തിരുവനന്തപുരം: ബാര്‍ കോഴ അന്വേഷണത്തിന്റെ കേസ് ഡയറി വിജിലന്‍സ് ജഡ്ജി എ. ബദറുദ്ദീന്‍ പരിശോധിക്കും. കേസ് ഡയറിയില്‍ കൂട്ടിച്ചേര്‍ക്കലുകളുള്ളതായി പ്രഥമദൃഷ്ട്യാ സൂചന ലഭിച്ച സാഹചര്യത്തിലാണ് പരിശോധന. ബാര്‍ കേസിലെ അന്വേഷണം തടസപ്പെടാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ആരോപണ വിധേയമായ ഭാഗങ്ങളുടെ പകര്‍പ്പ് ഹാജരാക്കാന്‍ വിജിലന്‍സ് സംഘത്തോട് നിര്‍ദ്ദേശിച്ചു. കേസ് ഡയറിയുടെ 8, 9 വാല്യങ്ങളുടെ പകര്‍പ്പ് ഹാജരാക്കാനാണ് നിര്‍ദ്ദേശം.
മുന്‍ വിജിലന്‍സ് ഡയറക്ടറായ ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദ്ദേശാനുസരണം എസ്.പി ആര്‍. സുകേശന്‍ അന്വേഷണം അട്ടിമറിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് കോടതി കേസ് ഡയറി വിളിച്ചുവരുത്തിയത്. നാലായിരം പേജുകളുള്ള കേസ് ഡയറിയില്‍ ശങ്കര്‍ റെഡ്ഡി ഡയറക്ടറായിരുന്ന കാലയളവിലെ വാല്യങ്ങളാണ് കോടതി പരിശോധിച്ചത്.
അതേസമയം കെഎം മാണിക്കെതിരായ ബാര്‍കോഴ കേസിന്റെ കേസ് ഡയറില്‍ വെട്ടലും തിരുത്തലും കൂട്ടിച്ചേര്‍ത്തലുമുണ്ടെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ കണ്ടെത്തല്‍. അന്വേഷണം തടയപ്പെടാതിരിക്കാന്‍ കേസ് ഡയറി മടക്കി നല്‍കും. കേസ് ഡയറയുടെ എട്ട്, ഒന്‍പത് വാല്യങ്ങളുടെ പകര്‍പ്പ് തിരികെ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ബാര്‍കോഴ കേസില്‍ കേസ് ഡയറി തിരുത്തിയെന്നും തുടരന്വേഷണം വേണമെന്നാവശ്യപ്പൈട്ട് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര്‍ സുകേശന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.ഇതെ തുടര്‍ന്ന് കോടതി തുടരന്വേഷണത്തിന് ഉത്തരവുമിട്ടിരുന്നു.
കേസ് ഡയറി തിരുത്തിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പരിശോധിക്കവെയാണ് കോടതിയുടെ പുതിയ വിലയിരുത്തല്‍. താന്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് അന്നത്തെ ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി തിരുത്തിയെന്നായിരുന്നു സുകേശന്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുത റിപ്പോര്‍ട്ട തള്ളിയതും ശങ്കര്‍ റെഡ്ഡിയാണെന്നും സുകേശന്‍ ആരോപിച്ചിരുന്നു. സുകേശന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് കോടതിയുടെ പുതിയ കണ്ടെത്തല്‍.കേസില്‍ ആദ്യ തുടരന്വേഷണ റിപ്പോര്‍ട്ട് 2016 ജനുവരി 13-നാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 18ന് കോടതി കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന് പിന്നാലെ ജനുവരി 23ന് കേസ് ഡയറി വിജിലന്‍സ് ഡയറക്ടര്‍ വിളിച്ചു വരുത്തി കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. ഹര്‍ജി വീണ്ടും പരിഗണിക്കും.