സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്തെ മുസ്ലീം ജനവിഭാഗങ്ങൾ ബീഫ് കഴിക്കരുതെന്ന അന്ത്യശാസനവുമായി ആർഎസ്എസ്. യുപിയിൽ ബിജെപി നേതൃത്വത്തിലുള്ള യോഗി ആദിത്യനാഥ് സർക്കാർ ബീഫിനും മാംസത്തിനും വിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണ് ഇപ്പോൾ കൂടുതൽ ശക്തമായ നടപടികൾ വേണമെന്ന ആവശ്യവുമായി ആർഎസ്എസ് രംഗത്ത് എത്തിയിരിക്കുന്നത്.
രാജ്യത്തെ മുസ്ലീം വിഭാഗങ്ങൾ പശുക്കളെ ഏറ്റെടുക്കാൻ തയ്യാറാകണമെന്നും ബീഫ് കഴിക്കുന്നത് നിർത്തണമെന്നും മുതിർന്ന ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
ആർ.എസ്.എസിന്റെ പോഷക സംഘടനായ മുസ് ലീം രാഷ്ട്രീയ മഞ്ചിന്റെ യോഗത്തിനിടെയായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പരാമർശം.
അതേസമയം ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവനക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ സംഗതി വിവാദമായതോടെ വിഷയത്തെ മയപ്പെടുത്തി പിന്നീട് ആർ.എസ്.എസ് നേതൃത്വം രംഗത്തെത്തി. ആർ.എസ്.എസ് മുസ്ലീങ്ങളോട് നടത്തിയ അപേക്ഷമാത്രമാണ് ഇതെന്നും ആജ്ഞയല്ലെന്നുമായിരുന്നു വിശദീകരണം.
വിവിധ മുസ്ലീം ഭരണാധികാരികൾ ബീഫ് കഴിച്ചിരുന്നില്ലെന്നും അവർ ഗോരക്ഷകരായിരുന്നുവെന്നും ആർ.എസ്.എസ് നേതാവ് രാകേഷ് സിൻഹ പറുന്നു. അയോധ്യയിലെ ക്ഷേത്ര നിർമാണം, മദ്റസകളിൽ ഭാരതീയ സംസ്‌ക്കാരത്തെ കുറിച്ച് പഠിപ്പിക്കൽ, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളിലും രാഷ്ട്രീയമഞ്ചിന്റെ യോഗത്തിൽ നേതാക്കൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.