മുടി മുറിച്ചത് പ്രേതമല്ല സഹോദരന്‍; മറ്റ് സ്ഥലങ്ങളില്‍ നടന്ന മുടി മുറിക്കലിന് തെളിവ് കിട്ടാതെ പോലീസ്

ഉറങ്ങി കിടക്കുന്ന സ്ത്രികളുടെ മുടി മുറിക്കുന്നു. ആരാണ് ഇത് ചെയ്യുന്നതെന്നും അറിയില്ല. പ്രേതമാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ഒരുകൂട്ടം ഗ്രാമവാസികള്‍. എന്നാല്‍ പേടിയ്ക്കും ആശങ്കയ്ക്കും വിരാമം ഇട്ടുകൊണ്ട് സംഭവത്തിന്‍റെ ചുരുള്‍ അഴിഞ്ഞ് വരുന്നു. പക്ഷേ ദില്ലിയില്‍ മാത്രം.

ദില്ലിയില്‍ ഉറങ്ങിക്കിടന്ന 14 കാരിയുടെ മുടി മുറിച്ചത് സഹോദരന്‍മാരാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ദില്ലിയില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ കേസിന്‍റെ ചുരുളഴിഞ്ഞു. സംഭവത്തിനു പിന്നില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെക്കന്‍ ദില്ലിയിലുള്ള 14 കാരിയുടെ മുടിയാണ് മുറിച്ച രീതിയില്‍ കാണപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. എന്നാല്‍ തന്റെ സമീപം ആരും ഇല്ലായിരുന്നുവെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്നാണ് മുടി മുറിച്ചത് പെണ്‍കുട്ടിയുടെ 10 വയസ്സുകാരനായസഹോദരനും അടുത്ത ബന്ധുവായ ആണ്‍കുട്ടിയും ചേര്‍ന്നാണെന്ന് പോലീസ് കണ്ടെത്തിയത്

ദില്ലിയിലെ കേസ് അവസാനിച്ചെങ്കിലും മറ്റു സ്ഥലങ്ങളില്‍ ഇതു സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുകയാണ്. ആഗ്ര, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും മുടി മുറിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സ്ത്രീകള്‍ സ്വയം മുറിച്ചതാണെന്നോ മറ്റാരെങ്കിലും മുറിച്ചതോ ആവാമെന്നാണ് പോലീസ് പറയുന്നത്. തെളിവുകള്‍ ഒന്നും ലഭിച്ചിട്ടുമില്ല. ലഭിച്ച പരാതികളിന്‍മേല്‍ പോലീസ് അന്വേഷണം തുടരുകയാണ്. ദില്ലിയിലേതു പോലെ തന്നെ സ്ത്രീകളുടെ ബന്ധുക്കളെയും കുടുംബാംഗങ്ങളെയുമാണ് പോലീസ് ചോദ്യം ചെയ്യുന്നത്.

അതേസമയം, ഉറങ്ങിക്കിടക്കുന്നവരുടെ മുടി മുറിക്കുന്ന ദുര്‍ മന്ത്രവാദിനിയെന്നാരോപിച്ച് ആഗ്രയില്‍ ദളിത് വൃദ്ധയെ തല്ലിക്കൊന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. സവര്‍ണ വിഭാഗത്തിലെ ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചാണ് വൃദ്ധയെ കൊലപ്പെടുത്തിയത്. മാന്‍ ദേവി (60) ആണ് കൊല്ലപ്പെട്ടത്. ബംഗേല്‍ സമുദായത്തില്‍ പെട്ടവരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ വൃദ്ധയുടെ മരണത്തിനു ശേഷവും സമാനമായ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഗോസ്റ്റ് ബാര്‍ബറിനെ പ്രതിരോധിക്കാന്‍ ആഗ്രയിലെ ജനങ്ങള്‍ വീടുകളില്‍ മഞ്ഞള്‍. മൈലാഞ്ചി, നാരങ്ങ, മുളക് എന്നിവ ഉപയോഗിക്കുകയാണ്. ഇവ ഉപയോഗിച്ചാല്‍ പ്രേതശല്യം ഉണ്ടാകില്ലെന്ന വിശ്വാസമാണ് ഇവര്‍ക്ക്.

Top