുടെ മൊഴിയെടുത്തു. ബാറുടമകളില്‍ നിന്നും പണം കൈപ്പറ്റിയിട്ടില്ലെന്നു മൊഴി.

ഡിസംബര്‍ ഒന്നിന് കോഴക്കേസില്‍ നിയമസഭ സ്തംഭിച്ചു. വി. ശിവന്‍കുട്ടിയെ സഭ പിരിയുംവരെ സസ്‌പെന്‍ഡ് ചെയ്തു. നാല് എംഎല്‍എമാര്‍ക്കു താക്കീത്.രണ്ടിന് വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ ഇടപെടില്ലെന്നു ഹൈക്കോടതി. 10ന് ബാര്‍ കോഴയില്‍ കെ.എം. മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. എസ്പി ആര്‍. സുകേശന് അന്വേഷണ ചുമതല. 18ന് കെ.എം. മാണിക്കു പുറമെ നാല് ഉന്നതര്‍ക്കുകൂടി പണം നല്‍കിയതായി ബിജു രമേശ് വെളിപ്പെടുത്തുന്നു.

2015 ജനുവരി 20ന് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഭാരവാഹി അനിമോന്‍ കോഴ ഇടപാട് സ്ഥിരീകരിക്കുന്നതിന്റെ ശബ്ദരേഖ പുറത്താകുന്നു ജനുവരി 28ന് നാലു കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കോഴ വാങ്ങിയെന്ന് ബിജുരമേശ് വെളിപ്പെടുത്തുന്നു.

മാര്‍ച്ച് 30ന് ബിജു രമേശിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്താതിരിക്കാന്‍ മന്ത്രി കെ. ബാബുവിന് 10 കോടി രൂപ കോഴ നല്‍കിയെന്ന് വെളിപ്പെടുത്തല്‍. വി.എസ്. ശിവകുമാറിനെതിരെ തെളിവുണ്ടെന്നും പരാമര്‍ശം.
ഏപ്രില്‍ 22ന് ബിജു രമേശിന്റെ 30 പേജുള്ള രഹസ്യമൊഴി പുറത്ത്.ഏപ്രില്‍ 28ന് മന്ത്രി കെ. ബാബുവിനെതിരെ പ്രത്യേക കേസു വേണ്ട, അന്വേഷണമാകാമെന്നു നിയമോപദേശം. അന്വേഷണ റിപ്പോര്‍ട്ട് എതിരായാല്‍ സാങ്കേതികത്വത്തില്‍ പിടിച്ചു തൂങ്ങില്ലെന്നു കെ.ബാബു പറഞ്ഞു. 29ന് മന്ത്രി കെ. ബാബുവിനെതിരെ ക്വിക് വെരിഫിക്കേഷന്‍ നടത്താന്‍ വിജിലന്‍സ് തീരുമാനം.

മേയ് എട്ടിന് മന്ത്രി കെ.എം. മാണിയെ ചോദ്യം ചെയ്തു.11ന് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിക്ക് നുണപരിശോധന നടത്താന്‍ അനുമതി. 26ന് നുണപരിശോധനാ ഫലത്തിന്റെ പകര്‍പ്പു പുറത്ത്. 15 ചോദ്യങ്ങളില്‍ 13 എണ്ണത്തിനും അമ്പിളി പറഞ്ഞ ഉത്തരം സത്യമെന്നു തെളിഞ്ഞു. 27ന് അന്വേഷണം പൂര്‍ത്തിയാക്കി വസ്തുതാ വിവര റിപ്പോര്‍ട്ട് നിയമോപദേശത്തിനായി കൈമാറി. 29ന് അന്വേഷണം പൂര്‍ത്തിയായതായി വിജിലന്‍സ് എസ്പി കോടതിയെ അറിയിച്ചു.

ജൂണ്‍ ആറിന് കെ.ബാബുവിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. കെ.എം. മാണിക്കെതിരെ കേസ് നിലനില്‍ക്കില്ലെന്നു നിയമോപദേശം.എസ്പി അന്തിമറിപ്പോര്‍ട്ട് എഡിജിപിക്കു കൈമാറി. ജൂണ്‍ 27ന് വിജിലന്‍സ് ഡയറക്ടര്‍ വസ്തുതാവിവര റിപ്പോര്‍ട്ട് എസപിക്ക് കൈമാറുന്നു. റിപ്പോര്‍ട്ടു കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം.

ജൂലൈ ഏഴിന് എസ്പി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ഒന്‍പത് ഹര്‍ജികളും അനുകൂലിച്ച് ഒരു ഹര്‍ജിക്കാരനും.ഒമ്പതിന് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ലെന്നും തുടരന്വേഷണം വേണമെന്നും ഹര്‍ജിക്കാരുടെ വാദം. 10ന് കെ. ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്. 11ന് റിപ്പോര്‍ട്ട് ഡയറക്ടര്‍ അംഗീകരിച്ചു. തുടര്‍ നടപടികള്‍ റദ്ദാക്കി. ബിജു രമേശിനെതിരെ കെ. ബാബുവിന്റെ മാനനഷ്ടക്കേസ്. ബാബുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ലോകായുക്തയില്‍ പൊതുതാല്‍പര്യ ഹര്‍ജി.

ഒക്‌ടോബര്‍ 29ന് കേസില്‍ തുടന്വഷണത്തിന് ഉത്തരവ്.
നവംബര്‍ ആറിന് കോടതി ഉത്തരവിനെതിരെ വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചു. വിജിലന്‍സ് ഡയറക്ടര്‍ക്ക് രൂക്ഷവിമര്‍ശനം. ഒന്‍പതിന് കെ.എം. മാണിക്കെതിരെ രൂക്ഷവിമര്‍ശങ്ങളുമായി തുടരന്വേഷണത്തിന് അനുമതി.വിജിലന്‍സ് ഡയറക്ടര്‍ക്കും വിമര്‍ശനം.നവംബര്‍ 10ന് ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കെ.എം.മാണിയുടെ രാജി.
ഡിസംബര്‍ ഒന്‍പതിന് കെ. ബാബുവിനും ബിജു രമേശിനുമെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്.

ജനുവരി ഏഴിന് കെ. ബാബുവിനെതിരെ എന്തുകൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ഹൈക്കോടതി ചോദിക്കുന്നു. ജനുവരി 18ന് വിജിലന്‍സ് വിജിലന്റ് അല്ലെന്നു ഹൈക്കോടതി. കെ. ബാബുവിനെതിരായ അന്വേഷണത്തിന് മറ്റൊരു ഏജന്‍സിയെ ആലോചിക്കേണ്ടി വരുമെന്നും ഹൈക്കോടതി ജസ്റ്റിസ് കമാല്‍ പാഷ. ജനുവരി 23ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡയറക്ടര്‍ കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. വൈകിട്ട് 3.45 ഓടെ എറണാകുളം പ്രസ്‌ക്ലബ്ബില്‍ കെ. ബാബുവിന്റെ രാജി പ്രഖ്യാപനം.

Top