മാട്ടിറച്ചിയുടെ മഹാ ഭാരതീയത

 ഗാന്ധിഹത്യ ചെയ്തവനെ ‘രാഷ്ട്രഭക്ത’നായി വിശേഷിപ്പിക്കുന്നതില്‍ യാതൊരു കുറ്റവും കാണാത്തതും അതേസമയം ഗോഹത്യ ചെയ്യുന്നത് വധശിക്ഷാര്‍ഹമായ കൊടും പാതകമായി കരുതുന്നതുമായ പ്രാകൃത രാഷ്ട്രമാണ് ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന ‘ഹിന്ദു രാഷ്ട്രം’ എന്ന് ഏറക്കുറെ ബോധ്യമായി കഴിഞ്ഞു. ‘ഗാന്ധിഘാതകനെങ്കിലും ഗോദ്‌സേ രാഷ്ട്ര ഭക്തനായിരുന്നു’ എന്ന സാക്ഷി മഹാരാജിന്റെ പ്രസ്താവനയും, ‘മാട്ടിറച്ചി തിന്നുന്നവര്‍ തല്ലി കൊല്ലപ്പെടുക തന്നെ വേണം’ എന്ന സാധ്വി പ്രാചിയുടെ പ്രസ്താവനയും ആര്‍.എസ്.എസ്സിന്റെ ഹിന്ദുരാഷ്ട്രവാദം എത്തരത്തിലുള്ള ആളുകളെയാണ് വാര്‍ത്തെടുക്കുന്നതെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതിന് പര്യാപ്തമായ തെളിവുകളാണ്.

ഗാന്ധിജിയുടെ ജന്മദേശമായ ഗുജറാത്തില്‍ പിറന്നവനും ആര്‍.എസ്.എസ് സ്വയം സേവകനുമായ ഇപ്പോഴത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയോ, അദ്ദേഹത്തോട് വിധേയത്വം ഉണ്ടെന്നതിനാല്‍ മാത്രം ബി.ജെ.പി എന്ന ഭരണകക്ഷിയുടെ ദേശീയ അധ്യക്ഷനായിത്തീര്‍ന്ന അമിത് ഷായോ സാക്ഷി മഹാരാജ്, സാധ്വി പ്രാചി തുടങ്ങിയ ബി.ജെ.പി എം.പിമാരുടെ പ്രാകൃത പ്രസ്താവനകളെ അപലപിക്കുകയോ അവര്‍ക്കെതിരെ സംഘടനാപരമായ അച്ചടക്ക നടപടികള്‍ എടുക്കുകയോ ചെയ്തില്ലെന്നതുതന്നെ നേതൃത്വത്തിനു ഗാന്ധിഘാതകനോടും ഗോഹത്യ ചെയ്യുന്നവരോടുമുള്ള നിലപാടെന്തോ അതാണ് സാധ്വി പ്രാചിയെപ്പോലുള്ളവര്‍ പ്രകടിപ്പിക്കുന്നതെന്ന് കരുതാന്‍ വഴി വെക്കുന്നുണ്ട്. അതിനാലാണ് ഗാന്ധിഹത്യ ചെയ്തവനെ ആദരിക്കുന്നതും ഗോഹത്യ നടത്തുന്നവരെ തല്ലിക്കൊല്ലുന്നതുമായ ‘പ്രാകൃത രാഷ്ട്ര’മാണ് ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്നതെന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയേണ്ടിവരുന്നത്. പക്ഷേ, ആര്‍.എസ്.എസ്സുകാര്‍ വിഭാവനം ചെയ്യുന്ന തരത്തിലുള്ള പ്രാകൃതമായ ഹിന്ദു രാഷ്ട്രത്തിന്, സത്യദ്രഷ്ടാക്കളായ മഹര്‍ഷിമാരുടെയും മഹാത്മാ ഗാന്ധിയെ പോലുള്ള സത്യാന്വേഷകരുടെയും സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഭാരതീയതയുമായി, വെള്ളാപ്പള്ളി നടേശന് ശ്രീനാരായണ ഗുരുവുമായിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ ബന്ധമൊന്നും ഇല്ല. ഇക്കാര്യം ഗോവധം, ഗോ മാംസ ഭോജനം എന്നിവയുമായി ബന്ധപ്പെട്ട് ഋഷിമാരിലൂടെ അവതരിപ്പിക്കപ്പെട്ട ഭാരതത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

