തിരുവനന്തപുരം: കേരളത്തിലെ ബ്യൂട്ടിപാര്‍ലറുകളില്‍ ഉപയോഗിക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുകള്‍ പലതും വ്യാജം. ജൈവഉത്പന്നങ്ങളെന്ന പേരില്‍ വിറ്റഴിക്കുന്ന ലേപനങ്ങളും വിശ്വസനീയമല്ലെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് കേരളത്തിലുടനീളം നടത്തിയ റെയ്ഡില്‍ ഇതുമായി ബന്ധപ്പെട്ട് എട്ടു കേസുകള്‍ രിജസ്റ്റര്‍ ചെയ്തു.
വിവിധ കേന്ദ്രങ്ങളില്‍ ബ്യൂട്ടീഷന്‍ കോഴ്‌സുകളുടെ പേരില്‍ പരിശീലനം നല്‍കുകയും വായ്പയെടുക്കാന്‍ വരെ സഹായിച്ചു ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങാന്‍ വേണ്ട ഒരുക്കങ്ങള്‍ നടത്തിക്കൊടുക്കുകയും ചെയ്യുന്നവരാണു വ്യാജലേപനള്‍ വിതരണം ചെയ്യുന്നത്. ഇങ്ങനെ ആരംഭിക്കുന്ന ബ്യൂട്ടിപാര്‍ലറുകളെ ഇവര്‍ പുറത്തിറക്കുന്ന നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കേന്ദ്രങ്ങളാക്കി മാറ്റുകയാണ്.
ഇതുസംബന്ധിച്ചു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തു ജില്ലകളിലെ വിതരണക്കാരെ കേന്ദ്രീകരിച്ചാണു ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തിയത്.
എറണാകുളത്തും തൃശൂരും രണ്ടു കേസുകളും കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓരോ കേസുകളുമാണ് എടുത്തിരിക്കുന്നത്. സംസ്ഥാന വ്യാപകമായി മുപ്പതോളം ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കു നേതൃത്വം കൊടുത്തു.
ശരീരത്തിന് ഏറെ ദോഷം ചെയ്യുന്ന രാസവസ്തുക്കളാണ് ഇത്തരം ലേപനങ്ങളില്‍ അടങ്ങിയിരുന്നതെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് കണ്ടെത്തി. ജൈവ കൂട്ടുകള്‍ എന്ന പേരില്‍ എത്തിക്കുന്ന പല ലേപനങ്ങളും സുരക്ഷിതമല്ലെന്നാണു കണ്ടെത്തിയിരിക്കുന്നത്. പല ലേപനങ്ങളിലും മാരകമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ചില സാംപിളുകളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ കണ്ടെത്താന്‍ പരിശോധനയും നടത്തും. ഉല്‍പാദകരുടെയോ അതില്‍ അടങ്ങിയിരിക്കുന്ന ചേരുവകളുടെയോ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്താത്ത ഉല്‍പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.