തിരുവനന്തപുരം: ശബരിമല വിവാദം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ഭക്തര്‍ക്കൊപ്പം എന്ന നിലപാടെടുത്ത ജനംടിവിക്ക് ഇത് ഇറക്കത്തിന്റെ സമയം. പോയവാരത്തിലെ ബാര്‍ക്ക് റേറ്റിങ് പുറത്തുവന്നപ്പോള്‍ എതിരാളികള്‍ ഇല്ലാതെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ തൊട്ടുമുമ്പത്തെ ആഴ്ച്ചയില്‍ മൂന്നാം സ്ഥാനത്തു നിന്നിരുന്ന ജനം ടിവി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം സ്ഥാനത്തേക്ക് മനോരമ ന്യൂസ് ഇടം പിടിച്ചപ്പോള്‍ മൂന്നാം സ്ഥാനത്ത് മാതൃഭൂമിയും ഇടംപിടിച്ചു. അഞ്ചാം സ്ഥാനത്ത് ന്യൂസ് 18 ചാനല്‍ കയറിയപ്പോള്‍ മീഡിയവണ്‍ ആറാം സ്ഥാനത്തുമായി. അതേസമയം റേറ്റിംഗില്‍ പോലും ഇടംപിടിക്കാന്‍ റിപ്പോര്‍ട്ടര്‍ ടിവിക്കും മംഗളം ന്യൂസ് ചാനലിനും സാധിച്ചില്ല.
ശബരിമല യുവതീ പ്രവേശന വിഷയം സംസ്ഥാനത്തൊന്നാകെ കത്തി നില്‍ക്കുമ്പോള്‍ ബാര്‍ക്ക് റേറ്റിങ്ങില്‍ വന്‍ മുന്നേറ്റം നടത്തിയ ജനം ടിവിക്ക് ഈ വിഷയങ്ങളെല്ലാം ഒതുങ്ങിയപ്പോള്‍ കനത്ത തിരിച്ചടി. യുവതീ പ്രവേശന വിഷയത്തില്‍ ഭക്തര്‍ക്കൊപ്പമെന്ന രീതിയില്‍ നിലപാട് സ്വീകരിച്ച ജനം ടിവി ഈ പ്രശ്നത്തിനിടയില്‍ ചാനല്‍ വമ്പന്‍മാരായ മാതൃഭൂമിയെയും മനോരമയെയും പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചിരുന്നു.
എന്നാല്‍, ശബരിമല വിഷയത്തില്‍ ബിജെപി തന്നെ നിലപാട് മറന്നതും കാരണമില്ലാതെ ഹര്‍ത്താല്‍ നടത്തുകയും ചെയ്തതോടെ പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയുണ്ടാക്കി. ഇത് ജനം ടിവിയുടെ കാഴ്ചക്കാരെയും ബാധിച്ചുവെന്നാണ് കണക്കുകൂട്ടല്‍. ഹിന്ദി ഹൃദയഭൂമിയില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപി നാണം കെട്ട തോല്‍വി വഴങ്ങിയതും ചാനലിനെ ബാധിച്ചുവെന്നാണ് സൂചനകള്‍. വരും ദിനങ്ങളില്‍ ജനം ടിവി ഇനിയും താഴേക്ക് പതിക്കുമെന്നാണ് വിലയിരുത്തലുകള്‍.
തെറ്റായ വാര്‍ത്തകളും നുണകളും പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് ജനം ടിവിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞയാഴ്ചയിലെ റേറ്റിങ് പ്രകാരം ഏഷ്യാനെറ്റ് ന്യൂസിന് 162.82 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മനോരമ 84.72 പോയിന്റ് മാത്രമാണ് കരസ്ഥമാക്കിയത്. മാതൃഭൂമിക്ക് 70.22 പോയിന്റ് ലഭിച്ചപ്പോള്‍ ജനത്തിന്റെ വലിയ പ്രേക്ഷക പിന്തുണ ഗണ്യമായി ഇടിഞ്ഞു. ഇവര്‍ക്ക് 57.68 പോയിന്റ് മാത്രമാണ് ലഭിച്ചത്. അതേസമയം ന്യൂസ് 18 ചാനല്‍ തിരഞ്ഞെടുപ്പ് ഫലം റിപ്പോര്‍ട്ട് ചെയ്ത ബലത്തില്‍ അഞ്ചാം സ്ഥാനത്തേക്ക് ഇടംപിടിക്കുകയും ചെയ്തു.