ബെയിൽ ദൈവമല്ല, ചെകുത്താനും..!

സ്‌പോട്‌സ് ലേഖകൻ

പാരിസ്: യൂറോകപ്പിൽ പേരുകേട്ട പറങ്കിക്കപ്പിത്താൻ ക്രിസ്ത്യാനോ റൊണാൾഡോ, കോപ്പാ അമേരിക്കൻ ഫൈനലിൽ കണ്ണീരോടെ മടങ്ങിയ മെസി, ആദ്യ റൗണ്ട് പോലും കടക്കാനാവാതെ മടങ്ങിയ നെയ്മർ, സുവാരസ്..! കരുത്തൻമാരുടെ പട്ടിക നോക്കുമ്പോൾ വെയിൽസിന്റെ സൂപ്പർ താരം ഗാരത് ബെയിൽ ഒന്നാമത് തന്നെയാണ്, കാരണം മറ്റൊന്നുമല്ല, ഒറ്റയ്ക്കു ടീമിനെ ചുമലിലേറ്റാൻ വിധിക്കപ്പെട്ട ബലിമൃഗമല്ല ബെയിൽ..! പച്ചപ്പുൽ മൈതാനത്ത് പന്തു തട്ടുന്ന പതിനൊന്നു പേരെ ഉത്തേജിപ്പിക്കുന്ന കരുത്താണ് വെയിൽസിനു ബെയിൽ.
യൂറോ കപ്പ് തുടങ്ങുമ്പോൾ വെയ്ൽസ് എന്ന ടീമിൻറെ സാധ്യതകൾ പ്രീ ക്വാർട്ടർ എന്നതിനപ്പുറം കണ്ടിരുന്നില്ല, കടുത്ത ആരാധകർ പോലും. അതും ഗാരത് ബെയ്ൽ എന്ന ഒരൊറ്റ പ്രതിഭ നൽകിയ പ്രതീക്ഷയുടെ ബലത്തിൽ. എന്നാൽ, കളിയൊക്കെ തുടങ്ങും മുൻപേ ബെയ്ൽ പ്രഖ്യാപിച്ചു, ”വെയ്ൽസ് എന്നാൽ ബെയ്ൽ മാത്രമല്ല”. ആ വാക്കുകൾ അന്വർഥമാക്കുന്നതായിരുന്നു ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരം. ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തിൻറെ ഗോൾ വലയിലേക്ക് വെയ്ൽസ് അടിച്ചുകയറ്റി മൂന്നു ഗോളുകളിലും ബെയ്‌ലിൻറെ സ്പർശമുണ്ടായിരുന്നില്ല. എന്നിട്ടും ഈ സെമി പ്രവേശനത്തിൽ ഏറ്റവും കൂടുതൽ ആഹ്ലാദിക്കുന്നത് ബെയ്ൽ തന്നെയാവും. യോഗ്യതാ റൗണ്ടിൽ വെയ്ൽസിൻറെ ടോപ് സ്‌കോററായ റയൽ മാഡ്രിഡ് താരം യൂറോ കപ്പിൽ നിറം മങ്ങിയിട്ടൊന്നുമില്ല. പക്ഷേ, അവൻ പതിനൊന്നിലൊരാളാണിവിടെ. അല്ലാതെ, ലയണൽ മെസിയെയോ ക്രിസ്റ്റ്യാനൊ റൊണാൾഡോയെയോ പോലെ ഒറ്റയ്‌ക്കൊരു ടീമിനെ ചുമലിലേറ്റാൻ വിധിക്കപ്പെട്ടവനല്ല.
യൂറോ കപ്പിൽ ടീമുകളുടെ എണ്ണം കൂട്ടിയതാണ് വെയ്ൽസിനെപ്പോലുള്ള ചെറു മീനുകൾ കടന്നുകൂടാൻ കാരണമാകുന്നതെന്നു വാദിക്കുന്നവരുണ്ട്.
എന്നാൽ, എങ്ങനെയെങ്കിലും കടന്നു കൂടിയവരല്ല വെയിൽസ്, ഗ്രൂപ്പിൽ ചാംപ്യന്മാരായി തന്നെയാണ് അവർ പ്രീ ക്വാർട്ടറിലേക്കു മുന്നേറിയത്. ഇപ്പോൾ ക്വാർട്ടറിൽ ആധികാരിക ജയവുമായി സെമി വരെയെത്തി ചെങ്കുപ്പായക്കാർ. ഈ കളി കാണുമ്പോൾ, ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലൊന്നും ഇനിയവർക്കൊരു എതിരാളിയാകേണ്ട കാര്യമേയില്ലെന്നു തോന്നും.