ഗോമാംസം ഭക്ഷിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ജനാധിപത്യ ഭരണഘടന നിലവിലുള്ള ഇന്നത്തെ ഭാരതത്തില്‍ ഓരോ പൗരനിലും നിക്ഷിപ്തമാണ്. അതില്‍ കൈകടത്തുന്നത് ജനാധിപത്യവിരുദ്ധവുമാണ്. പശുവിറച്ചി തിന്നുന്നവരെ തല്ലിക്കൊല്ലും എന്നതിലുള്ള ജനാധിപത്യ വിരുദ്ധത പന്നിയിറച്ചി തിന്നുന്നവരെ തല്ലിക്കൊല്ലും എന്ന നിലപാടിലും ഉണ്ട്. പക്ഷേ, ഇന്ത്യയില്‍ പന്നിയിറച്ചി തിന്നുന്നവരെ തല്ലിക്കൊല്ലുമെന്ന് പറയാനോ അങ്ങനെ ചെയ്യാനോ ആരും ഇതേവരെ മുതിര്‍ന്നിട്ടില്ല. അതിനാല്‍ തന്നെ ഇന്ത്യയിലൊരിടത്തും ജനാധിപത്യ വിശ്വാസികള്‍ക്ക് പോര്‍ക്ക് ഫെസ്റ്റിവെല്‍ എന്ന പ്രതിഷേധസമരം നടത്തേണ്ടിയും വന്നിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാട്ടിറച്ചി തിന്നുന്നവരെ തുറുങ്കിലടക്കുന്നതിനു നിയമം കൊണ്ടുവരുന്ന സര്‍ക്കാറുകളും, മാട്ടിറച്ചി തിന്നുന്നവരെ തല്ലിക്കൊല്ലുന്ന സംഘടനകളും ഇന്ത്യയില്‍ ഉണ്ടെന്നതുകൊണ്ടാണ് ഇവിടെ ജനാധിപത്യ വിശ്വാസികള്‍ക്ക് ബീഫ് ഫെസ്റ്റിവെല്‍ നടത്തി പ്രതിഷേധിക്കേണ്ടിവരുന്നത്. മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ മാട്ടിറച്ചി നിരോധം കൊണ്ടുവന്നതിന്റെയും, മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കനെ ബി.ജെ,പി പ്രവര്‍ത്തകര്‍ ദാദ്രി എന്ന ഗ്രാമത്തില്‍ തല്ലിക്കൊന്നതിന്റെയും പശ്ചാത്തലത്തിലാണ് ‘ബീഫ് ഫെസ്റ്റിവല്‍’ എന്ന സമരമുറ ജനങ്ങള്‍ക്ക് സ്വീകരിക്കേണ്ടിവന്നത്. വിഗ്രഹ പ്രതിഷ്ഠ ചെയ്യാന്‍ ബ്രാഹ്മണേതര ജാതിയില്‍ പിറന്നവര്‍ക്ക് അധികാരമില്ലെന്ന ജാതിവ്യവസ്ഥയുടെ നിയമത്തെ വിഗ്രഹം പ്രതിഷ്ഠിച്ചുകൊണ്ടാണ് നാരായണ ഗുരു എതിര്‍ത്തതും തറപറ്റിച്ചതും. ഇതുപോലൊരു സമരരീതിയാണ് ബീഫ് ഫെസ്റ്റിവെലും. മാട്ടിറച്ചി തിന്നുന്നവരെ തുറുങ്കിലടക്കും എന്ന നിയമം കൊണ്ടുവരുന്ന ഭരണകൂട ഭീകരതയെയും, മാട്ടിറച്ചി തിന്നുന്നവരെ ഞങ്ങള്‍ തല്ലിക്കൊല്ലും എന്ന് ആക്രോശിക്കുന്ന സംഘ്ഭീകരതയെയും മാട്ടിറച്ചി തിന്നുകൊണ്ടുതന്നെ വേണം തറപറ്റിക്കാന്‍ എന്ന് ചുരുക്കം.

