നാട്ടുകാര്‍ക്ക് സേവനം ചെയ്തിരുന്ന ഒരു വേശ്യാലയം, ഇന്ത്യാ പാകിസ്ഥാന് അതിര്‍ത്തിയില്‍ രണ്ടായി മുറിക്കേണ്ടി വന്നാല്‍ എന്താണ് സംഭവിക്കുക. വിദ്യാ ബാലന് നായികയാകുന്ന ഏറ്റവും പുതിയ ചിത്രം ബീഗം ജാന്‍ അത്തരത്തിലൊരു വേശ്യാലയത്തിന്റെ കഥയാണ് പറയുന്നത്. അതിര്‍ത്തി വരച്ചപ്പോള്‍ രണ്ടായി മുറിഞ്ഞ് പോയ ഒരു വീട്. സ്വന്തം മണ്ണിനായി പോരാടുന്ന ഒരപൂര്‍വ്വ സമരകഥ. ചിത്രത്തിന്റെ ആകാംഷയുണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി. വേശ്യാലയം നടത്തിപ്പുകാരിയായ ബീഗം ജാന്‍ ആയി ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് വിദ്യാബാലന് എത്തുന്നത്.
ബംഗാളി സംവിധായകന് ശ്രീജിത് മുഖര്‍ജി സംവിധാനം ചെയ്ത ബീഗം ജാന്‍ ബംഗാളി ചലച്ചിത്രം രാജ്കഹിനി എന്ന ചിത്രത്തിന്റ റീമേക്കാണ്. സംഗീതം അനു മാലിക്ക്. ഇന്ത്യ-പാകിസ്താന് വിഭജന സമയത്ത് അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന ഒരു വേശ്യാലയത്തിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഗൗഹര്‍ ഖാന്, പല്ലവി ശര്‍ദ, ഇള അരുണ്‍, മിഷ്ടി ചക്രവര്‍ത്തി, പിറ്റോബാഷ് , നസീറുദ്ദീന്‍ ഷാ, ചുന്കീ പാണ്ഡെ കീ എന്നിവര്‍ അഭിനയിക്കുന്നു. വിശേഷ് ഫിലിംസ് നിര്‍മ്മാണം, ബീഗം ജാന്‍ ഏപ്രില്‍ 14ന് തിയറ്ററുകളില്‍ എത്തും.