1958നു ശേഷം ആദ്യമായാണ് വെയ്ൽസ് ഒരു പ്രധാന ടൂർണമെൻറിനു യോഗ്യത നേടുന്നതു തന്നെ. ശക്തരായ ഇംഗ്ലണ്ടിനെയും സ്ലോവാക്യയെയും റഷ്യയെയും മറികടന്നു നടത്തിയ കുതിപ്പാണ് സെമി വരെ എത്തിനിൽക്കുന്നത്. മെസിയും റൊണാൾഡോയും പോയിട്ട് ഒരു നെയ്മറോ പോഗ്ബയോ പോലുമില്ല വെയ്ൽസിൻറെ നിരയിൽ.
ബെയ്‌ലിനെ ഒറ്റയാനാക്കാതെ കൂടെ ഒപ്പത്തിനൊപ്പം പന്തുതട്ടാൻ ആരോൺ റംസിയടക്കം ഒത്തിണക്കം കാണിക്കുന്ന ഒരുപിടി താരങ്ങളാണ് അവരുടെ കരുത്ത്. അതെ, ഫുട്‌ബോളാണ് അൾട്ടിമേറ്റ് ടീം ഗെയിം!
ബെൽജിയവുമായുള്ള ക്വാർട്ടറിനു മുൻപ് പരിശീലകൻ ക്രിസ് കോൾമാൻ പറഞ്ഞത് ഇങ്ങനെയായിരുന്നു: കേവലം സെമിയിൽ പ്രവേശിക്കുകയെന്നതു മാത്രമല്ല നമ്മുടെ ലക്ഷ്യം. പകരം, 58 വർഷത്തിനു ശേഷം ഒരു പ്രധാന ടൂർണമെൻറിൻറെ ഫൈനലിൽ പ്രവേശിച്ചില്ലെന്ന ശാപം മാറ്റുകയെന്നതാണ്.
കോച്ചിൻറെ വിശ്വാസത്തിനു നൽകിയ പ്രതിഫലമായിരുന്നു ബെൽജിയത്തിനെതിരായ വെൽഷ് വിജയം. 1958ലെ ലോകകപ്പാണ് വെയ്ൽസ് അവസാനമായി കളിക്കുന്ന മേജർ ടൂർണമെൻറ്. അന്നു ക്വാർട്ടർ ഫൈനലിൽ ബ്രസീലിനോടു തോൽക്കാനായിരുന്നു നിയോഗം. അതിനു ശേഷം അതിലും വലിയൊരു നേട്ടം, ഒട്ടും ചെറുതല്ലാത്തൊരു ടൂർണമെൻറിൽ. ആ നേട്ടം എത്ര വലുതാണെന്ന് ഇന്നലെ മത്സരഷേം വെയ്ൽസ് താരങ്ങൾ ആഘോഷിച്ച രീതി കാണുമ്പോൾ പിടികിട്ടും. ചില താരങ്ങൾ കണ്ണു നനച്ച് ജേഴ്‌സിയിൽ മുഖം പൊത്തിയിരുന്നു.
മറ്റു ചിലർ എന്താണു ചെയ്യേണ്ടതെന്നറിയാതെ നിന്നു.ബെയ്‌ലിനൊപ്പം ഓരോ താരങ്ങളും തങ്ങളെ ഏൽപ്പിച്ച ജോലി ഭംഗിയായി ചെയ്തുകൊണ്ടിരിക്കുന്നു. ബെയ്ൽ സ്വതസിദ്ധമായ ഫോമിലേക്ക് ഉയരുകയും ചെയ്തതോടെ യൂറോപ്പിലെ ഏതു വമ്പൻമാരോടും കിടിപിടിക്കാവുന്ന സംഘമായി വെയ്ൽസ് മാറി. റംസിയും റോബ്‌സൺ കാനുവും വില്യംസും അടക്കമുള്ള താരങ്ങൾ മികവ് പുലർത്തുന്നു. രണ്ട് വിജയങ്ങൾക്കപ്പുറം കിരീടമുണ്ട്. അദ്ഭുതങ്ങൾക്ക് കാതോർക്കുകയാണ് ഫുട്‌ബോൾ ആരാധകർ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top