സ്‌പോട്‌സ് ഡെസ്‌ക്
റോം: യുവേഫാ ചാമ്പ്യൻസ് ലീഗിൽ നിന്ന് മെസിയും സംഘവും പുറത്തായത് തന്റെ പിഴവ് കാരണമായിരുന്നെന്ന് ഇറ്റാലിയൻ റഫറി നിക്കോളാ റിസോലിയുടെ കുറ്ഓറസമ്മതം. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ രണ്ടാം പാദ മത്സരത്തിൽ അത്‌ലറ്റികോ മാഡ്രിഡിനെതിരെ നിർണായക സമയത്ത് ബാഴ്‌സലോണക്ക് അർഹിച്ച പെനാൽറ്റി നിഷേധിച്ചത് തന്റെ പിഴവാണെന്നാണ് റിസോലി ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്.
’93 മിനിറ്റ് വരെ നല്ല രീതിയിൽ കളി നിയന്ത്രിച്ച എനിക്ക് ഒരു നിമിഷം പിഴച്ചു പോയി. ഗാബി ബോക്‌സിനു പുറത്തായിരുന്നുവെന്നാണ് ഞാൻ കരുതിയത്. ഗോൾ ലൈൻ ടെക്‌നോളജി ഉപയോഗിക്കുകയായിരുന്നുവെങ്കിൽ ആ പിഴവ് സംഭവിക്കില്ലായിരുന്നു. തീരുമാനമെടുക്കാൻ എന്റെ മുന്നിൽ നിമിഷങ്ങളേ ഉണ്ടായിരുന്നുള്ളു. നിർഭാഗ്യവശാൽ എന്റെ തീരുമാനം തെറ്റായിപ്പോകുകയും ചെയ്തു’ റിസോലി പറയുന്നു.
മത്സരത്തിന്റെ 93ാം മിനിറ്റിലാണ് വിവാദമായ സംഭവങ്ങൾ അരങ്ങേറുന്നത്. 93ാം മിനിറ്റിൽ ആന്ദ്രെ ഇനിയെസ്റ്റ തൊടുത്ത ഷോട്ട് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഗാബിയുടെ കൈയ്യിൽ തട്ടുകയായിരുന്നു. ഗാബി ബോക്‌സിനകത്തായിരുന്നുവെന്ന് ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരുന്നു. എന്നാൽ, ബാഴ്‌സ താരങ്ങളുടെ ആവശ്യം ഇറ്റലിക്കാരൻ റഫറി അംഗീകരിച്ചില്ല. ഇരുപാദത്തിലുമായി 32 ജയത്തോടെ അത്‌ലറ്റിക്കോ സെമിയിലേക്കു മുന്നേറുകയും ചെയ്തു.