കസേരയെച്ചൊല്ലി തർക്കം: ബിയർ ബോട്ടിൽ പൊട്ടിച്ച് കുത്തി യുവാവിനെ കൊലപ്പെടുത്തിയ സഹ പ്രവർത്തകൻ അറസ്റ്റിൽ

ക്രൈം ഡെസ്‌ക്

കോട്ടയം: ഉറങ്ങിക്കിടന്ന സഹപ്രവർത്തകനെ കസേരയെച്ചൊല്ലിയുള്ള തർക്കത്തിലുള്ള പകയിൽ ബിയർ പാർലർ ജീവനക്കാരൻ കുത്തിക്കൊന്നു. മുവാറ്റുപുഴയ്ക്കടുത്തു നെല്ലാട് ആര്യ ഇന്റർനാഷണൽ ബിയർ പാർലറിലെ സെക്യൂരിറ്റി ജീവനക്കാരനായ ഇടുക്കി ഉപ്പുതറ പുത്തൻപുരയ്ക്കൽ അജയൻ (39) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ നേര്യമംഗലം തലക്കോടു പോത്താനിക്കാടു (കുന്നപ്പാട്ട്)വീട്ടിൽ ജോയി(59) അറസ്റ്റിലായി. നിസാരകാര്യങ്ങൾക്കുപോലും വഴക്കിടുമായിരുന്ന ഇരുവരും തമ്മിൽ കാലങ്ങളായുള്ള പകയാണു കൊലപാതകത്തിൽ കലാശിച്ചത്.
ബുധനാഴ്ച രാത്രി പതിനൊന്നരയോടെ ജോലിസ്ഥലത്തിനുസമീപം ഇരുവരും താമസിക്കുന്ന വാടകവീട്ടിലാണു സംഭവം. വീട്ടിലെ കറങ്ങുന്ന കസേരയിൽ ഇരിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണു കൊലപാതകത്തിലെത്തിയതെന്നു പോലീസ് പറഞ്ഞു. ആറു സഹപ്രവർത്തകർക്കൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നതെങ്കിലും ബുധനാഴ്ച ബിയർ പാർലർ മുടക്കമായതിനാൽ മറ്റുള്ളവർ സ്വന്തം വീടുകളിൽ പോയിരുന്നു. അജയനും ജോയിയും നന്നായി മദ്യപിച്ചശേഷമാണു സംഭവദിവസം താമസസ്ഥലത്തെത്തിയത്. തർക്കത്തിനിടയിൽ ജോയിയെ അജയൻ തൊഴിച്ചതാണു പ്രകോപനം കൂട്ടിയത്.
വഴക്കിനേത്തുടർന്നു ജോയി റൂമിൽ നിന്നിറങ്ങി ഹോട്ടലിലെത്തി പൊറോട്ട മാവ് മുറിക്കാനുപയോഗിക്കുന്ന കത്തിയെടുത്തു തിരികെവന്ന് ഉറങ്ങിക്കിടന്ന അജയന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. തുടർന്നു ജോയി ഹോട്ടലിലെത്തി അജയനെ ആരോ കുത്തിയ ശേഷം ഓടിപ്പോയി എന്നറിയിച്ചു. ഉടൻ മാനേജരെത്തി രക്തത്തിൽ കുളിച്ചുകിടന്ന അജയനെ കോലഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസെത്തിയപ്പോഴും കൃത്യം ചെയ്തത് താനല്ലെന്ന നിലപാടിലായിരുന്നു ജോയി.
എന്നാൽ റൂമിലേക്കു വരുന്ന വഴിയിലെ വീഡിയോ കാമറയിലും ഹോട്ടലിലെ വീഡിയോ ക്യാമറകളിലും അടുക്കളയിൽനിന്നു കത്തിയെടുത്തുവരുന്ന ജോയിയുടെ ചിത്രം ലഭിച്ചതോടെ പോലീസിനു മുന്നിൽ ഇയാൾ കുറ്റം സമ്മതിച്ചു. നിസാരകാര്യങ്ങളുടെ പേരിൽ ഇരുവരും തമ്മിൽ നാളുകളായി വഴക്കുണ്ടാക്കാറുണ്ട്. കഴിഞ്ഞ തിരുവോണദിനത്തിലും കസേരയിൽ ഇരിക്കുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ വാക്കേറ്റവും െകെയേറ്റവും ഉണ്ടായതായി പോലീസ് പറഞ്ഞു. ഇരിക്കുന്നതിനെചൊല്ലി തർക്കമുണ്ടായ കസേരയുടെ കുഷ്യനുള്ളിൽ താൻ പണം സൂക്ഷിക്കാറുണ്ടായിരുന്നുവെന്നും പണം കാണാതായതു സംബന്ധിച്ച് അജയനുമായി സംഭവദിവസം രാവിലെ വാക്കേറ്റമുണ്ടായതായും ജോയി പോലീസിനു മൊഴി നൽകി.
കേസന്വേഷണത്തിൽ സി.ഐ: ജെ. കുര്യാക്കോസിനൊപ്പം എസ്.ഐ: ടി. ദിലീഷ്, എസ്.ഐ ജോർജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പൗലോസ് എന്നിവരും അംഗങ്ങളാണ്. പത്തു വർഷമായി ബാർ ജീവനക്കാരനായിരുന്ന അജയൻ ഓണത്തലേന്ന് വീട്ടിലെത്തി ചൊവ്വാഴ്ചയാണ് മടങ്ങിയത്. സംസ്‌കാരം നടത്തി. മാതാവ് ശാന്തമ്മ. ഭാര്യ ലക്ഷ്മി മാട്ടുക്കട്ട മങ്ങാട്ട് കുടുംബാംഗം. നാലാം ക്ലാസ് വിദ്യാർഥിനിയായ മകൾ ദേവിക ചലച്ചിത്രസീരിയൽ ബാലനടിയാണ്. മകൻ ആദിത്യൻ എൽ.കെ.ജി വിദ്യാർഥിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top