തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായ ജോണ്‍ ഡാനിയേലിന് കഴിഞ്ഞ ദിവസം ഒരു കോള്‍ വന്നു. കാറ്റിലും മഴയിലും ഒരു വീട് തകര്‍ന്നെന്നും ആ വീട്ടില്‍ അമ്മയും മകളും മാത്രമാണ് താമസമെന്നും ആരും സഹായിക്കാനില്ലെന്നും വിളിച്ചയാള്‍ അറിയിച്ചു. ഇതു കേട്ടയുടനെ ജോണ്‍ ഡാനിയേല്‍ സ്ഥലത്തേയ്ക്ക് പാഞ്ഞു. വീടിന്റെ ഒരു ഭാഗം തകര്‍ന്നിരിക്കുന്നു. പാട്ടുരായ്ക്കല്‍ ഡിവിഷനിലെ വിയ്യൂര്‍ റോസ ബസാറിലാണ് വീട്. കല്യാണിക്കുട്ടി(75), അമ്പിളി(50) എന്നിവരാണ് താമസക്കാര്‍.
അയല്‍വാസികളുമായി വലിയ അടുപ്പമൊന്നുമില്ലാത്തവരാണ് അമ്മയും മകളും. രാവിലെ നഗരം ചുറ്റി ഭിക്ഷ യാചിക്കും. വൈകുന്നേരത്തോടെ വീട്ടിലെത്തും. ഇതാണ് അവരുടെ ജീവിതം. വീടിന്റെ ഒരുഭാഗം തകര്‍ന്നതിനാല്‍ ഇവരെ എത്രയും വേഗം മറ്റൊരിടത്തേയ്ക്കു മാറ്റാന്‍ കൗണ്‍സിലറും നാട്ടുകാരും തീരുമാനിച്ചു. വീട്ടുസാമഗ്രികള്‍ ഒതുക്കി വയ്ക്കാനായി നാട്ടുകാര്‍ വീടിനകത്തു കയറി. അങ്ങനെ, ഓരോന്നും പെറുക്കിയെടുത്തു വയ്ക്കുന്നതിനിടെയാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തുന്ന ഒരു കാഴ്ച കണ്ടത്. പത്തു രൂപയുടെ നോട്ടുകളും രണ്ടിന്റേയും അഞ്ചിന്റേയും ചില്ലറകളും പലിയടത്തായി കിടക്കുന്നു. പായയുടെ താഴെയും കണ്ടു നോട്ടുകള്‍.
പിന്നെ, വീടു മുഴുവന്‍ പരിശോധിച്ചപ്പോള്‍ പണം ചാക്കില്‍ കുഴിച്ചിട്ട നിലയിലും കണ്ടെത്തി. രാവിലെ പതിനൊന്നു മണിക്കു തുടങ്ങിയ നോട്ടും ചില്ലറയും എണ്ണല്‍ അവസാനിച്ചത് രാത്രിയാണ്. ഒന്നര ലക്ഷം രൂപയാണ് വീടനകത്തു നിന്ന് കിട്ടിയത്. ശോചനീയാവസ്ഥയിലായിരുന്നിട്ടും വീടിന്റെ അറ്റകുറ്റപ്പണി ഇവര്‍ നടത്തിയിരുന്നില്ല. പണമില്ലാത്തത് കൊണ്ടാകും വീടിന്റെ അറ്റകുറ്റപ്പണി നടത്താതിരുന്നതെന്ന കരുതിയ നാട്ടുകാര്‍ക്ക് തെറ്റി. കുറച്ചുക്കൂടി പണമായ ശേഷം വീട് പണിയാനായിരുന്നു ഇവരുടെ പദ്ധതി.