മറാത്തയില്‍ ബീഫ് നിരോധിച്ചതിന് മലയാള ദേശത്ത് ബീഫ് ഫെസ്റ്റിവെല്‍ നടത്തിയിട്ട് കാര്യമുണ്ടോ എന്ന് പരിഹസിക്കുന്നവരും ഉണ്ട്. രോഗം പിടിപെട്ടാല്‍ മാത്രം കഴിക്കാനുള്ളതല്ല മരുന്ന്. രോഗം പിടികൂടാതിരിക്കാനും മരുന്ന് കഴിക്കാം. അതാണ് പ്രതിരോധ കുത്തിവെപ്പും മറ്റും. മലയാള ദേശം മറാത്തയാകാന്‍ അനുവദിക്കില്ലെന്ന് തെളിയിക്കാനാണ് ഇവിടെ ബീഫ് ഫെസ്റ്റിവെല്‍ നടത്തുന്നത്. മറാത്തയെ ബാധിച്ച വര്‍ഗീയ ജ്വരം മലയാള നാടിനെ ബാധിക്കാതിരിക്കാനുള്ള പ്രതിരോധ നടപടിയാണ് ബീഫ് ഫെസ്റ്റിവെല്‍ എന്ന് ചുരുക്കം.

ഇതൊക്കെ പറഞ്ഞാലും ഇന്നാടിന് ഒരു സാംസ്‌കാരിക പാരമ്പര്യമുണ്ടെന്നും അതില്‍ പശു വിശുദ്ധ മൃഗമാണെന്നും അതുകൊണ്ടാണിവിടെ അമ്മയെ പോലെ കരുതി ഗോമാതാവിനെ പൂജിക്കുന്നതെന്നും പൂജാര്‍ഹയായ അമ്മയെ ആരെങ്കിലും കൊന്നു തിന്നാറുണ്ടോ എന്നും, അമ്മയെ കൊന്ന് തിന്നാന്‍ ശ്രമിക്കുന്നവരെ അമര്‍ച്ചചെയ്യേണ്ടത് മക്കളുടെ ധര്‍മമല്ലേ എന്നുമൊക്കെ ചോദിച്ചുകൊണ്ട് ഗോഹത്യയും ഗോമാംസ ഭോജനവും അഭാരതീയമാണെന്ന പ്രതീതി പരത്താനാണ് സംഘ്പരിവാരം ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഗോഹത്യയും ഗോമാംസ ഭോജനവും ഋഗ്വേദാദി വേദങ്ങള്‍ക്കോ രാമായണ- മഹാഭാരതാദി ഇതിഹാസങ്ങള്‍ക്കോ മനുസ്മൃതി, യാജ്ഞവല്‍ക്യസ്മൃതി തുടങ്ങിയ ധര്‍മാനുശാസന ഗ്രന്ഥങ്ങള്‍ക്കോ ഭാഗവതാദി പുരാണ ഗ്രന്ഥങ്ങള്‍ക്കോ വിരുദ്ധമല്ലെന്ന് എടുത്തു കാണിക്കേണ്ടിവരുന്നത്. ഈ ഗ്രന്ഥരാശികളത്രയും പതിനാറു കൊല്ലത്തോളം ദൈര്‍ഘ്യമുണ്ടായിരുന്ന ഗുരുസഹവാസത്തോടു കൂടിയ ആധ്യാത്മിക ശിക്ഷണകാലത്ത് ഈ ലേഖകന് പഠനവിധേയമാക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. ആ പഠനത്തിന്റെ ആധികാരികതയിലാണ് ‘മാട്ടിറച്ചിയുടെ മഹാ ഭാരതീയത’ എന്ന ഈ ലേഖനം എഴുതുന്നത്.

