സ്‌പോട്‌സ് ഡെസ്‌ക്
മാഡ്രിഡ്: സ്പാനിഷ് ലീഗിൽ കിരീടം ലക്ഷ്യമാക്കി കുതിക്കുകയായിരുന്ന ബാഴ്‌സക്ക് വീണ്ടും തിരിച്ചടി. കഴിഞ്ഞയാഴ്ച എൽ ക്ലാസ്സിക്കോയിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ട ബാഴ്‌സയെ ഇന്നലെ റയൽ സോസിഡാഡാണ് കണ്ണീരുകുടിപ്പിച്ചത്. മൈക്കൽ ഒയാർസാബൽ അഞ്ചാം മിനിറ്റിൽ നേടിയ ഏക ഗോളിന്റെ ബലത്തിലാണ് റയൽ സോസിദാദ് ചരിത്ര വിജയം കുറിച്ചത്. ഇതോടെ റയൽ സോസിഡാഡിന്റെ മൈതാനത്ത് ഒരു വിജയത്തിനായുള്ള 2007 മുതലുള്ള ബാർസയുടെ കാത്തിരിപ്പ് വീണ്ടും നീണ്ടു. 2014 നവംബറിന് ശേഷം രണ്ട് ലാലിഗ മൽസരങ്ങൾ ബാഴ്‌സ അടുപ്പിച്ച് തോൽക്കുന്നതും നടാടെയാണ്.
അഞ്ചാം മിനിറ്റിൽ സോസിഡാഡ് നേടിയ ഏക ഗോളൊഴിച്ചുനിർത്തിയാൽ കളിയിൽ സമ്പൂർണ്ണ ആധിപത്യം ബാഴ്‌സക്കായിരുന്നു. എന്നാൽ ലൂയി സുവാരസിന്റെ അഭാവം കറ്റാലൻ നിരയിൽ നിഴലിച്ചു. പകരമിറങ്ങിയ എൽ ഹദാദി അവസരത്തിനൊത്തുയർന്നതുമില്ല. ബാഴ്‌സ താരങ്ങൾ ആറ് തവണ സോസിഡാഡ് ഗോളിയെ പരീക്ഷിച്ചപ്പോൾ ഒരേയൊരു തവണ മാത്രമാണ് സോസിഡാഡിന് ബാഴ്‌സ ഗോളി ബ്രാവോയെ പരീക്ഷിക്കാൻ കഴിഞ്ഞത്. പക്ഷേ അതു നിർണായകഗോളുമായി മാറി. ഒയാർസബൽസിന്റെ തകർപ്പൻ ഹെഡർ പറന്നു രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ബ്രാവോ പരാജയപ്പെട്ടു.
ലീഗിൽ കിരീടം ഏറെക്കുറെ ഉറപ്പിച്ച് കുതിക്കുകയായിരുന്ന ബാഴ്‌സയ്ക്ക് തുടർച്ചയായ രണ്ട് തോൽവികൾ കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. നിലവിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണെങ്കിലും രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായും മൂന്നാമതുള്ള റലയുമായുള്ള വ്യത്യാസം നാലായും കുറഞ്ഞു. ലീഗിൽ ആറ് മത്സരങ്ങൾ കൂടി അവശേഷിക്കെ ഇനിയുള്ള ഓരോ മത്സരവും ഈ മൂന്ന് ടീമുകൾക്കും നിർണായകമാണ്.
അതേസമയം മറ്റ് മത്സരങ്ങളിൽ റയൽ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും മിന്നുന്ന വിജയം സ്വന്തമാക്കി.
റയൽ മാഡ്രിഡ് മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ഐബറിനെ തകർത്തു. ജെയിംസ് റോഡ്രിഗസ്, ലൂക്കാസ് വാസ്‌ക്വസ്, ക്രിസ്റ്റിയാനോ റൊണാൾഡോ, ജെസെ എന്നിവർ ഓരോ തവണ വീതം വലകുലുക്കി. ആദ്യ പകുതിയിലായിരുന്നു ഗോളുകളെല്ലാം.
കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ ക്വാർട്ടർ ഫൈനലിൽ വോൾവ്‌സ്ബർഗിനോട് പരാജയപ്പെട്ട ടീമിൽ ഏറെ മാറ്റങ്ങളുമായാണ് റയൽ ഐബറിനെതിരെ ഇറങ്ങിയത്. ഗോളി കെയ്‌ലർ നവാസ്, ലൂക്കാ മോഡ്രിച്ച്, ഗരെത്ത് ബെയ്ൽ, ടോണി ക്രൂസ്, മാഴ്‌സലോ, ഡാനിയേലോ എന്നിവരെ പുറത്തിരുത്തിയപ്പോൾ ബെൻസേമ പരിക്കിനെതുടർന്നും ക്യാപ്റ്റൻ സെർജിയോ റാമോസ് സസ്‌പെൻഷൻ മൂലവും ടീമിൽ ഇടംപിടിച്ചില്ല.
കളിയുടെ അഞ്ചാം മിനിറ്റിൽ മനോഹരമായ ഫ്രീകിക്കിലൂടെ ജെയിസ് റോഡ്രിഗസ് ഗോളടിക്ക് തുടക്കം കുറിച്ചു. ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ഇടംകാലുകൊണ്ട് റോഡ്രിഗസ് പായിച്ച കിക്കാണ് ഐബർ ഗോളിയെ കബളിപ്പിച്ച് വലയിൽ കയറിയത്. 18ാം മിനിറ്റിൽ റയൽ ലീഡ് ഉയർത്തി. ക്രിസ്റ്റിയനോ ഐബർ താരങ്ങൾക്കിടയിലൂടെ തള്ളിക്കൊടുത്ത പന്താണ് ലൂക്കാസ് വാസ്‌ക്വെസ് അനായാസം വലയിലെത്തിച്ചത്.
തൊട്ടടുത്ത മിനിറ്റിൽ ക്രിസ്റ്റിയനോയുടെ ഊഴം. ജെസെ നൽകിയ പാസിൽ നിന്നായിരുന്നു ക്രിസ്റ്റിയാനോ ലക്ഷ്യം കണ്ടത്. ലീഗ് സീസണിൽ ക്രിസ്റ്റിയാനോയുടെ 30ാം ഗോൾ. തുടർച്ചയായ ആറാം സീസണിലാണ് ക്രിസ്റ്റിയാനോ 30 ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരവും ക്രിസ്റ്റിയാനോയാണ്. 39ാം മിനിറ്റിൽ ക്രിസ്റ്റിയാനോയുടെ പാസിൽ നിന്ന് ജെസെയും ലക്ഷ്യം കണ്ടതോടെ റയലിന്റെ ഗോൾ പട്ടികപൂർത്തിയായി.
മറ്റൊരു മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം അത്‌ലറ്റികോ മാഡ്രിഡ് മൂന്നെണ്ണം തിരിച്ചടിച്ച് മികച്ച ജയം സ്വന്തമാക്കി. കളിയുടെ 29ാം മിനിറ്റിൽ പാപാകൗലി ഡിയോപിലൂടെ എസ്പാനിയോൾ മുന്നിലെത്തി. എന്നാൽ 35ാം മിനിറ്റിൽ ഫെർണാണ്ടോ ടോറസിലൂടെ അത്‌ലറ്റിക്കോ സമനില പിടിച്ചു. 58ാം മിനിറ്റിൽ അന്റോണിയോ ഗ്രിസ്മാനും 89ാംമിനിറ്റിൽ കോകെയും ലക്ഷ്യം കണ്ടതോടെ വിജയം അത്‌ലറ്റികോക്ക് സ്വന്തം.