ഹെൽത്ത് ഡെസ്‌ക്
ലണ്ടൻ: കിടപ്പറയിലെ ഓരോ വാക്കിനും ദാമ്പത്യബന്ധത്തിൽ വളരെ വിലപ്പെട്ട സ്ഥാനമുണ്ട്. ഓരോ വാക്കിലും ഉയരുന്നത് വളരെ വിലയേറിയ ഊഷ്മളമായ ബന്ധമായിരിക്കും. ദാമ്പത്യബന്ധം ദൃഢമാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കാണ് ആശയവിനിമയത്തിനുള്ളത്. പങ്കാളികൾ തമ്മിൽ ഏറ്റവും ഫലപ്രദമായ ആശയവിനിമയം സാധ്യമാകുന്നത് കിടപ്പറയിലാണ്. നമ്മൾ മലയാളികൾ തലയണമന്ത്രം എന്നു വിളിക്കുന്ന ഈ ആശയവിനിമയമാണ് ദാമ്പത്യബന്ധത്തെ പൂർണമാക്കുന്നത്. തലയിണമന്ത്രത്തിൽ വിഷയങ്ങൾ പലതാകും. ഇവിടെയിതാ, തലയണമന്ത്ര സംസാരത്തിന് പറ്റിയ ചില കാര്യങ്ങൾ പങ്കുവെയ്ക്കാം…
അനുമോദിക്കാൻ മറക്കരുത്…
കിടപ്പറ സംസാരങ്ങളിൽ പങ്കാളിക്ക് ഏറ്റവും ഇഷ്ടമായ കാര്യമാണിത്. ആ ദിവസം ചെയ്ത നല്ല കാര്യങ്ങൾ പറഞ്ഞ് പരസ്പരം അനുമോദിക്കാം. ഇത് തലയണമന്ത്ര സംസാരത്തെ ആകർഷകമാക്കും.
ഭാവികാര്യങ്ങൾ തീരുമാനിക്കാം…
ജോലി, ജീവിതം, ആരോഗ്യം എന്നീ കാര്യങ്ങളിൽ ഭാവിസംബന്ധമായ കാര്യങ്ങളെക്കുറിച്ച് പങ്കാളിയുമായി ചർച്ച ചെയ്യാൻ ഏറ്റവും പറ്റിയ ഇടം കിടപ്പറയാണ്. ഭാവികാര്യങ്ങളെക്കുറിച്ച് പരസ്പരം ആശയങ്ങൾ പങ്കുവെച്ച് തീരുമാനങ്ങളെടുക്കാൻ ഈ സംസാരം സഹായിക്കും.
പഴയ കാര്യങ്ങൾ ഓർത്തെടുക്കാം…
കുട്ടിക്കാലത്തെയും, സ്‌കൂൾ-കോളേജ് കാലഘട്ടത്തിലെയും തമാശകൾ പരസ്പരം പങ്കുവെയ്ക്കാൻ പറ്റിയ സന്ദർഭമാണ് തലയണമന്ത്ര സംസാരം. എന്നാൽ പഴയകാല പ്രണയത്തെക്കുറിച്ച് പറഞ്ഞ്, ഈ സംസാരം കുളമാക്കരുത്.
ആ ദിവസം എങ്ങനെ…
പൊതുവെ രാത്രിയിലാണ് തലയണമന്ത്ര സംസാരങ്ങൾ നടക്കാറുള്ളത്. അപ്പോൾ കഴിഞ്ഞപോകുന്ന ദിവസം എങ്ങനെയുണ്ടായിരുന്നു. ജോലിക്കിടയിലും മറ്റും സംഭവിച്ച വീഴ്ചകളും അത് പരിഹരിക്കുന്നതിനെക്കുറിച്ചുമൊക്കെ പങ്കാളിയുമായി ചർച്ച ചെയ്യാം. ഇത് പിറ്റേദിവസം തെറ്റുതിരുത്തി കൂടുതൽ മികവുറ്റ പ്രകടനം കാഴ്ചവെയ്ക്കാൻ സഹായകരമാകും.