ഭാരതീയ സംസ്‌കാരത്തിന്റെ വൈദിക പാരമ്പര്യത്തെ പിന്‍പറ്റുന്നവരെ സംബന്ധിച്ച് ഏറ്റവും പ്രാമാണികമായ ഗ്രന്ഥം ഋഗ്വേദമാണ്. അതിനാല്‍ ഋഗ്വേദത്തില്‍ ഗോഹത്യ അനുവദനീയമോ അല്ലയോ എന്നത് പരിശോധിച്ച് നോക്കി വേണം ഗോഹത്യ അഭാരതീയമോ അല്ലയോ എന്ന് തീര്‍പ്പിലെത്താന്‍. ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ സ്തുതിക്കപ്പെടുന്ന ദേവനാണ് ഇന്ദ്രന്‍. ഇക്കാലത്ത് ഗുരുവായൂരപ്പന് കദളിപ്പഴവും നറുവെണ്ണയും എത്രത്തോളം ഇഷ്ടപ്പെട്ട നിവേദ്യമാണോ അത്രമേല്‍ ഇന്ദ്രന് പ്രിയപ്പെട്ട ഹവിര്‍ഭോജ്യമായിരുന്നു ഗോമാംസം എന്ന് ഋഗ്വേദം പറയുന്നു. ഇക്കാര്യം മനസ്സിലാക്കാന്‍ ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലെ സൂക്തങ്ങള്‍ വായിച്ചു നോക്കിയാല്‍ മതിയാകും. അതില്‍ ഇന്ദ്രന്‍ ഇങ്ങനെ പറയുന്നു: ”അവര്‍ (ഋഷിമാര്‍) എനിക്കായി മുന്നൂറ് പശുക്കളെ അറുത്തു ഹോമിച്ചു”. ഋഗ്വേദത്തിലെ 10-ാം മണ്ഡലത്തില്‍ ഒരിടത്ത് ഇങ്ങനെ വായിക്കാം: ”വാളുകൊണ്ട് അറുത്തോ മഴു കൊണ്ട് വെട്ടിയോ കൂടം കൊണ്ട് ഇടിച്ചോ വേണം യജ്ഞത്തിനായി ഗോക്കളെ കൊല്ലാന്‍.”

ഇതില്‍ നിന്ന് ഋഗ്വേദം എത്രത്തോളം ഭാരതീയമാണോ അത്രത്തോളം ഭാരതീയമാണ് ഗോഹത്യയും എന്നു തീര്‍ച്ചപ്പെടുത്താം. ഋഗ്വേദത്തെ നിരാകരിക്കുന്ന ഭാരതീയതയാണ് ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്നതെങ്കില്‍ ആര്‍.എസ്.എസ്സുകാര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന രാഷ്ട്രത്തിന് ‘ഹിന്ദു രാഷ്ട്രം’ എന്നല്ല പേര് വിളിക്കേണ്ടത്; ‘ബോധിരാഷ്ട്രം’ എന്നാണ്. എന്തുകൊണ്ടെന്നാല്‍ ഋഗ്വേദത്തെ പ്രമാണമായി അംഗീകരിക്കാത്ത ഭാരതത്തിലെ ഏറ്റവും വലിയ പ്രത്യയശാസ്ത്രവും പ്രസ്ഥാനവും ശ്രീബുദ്ധന്റേതാണ്. ഇനി, ഋഗ്വേദത്തെ ആദരിക്കുന്ന ഭാരതീയ  പാരമ്പര്യത്തെയാണ് ആര്‍.എസ്.എസ്സുകാര്‍ പിന്‍പറ്റുന്നതെങ്കിലും അവര്‍ വിഭാവനം ചെയ്യുന്ന രാഷ്ട്രത്തിന് ‘ഹിന്ദു രാഷ്ട്രം’ എന്ന പേര്‍ ചേരില്ല; ‘മഹര്‍ഷി രാഷ്ട്രം’ എന്ന പേരേ ചേരൂ. എന്തെന്നാല്‍ ഋഗ്വേദത്തിലൊരിടത്തും ‘ഹിന്ദു’ എന്ന പദം ഒരൊറ്റ തവണ പോലും പ്രയോഗിച്ചിട്ടില്ല.beef-jammu

