സൗന്ദര്യ മത്സരത്തില്‍ വിജയി ആയപ്പോള്‍ ബോധം നഷ്ടമായാലോ? അത്തരമൊരു സംഭവം മ്യാന്‍മറില്‍ ഉണ്ടായിരിക്കുന്നു. മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷനല്‍ കീരിടം ചൂടിയ പരാഗ്വേ സുന്ദരി ക്ലാര സോസ (24)യാണ് വേദിയില്‍ ബോധം കെട്ടുവീണത്. രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യക്കാരി മീനാക്ഷി ചൗധരിയുടെ കൈപിടിച്ചു നില്‍ക്കുമ്പോഴായിരുന്നു ക്‌ളാരയുടെ ബോധം പോയത്.
കുഴഞ്ഞു വീഴാന്‍ തുടങ്ങിയ ക്‌ളാരയെ മീനാക്ഷി താങ്ങിപ്പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വേദിയിലുണ്ടായിരുന്ന അവതാരകരും മറ്റും ആശങ്കയോടെ ക്ലാരയുടെ അടുത്തെത്തി. അല്‍പസമയത്തിനുള്ളില്‍ ബോധം വീണ്ടെടുത്ത ക്‌ളാര പിന്നെ നിറുത്താതെ കരച്ചിലായിരുന്നു. ഇതിനിടെ ക്‌ളാരയെ കിരീടവും അണിയിച്ചു. നിയമവിദ്യാര്‍ത്ഥിയായ ക്ലാര പാചകവിദഗ്ദ്ധയുമാണ്. സ്വന്തമായി റസ്റ്റോറന്റ് തുടങ്ങണമെന്ന സ്വപ്നവുമായി ജീവിക്കുന്ന ക്‌ളാരയുടെ ഏറ്റവും വലിയ ആഗ്രഹം അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിട്ട് കാണണമെന്നതാണ്. ആരാധന കൊണ്ടല്ല, മറിച്ച് സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും മാതൃകയാകണമെന്ന് ട്രംപിനെ ഉപദേശിക്കാന്‍.