ബാര്‍ കോഴക്കേസില്‍ മാണി മുതിര്‍ന്ന അഭിഭാഷകരെ കണ്ടു.കെ.എം മാണി സുപ്രീംകോടതിയിലേയ്ക്ക്?

ന്യൂഡല്‍ഹി : ബാര്‍ കോഴക്കേസില്‍ രാജിവെച്ച മുന്‍ മന്ത്രി കെ.എം മാണി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് സൂചന. ഇതിനായി മാണി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നും നിയമോപദേശം തേടിയതായാണ് റിപ്പോര്‍ട്ട്. സീനിയര്‍ അഭിഭാഷകരായ മഹേഷ് ജഠ്മലാനി, ഗോപാല്‍ സുബ്രഹ്മണ്യം കേരളാ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് ബസന്ത് എന്നിവരില്‍ നിന്നും മാണി നിയമോപദേശം തേടിയതായാണ് സൂചന.മാണിയുടെ വാദങ്ങള്‍ കേള്‍ക്കാതെയാണ് ഹൈക്കോടതി, പരാമര്‍ശം നടത്തിയത് എന്നതിനാല്‍ സുപ്രീംകോടതിയെ സമീപിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാട് അഭിഭാഷകര്‍ സ്വീകരിച്ചതായാണ് സൂചന. എന്നാല്‍ രാഷ്ട്രീയ കൂടിയാലോചനകള്‍ക്കു ശേഷം മാത്രമേ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്ന് മാണിയോട് അടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.

ബാര്‍ കോഴക്കേസിലെ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് കെ.എം മാണി ധനമന്ത്രി സ്ഥാനം രാജിവെച്ചത്. ഈ പരാമര്‍ശം നീക്കി കിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കാമെന്ന് മഹേഷ് ജഠ്മലാനിയും ബസന്തും നിയമോപദേശം നല്‍കിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ബാര്‍കേസില്‍ ശക്തമായ വിമര്‍ശനമായിരുന്നു ഹൈക്കോടതി മാണിയ്‌ക്കെതിരെ നടത്തിയത്. തുടരന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള വിജിലന്‍സ് കോടതി വിധിയില്‍ ഇടപെടാനും ഹൈക്കോടതി വിസമ്മതിച്ചിരുന്നു. വിധി പ്രസ്താവിക്കവേ കേസിലെ അന്വേഷണം സംബന്ധിച്ചും ജസ്റ്റിസ് കമാല്‍ പാഷ സംശയം പ്രകടിപ്പിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top