പക്ഷേ, ഇത്രയൊക്കെ പറയുമ്പോള്‍ പരിഗണനീയമായ ഒരു മറുവാദം ഉയര്‍ത്തപ്പെടാറുണ്ട്. ആര്യ സമാജ സ്ഥാപകനും വേദവ്യാഖ്യാതാവുമായ ദയാനന്ദ സരസ്വതി സ്വാമികളുടെ വാദഗതികളെ ആശ്രയിച്ചാണ് മറുവാദം പുറപ്പെടുവിക്കപ്പെടുക. ദയാനന്ദസരസ്വതിയുടെ വാദഗതിയനുസരിച്ച് ഋഗ്വേദത്തില്‍ ‘ഗോ’ എന്ന ശബ്ദം ഉപയോഗിച്ചിട്ടുള്ളത് പ്രകാശം എന്ന അര്‍ഥത്തിലാണ്; നാല്‍ക്കാലിയായ വീട്ടു മൃഗം എന്ന അര്‍ഥത്തില്‍ അല്ല. പക്ഷേ, ഈ വാദഗതി വ്യാഖ്യാന സമര്‍ഥവും ഭാഷാപാണ്ഡിത്യ പ്രഭാവമുള്ളതും ഒക്കെയാണെങ്കിലും വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. എന്തുകൊണ്ടെന്നാല്‍ വാളു കൊണ്ട് അറുക്കാവുന്നതും മഴു കൊണ്ട് വെട്ടി വേര്‍പ്പെടുത്താവുന്നതും കൂടം കൊണ്ട് ഇടിച്ചു വീഴ്ത്താവുന്നതുമായ പ്രകാശം ഇല്ല എന്നതുതന്നെ.

യജ്ഞം ചെയ്യുന്നതിനു ഗോഹത്യ നടത്തപ്പെട്ടിരുന്നു എന്ന് ഋഗ്വേദം തെളിയിക്കുന്നു. എന്നാല്‍ യാജ്ഞികര്‍ ഗോമാംസം കഴിച്ചിരുന്നോ?
ഈ ചോദ്യത്തിന് യജ്ഞം എപ്പോള്‍, എങ്ങനെ ചെയ്യണം എന്നതിനെപ്പറ്റിയൊക്കെ സവിസ്തരം വിശദീകരിക്കുന്ന ‘ബ്രാഹ്മണങ്ങള്‍’ എന്ന പേരിലറിയപ്പെടുന്ന വൈദിക ഗ്രന്ഥങ്ങളില്‍ നിന്ന് മതിയായ തെളിവുകള്‍ ലഭിക്കും. തൈത്തരീയ ബ്രാഹ്മണത്തില്‍ യാജ്ഞവല്‍ക്യമഹര്‍ഷി പറയുന്നു: ”പശുവും കാളയും വിശുദ്ധമാണ്; അതിനാല്‍ തന്നെ അവയെ നാം ഭക്ഷിക്കണം.” ഇതില്‍ നിന്ന് മാട്ടിറച്ചി തിന്നുന്നവരെ എല്ലാം തല്ലിക്കൊല്ലണം എന്ന നിലപാട് ഭാരതീയ വൈദിക പാരമ്പര്യത്തിനു നിരക്കുന്നതല്ലെന്ന് വ്യക്തമാണല്ലോ.

വാല്‍മീകി രാമായണത്തില്‍ പുത്രന്മാരില്ല എന്ന ദുഃഖം പരിഹരിക്കാന്‍ അയോധ്യാ പതിയായ ദശരഥ മഹാരാജാവ് അശ്വമേധയജ്ഞവും പുത്രകാമേഷ്ടിയാഗവും നടത്തുന്നത് വായിക്കാം. പ്രസ്തുത യാഗയജ്ഞങ്ങളില്‍ മുന്നൂറോളം ഗോക്കളെയും ഋഷഭങ്ങ(കാളകള്‍)ളെയും അറുത്ത് ഹോമിച്ച് ബലി നല്‍കി എന്നുതന്നെ വിവരിച്ചിട്ടുണ്ട്. നിരവധി ഗോമാതാക്കളെ കൊന്നു നടത്തിയ യജ്ഞഫലമായാണ് ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ തുടങ്ങിയ നാലു പുത്രന്മാര്‍ ദശരഥ മഹാരാജാവിനുണ്ടായതെന്ന് ചുരുക്കം. മഹാ ഭാരതത്തില്‍ ഭഗവദ്ഗീത കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രധാനമായി കരുതപ്പെട്ടുവരുന്ന ഒരു തത്ത്വദര്‍ശന ഉപദേശ ഗ്രന്ഥമാണ് വ്യാധഗീത. വ്യാധന്‍ ബ്രാഹ്മണ ബ്രഹ്മചാരിക്ക് ഉപദേശിച്ച ബ്രഹ്മ വിദ്യാശാസ്ത്രം ആണ് വ്യാധ ഗീത. വ്യാധ ശബ്ദത്തിനു ഇറച്ചി വെട്ടുകാരന്‍ എന്നാണ് അര്‍ഥം. വ്യാധഗീതാ ഗുരു തന്നെ ഇറച്ചി വെട്ടി ജീവിക്കുന്നവനായിരുന്നു എന്ന് ഇതില്‍ നിന്ന് വ്യക്തം. വ്യാധന്‍ മാനിനെയോ ആടിനെയോ മാത്രം അറുത്തു വിറ്റല്ല ഉപജീവനം നടത്തിയിരുന്നതെന്നും, മാടുകളെയും അറുത്തിരുന്നു എന്നും മനസ്സിലാക്കണം. ഇറച്ചിവെട്ടുകാരനു പോലും ബ്രഹ്മവിദ്യാഗുരു സ്ഥാനം അലങ്കരിക്കാനുള്ള ആന്തരിക യോഗ്യതകള്‍ ഉണ്ടാകാം എന്ന പാഠമാണ് മഹാഭാരതത്തിലെ വ്യാധഗീതോപാഖ്യാനം നല്‍കുന്നത്. അതിനാല്‍ ഗോഹത്യ ചെയ്താല്‍ അഭാരതീയനാകും എന്ന വാദം വാല്‍മീകി രാമായണത്തിനോ വ്യാസ മഹാഭാരതത്തിനോ നിരക്കുന്നതല്ലെന്നു വേണം മനസ്സിലാക്കാന്‍.

