തൃശ്ശൂര്‍: ചാലക്കുടിയിലെ വ്യാജ ലഹരിക്കേസില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ ബാഗില്‍ എല്‍എസ്ഡി വച്ചെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലെന്ന് അന്വേഷണ സംഘം. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവതിയെയാണ് സംശയിക്കുന്നത്. ഇവരുടെ ഫോണ്‍ നമ്പര്‍ സ്വിച്ചോഫാണ്. ബാഗില്‍ എല്‍എസ്ഡി ഉണ്ടെന്ന് വിവരം ലഭിച്ചത് ഇന്റര്‍നെറ്റ് കോള്‍ വഴിയായിരുന്നു. എക്‌സൈസ് ഇന്‍സ്പെക്ടര്‍ സതീശനാണ് മൊഴി നല്‍കിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ചാലക്കുടിയില്‍ ഷീല നടത്തിവന്ന ബ്യൂട്ടിപാര്‍ലറില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ഷീലയുടെ ബാഗും കാറും എക്സൈസ് സംഘം പരിശോധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് എക്സൈസ് സംഘം അന്ന് പറഞ്ഞത്.
പിടിച്ചെടുത്തെന്ന് പറയുന്ന സ്റ്റാമ്പ് ഒറ്റത്തവണ മാത്രമാണ് തന്നെ കാണിച്ചതെന്നും അതെന്താണെന്ന് പോലും അറിഞ്ഞിരുന്നില്ലെന്നും വീട്ടമ്മ പറയുന്നു. എനിക്ക് മറ്റ് ശത്രുക്കളുമില്ല. ഒരു ചെറിയ പാര്‍ലര്‍ നടത്തിയാണ് ജീവിക്കുന്നത്. ചെയ്യാത്ത തെറ്റിന് 72 ദിവസമാണ് ജയിലില്‍ കിടന്നതെന്നും ബ്യൂട്ടി പാര്‍ലര്‍ ഉടമ വെളിപ്പെടുത്തി. ഷീലയില്‍ നിന്ന് എല്‍എസ്ഡി സ്റ്റാംപ് ഉള്‍പ്പെടെയുള്ള മാരകമായ മയക്കുമരുന്ന് പിടിച്ചെടുത്തുവെന്നായിരുന്നു എക്‌സൈസ് നല്‍കിയ വിവരം.
എന്നാല്‍ കേസില്‍ എക്സൈസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. പരിശോധനയുടെ ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ലഹരിമരുന്നല്ലെന്ന് വ്യക്തമായത്. തുടര്‍ന്നാണ് തനിക്കുനേരെയുണ്ടായത് കള്ളക്കേസാണെന്ന ആരോപണവുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി രംഗത്തെത്തിയത്.