ചില മാധ്യമപ്രവര്‍ത്തകര്‍ പാക്കിസ്ഥാന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അര്‍ണാബ് ഗോസ്വാമി

arnab-and-barkha

ദില്ലി: മാധ്യമപ്രവര്‍ത്തകര്‍ തമ്മിലുള്ള വാക്‌പോര് മുറുന്നു. അര്‍ണാബ് ഗോസ്വാമിയും ബര്‍ഖാ ദത്തുമാണ് പരസ്പരം വിമര്‍ശിച്ചു കൊണ്ടെത്തിയത്. പരാമര്‍ശങ്ങള്‍ നടതത്ിയും നേതാക്കളെ വാ അടപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചും ജനശ്രദ്ധ പിടിച്ചു പറ്റിയ പ്രശസ്തരായ രണ്ട് മാധ്യമപ്രവര്‍ത്തകരാണ് ഇരുവരും. ഒരു കൂട്ടം ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ പാക്കിസ്ഥാന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അര്‍ണാബ് ഗോസ്വാമി പറഞ്ഞതാണ് പ്രശ്‌നത്തിന് വഴിവെച്ചത്.

അര്‍ണാബും താനും ഒരേ ജോലിയാണ് ചെയ്യുന്നതെന്നത്, തനിക്ക് ലജ്ജയുണ്ടാക്കുന്നുവെന്ന് തിരിച്ചടിച്ചുകൊണ്ട് ബര്‍ഖാ ദത്തും രംഗത്തെത്തി. അര്‍ണബിന് മുഖമടച്ചുള്ള മറുപടിയുമായാണ് ബര്‍ഖ രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബര്‍ഖാ ദത്തിനെ, പരോക്ഷമായി പരാമര്‍ശിച്ച് അര്‍ണബ് ഗോസ്വാമി നടത്തിയ പരാമര്‍ശങ്ങള്‍ കൊണ്ട് മാധ്യമയുദ്ധത്തിന് താല്‍ക്കാലിക പരിസമാപ്തിയാകുമെന്ന് വിശ്വസിച്ചവര്‍ക്ക് തെറ്റി. കാശ്മീര്‍ വിഷയത്തില്‍ സംഘപരിവാര്‍ വിരുദ്ധ മാധ്യമ ചേരിയെ മൊത്തത്തിലും ബര്‍ഖാ ദത്തിനെ പ്രത്യേകിച്ചും കടന്നാക്രമിച്ചുകൊണ്ടാണ് ഇന്നലെ ന്യൂസ് അവറില്‍ അര്‍ണാബ് ഗോസ്വാമിയെത്തിയത്. കാര്‍ഗില്‍ വിജയദിവസത്തെക്കുറിച്ച് സംസാരിക്കാന്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്ത് അവകാശമെന്നായിരുന്നു അര്‍ണാബിന്റെ സംശയം. തനിക്കൊപ്പമുള്ള പല മാധ്യമപ്രവര്‍ത്തകരും പാക്കിസ്ഥാന് വേണ്ടിയാണ് പവര്‍ത്തിക്കുന്നതെന്നും അര്‍ണാബ് പറഞ്ഞുകളഞ്ഞു.

മാധ്യമങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും നിലക്ക് നിര്‍ത്താനും വായ മൂടിക്കെട്ടാനും സര്‍ക്കാരും ജനങ്ങളും രംഗത്തിറങ്ങണമെന്നും അര്‍ണാബ് ആവശ്യപ്പെടുന്നു. ജെഎന്‍യു വിഷയത്തിലും ബുര്‍ഹാന്‍ വാനി വിഷയത്തിലുമെല്ലാം പാക്കിസ്ഥാന്‍ പിന്തുണക്കാരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരേ നിലപാടായിരുന്നുവെന്നും അര്‍ണാബ് പറഞ്ഞുവെച്ചു.

ജെഎന്‍യു-കശ്മീര്‍ വിഷയങ്ങളില്‍ ശക്തമായി ഇടപെട്ട മാധ്യമപ്രവര്‍ത്തകരായിരുന്നു ബര്‍ഖാ ദത്തും രാജ്ദീപ് സര്‍ദേശായിയും ഉള്‍പ്പെടെയുള്ളവര്‍. ഇവര്‍ക്കെതിരെ തന്നെയായിരുന്നു ഈ പേര് പരാമര്‍ശിക്കാതെയുള്ള വിമര്‍ശനമെന്ന് ഉറപ്പ്. മുന്‍പും അര്‍ണാബ് ഇവരെ സംബോധന ചെയ്യാനുപയോഗിച്ച വാക്കുകള്‍ തന്നെയാണ് ഇന്നലെയും ഉപയോഗിച്ചത്.

പക്ഷെ, അര്‍ണബിന്റെ ഈ വാക്കുകള്‍ക്ക്, മുഖമടച്ചുള്ള മറുപടിയുമായാണ് ബര്‍ഖാ ദത്ത് രംഗത്തെത്തിയത്. അര്‍ണാബിനും തനിക്കും ഒരു വിഷയത്തില്‍ ഒരേ അഭിപ്രായമുണ്ടെങ്കില്‍, അതിലും ഭേദം മരിക്കുന്നതാണെന്ന് ബര്‍ഖാ ദത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു. അര്‍ണാബും താനും ഒരേ മേഖലയില്‍ തൊഴിലെടുക്കുന്നുവെന്നതില്‍ ലജ്ജ തോന്നുന്നുവെന്നും ബര്‍ഖ പറയുന്നു. അര്‍ണാബ് മാധ്യമ പ്രവര്‍ത്തകനാണോ എന്നും ബര്‍ഖ ചോദിക്കുന്നു. ഭീരുത്വം നിറഞ്ഞ മുന്‍വിധികളുള്ള ഗോസ്വാമി ജമ്മുവില്‍ പിഡിപിയുമായി ബിജെപിയുണ്ടാക്കിയ സഖ്യത്തോട് പ്രതികരിക്കണമെന്നും ബര്‍ഖ ആവശ്യപ്പെടുന്നു. നേരിട്ടും വളഞ്ഞ വഴിയിലും തന്റെ പേര് അര്‍ണാബ് ന്യൂസ് അവറിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ ഭയമില്ലെന്നും, അര്‍ണാബിന്റെ അഭിപ്രായങ്ങള്‍ക്ക് വില നല്‍കുന്നില്ലെന്നും ബര്‍ഖ പറയുന്നു. ടൈംസ് നൗ ചാനല്‍ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരേയും വാ മൂടിക്കെട്ടാനാണ് ശ്രമിക്കുന്നതെന്നും ബര്‍ഖ ആരോപിച്ചു. അര്‍ണാബ് ഗോസ്വാമി പേര് പറയാതെ വളച്ച് കെട്ടി കാര്യങ്ങളവതരിപ്പിച്ചപ്പോള്‍, പേര് വിളിച്ച് നേരിട്ടുള്ള പോരാട്ടത്തിനാണ് ബര്‍ഖ തയ്യാറായിരിക്കുന്നത്.

അര്‍ണാബുമായി നിരന്തരം വാക്കുകള്‍ കൊണ്ട് പോരടിക്കുന്ന സാഗരിക ഘോഷ്, രാജ്ദീപ് സര്‍ദേശായി ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. എന്തായാലും ബര്‍ഖ- അര്‍ണാബ് പോര് വരും ദിവസങ്ങളിലും നവമാധ്യമങ്ങളിലും ടെലിവിഷനിലും നേരിട്ടും അല്ലാതെയും പൊടിപൊടിക്കുമെന്നുറപ്പ്.

Top