ഭരണഘടനാ രൂപീകരണ സമിതിയുടെ അധ്യക്ഷനായിരുന്ന ഡോ. അംബേദ്കര്‍ നിരവധി സ്മൃതി ഗ്രന്ഥങ്ങള്‍ പഠിച്ചറിഞ്ഞ ശേഷമാണ് ഹിന്ദുമത വിശ്വാസവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ നിയമനിര്‍മാണങ്ങള്‍ നടത്തിയത്. അതിനദ്ദേഹം ഏറ്റവും കൂടുതല്‍ ആശ്രയിച്ച സ്മൃതി ഗ്രന്ഥം യാജ്ഞവല്‍ക്യസ്മൃതിയാണ്. ഇതില്‍ പറയുന്നു:

”മഹോക്ഷം വാ മഹാജം വാ

ശ്രോത്രിയായോപകല്‍പയേദ്” (യാ സ്മൃതി, അധ്യായം 1, ശ്ലോകം 109). കാളയെയോ ആടിനെയോ അറുത്തെടുത്ത മാംസം കൊണ്ട് രുചികരമായ കറികള്‍ തയാറാക്കി ശ്രോത്രിയന്മാരെ (ബ്രാഹ്മണരെ) ഊട്ടണം എന്നര്‍ഥം. ഇങ്ങനെ മത്സ്യ-മാംസാദികള്‍ ബ്രാഹ്മണര്‍ ഉള്‍പ്പെടെ ആഹരിക്കുന്നതിനെ അനുമോദിക്കുന്ന നിരവധി വാക്യങ്ങള്‍ മനുസ്മൃതി ഉള്‍പ്പെടെയുള്ള ഏതാണ്ട് പ്രബലങ്ങളായ സ്മൃതി ഗ്രന്ഥങ്ങളിലെല്ലാം കാണാം. കാളന്‍ മാത്രമേ ആകാവൂ എന്നല്ല കാളയിറച്ചിയും ആകാം എന്നതാണ് ഭാരതത്തിലെ വൈദിക പാരമ്പര്യത്തിന്റെ നിലപാടെന്ന് ചുരുക്കം.

