ന്യൂദല്‍ഹി:മുന്‍ മന്ത്രി കെ ബാബുവിനു കുരുക്കുകള്‍ മുറുകുന്നു. ബാബു എക്‌സൈസ് മന്ത്രിയായിരുന്ന കാലത്ത് ബാര്‍ ഉടമകള്‍ക്ക് ലൈസന്‍സ് ഫീസ് തിരികെ കൊടുത്ത സംഭവത്തില്‍ മറ്റൊരു വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശം. നാലുബാറുകള്‍ക്ക് മാത്രം ലൈസന്‍സ് ഫീസ് മടക്കി നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
എ.ജി സുധാകര പ്രസാദാണ് വിജിലന്‍സ് അന്വേഷണം വേണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. സര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പത്തു ബാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് ഫീസ് തിരിച്ച് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ത്രീ സ്റ്റാര്‍ ബാര്‍ലൈസന്‍സ് ലഭിച്ച പത്ത് ഹോട്ടലുകളില്‍ നിന്ന് മുന്‍കൂറായി വാങ്ങിയ 22 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ തിരികെ കൊടുക്കണമെന്ന വിധിയാണ് സ്റ്റേ ചെയ്തത്. ലൈസന്‍സ് ലഭിക്കാന്‍ കാലതാമസം വന്നതോടെ ഫീസ് തിരികെ ആവശ്യപ്പെട്ട് ബാറുടമകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ബാര്‍ പ്രവര്‍ത്തിക്കാത്ത കാലത്തെ ലൈസന്‍സ് ഫീസ് സര്‍ക്കാര്‍ തിരികെ കൊടുക്കണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി.
എന്നാല്‍ നാലു ബാറുകള്‍ക്ക് ലൈസന്‍സ് ഫീസ് മടക്കി നല്‍കിയ ശേഷം അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഡിവിഷന്‍ ബെഞ്ച് ആറു ബാറുകള്‍ക്ക് അനുകൂലമായി വിധിച്ചു.