പോരാട്ടം ഒപ്പത്തിനൊപ്പം; വിജയത്തോടെ ബാഴ്‌സയും റയലും ഇഞ്ചോടിഞ്ചു പോരാട്ടം

ബാഴ്‌സലോണ: മഡ്രിഡില്‍ റയലിന്റെ വിജയാഘോഷത്തിനുപിന്നാലെ എവേമാച്ചിലെ ജയവുമായി ബാഴ്‌സലോണയും മുന്നോട്ട്. സ്പാനിഷ് ലാ ലിഗ കിരീടപ്പോരാട്ടം ആദ്യ 10 കടന്നപ്പോള്‍ ചാമ്പ്യന്‍പോരാട്ട പാതയിലുള്ള റയലും ബാഴ്‌സയും ഒപ്പത്തിനൊപ്പം. ലയണല്‍ മെസ്സിയില്ലാത്ത ക്ഷീണംപോലും ടീമിനെ അറിയിക്കാതെ ആക്രമണച്ചുമതല ഏറ്റെടുത്ത നെയ്മറും ലൂയി സുവാരസും ഓരോ ഗോള്‍ വീതമടിച്ച് എതിരില്ലാത്ത രണ്ടു ഗോളിനാണ് ബാഴ്‌സലോണ സീസണിലെ എട്ടാം ജയവുമായി റയലിനൊപ്പമത്തെിയത്. 10 കളിയില്‍ 24 പോയന്റുമായി റയലും ബാഴ്‌സയും ഒന്നും രണ്ടും സ്ഥാനത്താണ്.

കഴിഞ്ഞ അഞ്ചു എവേ മത്സരങ്ങളില്‍ ഒരു ജയം മാത്രമെന്ന റെക്കോഡുമായാണ് ബാഴ്‌സ, ഗെറ്റാഫക്കെതിരെ ഇറങ്ങിയത്. മെസ്സിയുടെ അസാന്നിധ്യത്തില്‍ ടീം പതറുന്നുവെന്ന ആരോപണങ്ങള്‍ വേറെയും. സമ്മര്‍ദങ്ങള്‍ക്ക് നടുവില്‍ പന്തുതട്ടിയ കാറ്റലോണിയന്‍ സംഘത്തിന് മോഹിച്ചപോലെ തുടക്കംനല്‍കിയാണ് നെയ്മറും സുവാരസും ആക്രമണം നയിച്ചത്. 37ാം മിനിറ്റില്‍ സുവാരസും 58ാം മിനിറ്റില്‍ നെയ്മറും വലകുലുക്കിയപ്പോള്‍ ഗോളിലേക്ക് അവസരമൊരുക്കിയ സെര്‍ജി റോബര്‍ട്ടോയായിരുന്നു കളത്തിലെ മൂന്നാമത്തെ മിന്നുംതാരം.ബാക് ഹീല്‍ പാസിലൂടെ സുവാരസിന് ഗോളവസരം തുറന്നുനല്‍കിയ സെര്‍ജി റോബര്‍ട്ടോയുടെ ബൂട്ടുകള്‍ രണ്ടാം ഗോളിനു പിന്നിലും ചലിച്ചു.
ബാഴ്‌സയുടെ ഉജ്ജ്വല പ്രത്യാക്രമണത്തിലൂടെയത്തെിയ പന്ത് മധ്യവര കടന്നയുടന്‍ ഉയര്‍ത്തിനല്‍കിയ സെര്‍ജിയുടെ ഷോട്ട് ഫുള്‍വോളിയിലൂടെ വലയിലേക്ക് അടിച്ചുകയറ്റേണ്ട പണിയേ നെയ്മറിന് ബാക്കിയുണ്ടായിരുന്നുള്ളൂ. ‘ബുദ്ധിപരമായ ഗെയിം കളിക്കാനായി. കളിയുടെ മുഴുസമയവും പന്ത് കൈവശം വെച്ചതും നിയന്ത്രിച്ചതും ഞങ്ങളായിരുന്നു’ മത്സര ശേഷം സുവാരസിന്റെ വാക്കുകള്‍. അതേസമയം, നെയ്മര്‍സുവാരസ് കോമ്പിനേഷനില്‍ ബാഴ്‌സ ജയം തുടരുമ്പോള്‍ മെസ്സിയെ മറന്നുകഴിഞ്ഞുവെന്ന വിമര്‍ശത്തെ ഉറുഗ്വായ് താരം തള്ളി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top