ഗോപാല ബാലകന്‍, ഗോപികാരമണന്‍, ഗീതാഗുരു എന്നീ നിലകളിലൊക്കെ ജനഹൃദയയേശ്വരനായിത്തീര്‍ന്ന ശ്രീകൃഷ്ണ ഭഗവാന്റെ ജീവിത ചരിത വര്‍ണനയാണ് ഭാഗവതപുരാണം. സപ്താഹ വായനയിലൂടെ ഭാഗവതം ഏറെ സുപരിചിതവും ആയിത്തീര്‍ന്നിട്ടുണ്ട്. യജ്ഞങ്ങളില്‍ ഗോവധം പതിവായിരുന്നു എന്ന കാര്യം ഭാഗവതവും വ്യക്തമാക്കിയിട്ടുണ്ട്. വാജപേയം എന്ന ആമുഖ യജ്ഞത്തോടു കൂടി അപൂര്‍വമായി നടത്തപ്പെടുന്ന മഹായജ്ഞമാണ് ‘ബൃഹസ്പതി സവം’. ഈ യജ്ഞം ആണ് ദക്ഷപ്രജാപതി ആരംഭിച്ചത്. ആ യജ്ഞവേദിയിലേക്ക് ഭര്‍ത്താവായ പരമശിവനെ ക്ഷണിക്കാതിരുന്നിട്ടും ദക്ഷപുത്രിയായ സതീദേവി കടന്നുചെല്ലുകയും അപമാനിതയായി സ്വയം ആഹൂതി ചെയ്യുകയും ചെയ്യുന്നുണ്ട്. ഈ ദക്ഷയാഗ ചരിതം ശ്രീമദ് ഭാഗവതത്തില്‍ വിവരിക്കുന്നുണ്ട്. അവിടെ ഇങ്ങനെ പറയുന്നു: ”വേദ മന്ത്രങ്ങളുടെ ഉച്ചധ്വനിയോടു കൂടിയ ആലാപനത്താല്‍ ഊര്‍ജിതവും, യാഗത്തിനുള്ള പശുവിനെ ഹിംസിപ്പാനുള്ള പ്രത്യേക സ്ഥാനത്തോടുകൂടിയും, ഭൃഗു മുതലായ ബ്രാഹ്മണ ഋഷിമാരാലും ദേവന്മാരാലും അലങ്കരിക്കപ്പെട്ട സഭയോടു കൂടിയും മണ്ണ്, മരം, ഇരുമ്പ്, സ്വര്‍ണം, ദര്‍ഭ, തോല്‍ എന്നിവയാല്‍ ഉണ്ടാക്കപ്പെട്ട യാഗോപകരണങ്ങളോടു കൂടിയും സംവിധാനിക്കപ്പെട്ട യജ്ഞസ്ഥാനത്തെ സതീദേവി പ്രവേശിച്ചു” (ഭാഗവതം, ചതുര്‍ഥ സ്‌കന്ധം, അധ്യായം 4, ശ്ലോകം 6).

ഇതില്‍ നിന്ന്, ഗോപാല കൃഷ്ണന്റെ ചരിതം വര്‍ണിക്കുന്ന ഭാഗവതത്തില്‍ പോലും യാഗ-യജ്ഞങ്ങളില്‍ ഗോഹത്യ പതിവായിരുന്നെന്ന് തെളിയുന്നു. ഇത്രയും പറഞ്ഞതില്‍ നിന്ന് അങ്ങേയറ്റത്ത് ഋഗ്വേദം മുതല്‍ ഇങ്ങേയറ്റത്ത് ഭാഗവതം വരെയുള്ള ഭാരതീയ വൈദിക പാരമ്പര്യത്തില്‍ എവിടെയും പൊതുവെ മത്സ്യ-മാംസ ഭക്ഷണം, ഗോഹത്യ നടത്തുന്നവരെയോ ഗോമാംസം ഭുജിക്കുന്നവരെയോ തല്ലിക്കൊല്ലാവുന്ന കുറ്റകൃത്യമായിരുന്നില്ലെന്ന് തെളിയുന്നു. ഈ പശ്ചാത്തലത്തിലാണ് ഋഗ്വേദം മുതല്‍ ഭാഗവതം വരെയുള്ള ഗ്രന്ഥരാശികളില്‍ എവിടെയും ഇല്ലാത്ത ഏതു സാംസ്‌കാരിക പാരമ്പര്യത്തെ ആധാരമാക്കിയാണ് ഗോഹത്യയും ഗോമാംസ ഭോജനവും കുറ്റകരമായി കാണുന്ന ഭാരതീയത സംഘ്പരിവാരം കണ്ടെത്തുന്നതെന്ന് ചോദിക്കേണ്ടിവരുന്നത്. ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രാമാണികമായ യാതൊരു മറുപടിയും നല്‍കാന്‍ ഇന്നേവരെ സംഘ്പരിവാരത്തിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെയാണ് വ്യാസനെയും വാല്‍മീകിയെയും ഒന്നും വേണ്ടത്ര ഗൗരവത്തില്‍ ഉയര്‍ത്തിക്കാണിക്കാത്തതും, ഗോദ്‌സേയെയും ഗോമാതാവിനെയും വേണ്ടതിലേറെ ഉയര്‍ത്തിക്കാട്ടുന്നതുമായ ആര്‍.എസ്.എസ് നിലപാടുകള്‍ കപട ഭാരതീയതയുടേതാണെന്ന് തിരിച്ചറിഞ്ഞ് എതിര്‍ക്കേണ്ടിവരുന്നതും. എതിര്‍ക്കുന്നവരെ കൊല്ലാന്‍ ഒരുപക്ഷേ സംഘ്പരിവാരത്തിന് കഴിഞ്ഞേക്കാം. പക്ഷേ, എതിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന ആശയങ്ങളെ ഇല്ലാതാക്കാനോ അതിന്റെ പ്രാമാണികതയെ തകര്‍ക്കാനോ സംഘ്പരിവാരത്തിനാവുകയില്ല. അതിനു കഴിയണമെങ്കില്‍ ഋഗ്വേദം മുതല്‍ ഭാഗവതം വരെ എങ്കിലും വായിച്ചു മനസ്സിലാക്കേണ്ടിവരും. അത്തരമൊരു വായനയുടെ സാധനയിലേക്ക് സംഘ്പരിവാരം പ്രവേശിച്ചാല്‍ ഗോഹത്യയും ഗോമാംസ ഭോജനവും നടത്തുന്നവരെ തല്ലിക്കൊല്ലുന്ന പ്രാകൃതത്വം അഭാരതീയമാണെന്ന് മനസ്സിലാക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും.

വിവരക്കേടിന്റെ വര്‍ഗീയ ഭാരതീയതയും വേദവിവേകത്തിന്റെ വിശാല ഭാരതീയതയും തമ്മിലുള്ള സംഘര്‍ഷത്തില്‍, വര്‍ഗീയ ഭാരതീയതയെ നയിക്കാന്‍ ഗോദ്‌സേയും ഗോല്‍വാള്‍ക്കറും മാത്രമേ ഉണ്ടാകൂ. വിശാല ഭാരതീയതയെ നയിക്കാന്‍ വ്യാസ, വാല്‍മീകിമാരുള്‍പ്പെട്ട മുഴുവന്‍ ഋഷിപരമ്പരയും ഉണ്ടാകും. ഒരു ഭാരതീയ ആധ്യാത്മിക സാധകന്‍ എന്ന നിലയില്‍ ഈയുള്ളവന് ഋഷി പരമ്പര നേതൃത്വം നല്‍കുന്നതും ‘മാവിദ്വിഫാവഹൈ’- വിദ്വേഷം അരുത്- മുദ്രാവാക്യമാക്കുന്നതുമായ വിശാല ഭാരതീയതക്കൊപ്പം നിലകൊള്ളാനേ കഴിയൂ. ക്രൈസ്തവ, മുസ്‌ലിം, കമ്യൂണിസ്റ്റ് വിദ്വേഷത്തിലൂന്നിയ വര്‍ഗീയ ഭാരതീയതയോടൊപ്പം നിലകൊള്ളാനാവില്ല. അതുകൊണ്ടാണ് മാട്ടിറച്ചിയുമായി ബന്ധപ്പെട്ട് നമ്മുടെ മഹത്തരമായ ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തില്‍ എന്തെന്തു നിലപാടാണ് നിലവിലുണ്ടായിരുന്നതെന്ന് ഇവിടെ ചൂണ്ടിക്കാണിച്ചത്.

(ഈ ലേഖനം ഐ.പി.എച്ച് ഉടന്‍ പ്രസിദ്ധീകരിക്കുന്ന ‘മാട്ടിറച്ചിയുടെ മഹാഭാരതീയത’ എന്ന എന്റെ പുസ്തകത്തിലെ രണ്ടാം അധ്യായത്തിലെ ഏതാനും ഭാഗങ്ങളുടെ സംഗ്രഹമാണ്).സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

 

Top