റോം :വൈദികരുടെ പീഡനങ്ങൾക്കെതിരെ പോപ്പിനെ വേദിയിലിരുത്തി കടുത്ത വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി.കത്തോലിക്കാ സഭയുടെ വൈദിക ലൈംഗികാതിക്രമം മറച്ചുവെച്ചതിന് ഉത്തരവാദിത്തം ആവശ്യപ്പെട്ട് ബെൽജിയം പ്രധാനമന്ത്രി വെള്ളിയാഴ്ചയാണ് ഫ്രാൻസിസ് മാർപാപ്പക്കെതിരെ നിശിത വിമർശനം ഉന്നയിച്ചത് .സകല പ്രോട്ടോക്കോളും കീഴ്വഴക്കങ്ങളും ലംഘിച്ച് ഫ്രാൻസിസ് മാർപ്പാപ്പയെ വേദിയിലിരുത്തി ബൽജിയം പ്രധാനമന്ത്രി കടുത്ത ഭാഷയിൽ നടത്തിയ പ്രസ്താവന ആഗോളസഭയെയും പോപ്പിനെയും ഞെട്ടിച്ചിരിക്കുകയാണ്. കത്തോലിക്കാ വൈദികരുടെ ബാലപീഡനകഥകൾ വെട്ടിത്തുറന്ന് പറഞ്ഞ പ്രധാനമന്ത്രി അലക്സാണ്ടർ ദെ ക്രൂ, വൈദികർക്കെതിരെ പ്രസ്താവന നടത്തിയാൽ പോരെന്നും ശക്തമായ നടപടി വേണമെന്നും പോപ്പിനോട് നേരിട്ട് ആവശ്യപ്പെട്ടു.
ആഗോള കത്തോലിക്ക സഭയുടെ ആത്മീയ നേതാവ് എന്നതിലുപരി വത്തിക്കാൻ രാഷ്ട്രത്തലവൻ എന്ന പദവിയാണ് രാജ്യങ്ങൾ സഞ്ചരിക്കുമ്പോൾ മാർപ്പാപ്പയ്ക്ക് ലഭിക്കുന്നത്. ഇത്തരം തർക്കവിഷയങ്ങൾ പൊതുവേദിയിൽ ഉന്നയിക്കുന്ന പതിവില്ല. അതുകൊണ്ട് തന്നെ ഈ പ്രതികരണം ആഗോളശ്രദ്ധ നേടി. ബെൽജിയം രാജാവ് ഫിലിപ്പും പോപ്പിൻ്റെ സാന്നിധ്യത്തിൽ തന്നെ സഭക്കെതിരെ ആഞ്ഞടിച്ചു.
എന്താണ് ഇരുവർക്കും ഇത്രയധികം പ്രകോപനം ഉണ്ടാക്കിയത്? കഴിഞ്ഞ 50 വർഷത്തിനിടയിൽ സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെപ്പേർ ബെൽജിയത്തിൽ കത്തോലിക്കാ വൈദികരുടെ പീഡനങ്ങൾക്ക് ഇരകളായിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇവരുടെ ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള ‘ഗോഡ് വേർജെറ്റൻ’ എന്ന ഡോക്യൂമെൻ്ററി പരമ്പര റിലീസായത്. 476 ബാലപീഡനങ്ങൾ ഉൾപ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് അതിലൂടെ പുറത്തുവന്നത്. സഭയുടെ ബോർഡിംഗ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളും അൾത്താര ബാലന്മാരുമാണ് മിക്കപ്പോഴും പീഡനങ്ങൾക്ക് ഇരയായിട്ടുള്ളത്. ഈ കുട്ടികൾക്കുണ്ടായ മാനസികവും ശാരീരികവുമായ ബലഹീനതകളെക്കുറിച്ച് നിരന്തരം വന്ന അന്വേഷണ റിപ്പോർട്ടുകളാണ് വിശ്വാസികളേയും ഭരണാധികാരികളേയും പോപ്പിനെതിരെ തിരിയാൻ ഇടയാക്കിയത്. 2010ൽ പുറത്തുവന്ന 200 പേജുള്ള റിപ്പോർട്ട് ബെൽജിയം സഭയുടെ വികൃതമുഖമാണ് തുറന്ന് കാട്ടിയത്. മിക്കപ്പോഴും സഭ നേരിട്ട് ഇടപെട്ട് ഇത്തരം സംഭവങ്ങൾ മൂടിവയ്ക്കുന്നതിലെ പ്രതിഷേധം കൂടിയാണ് പോപ്പിൻ്റെ സ്വീകരണ ചടങ്ങിൽ പ്രതിഫലിച്ചത്.
17 അതിജീവിതർ ഉൾപ്പടെ വലിയൊരു സദസിന് മുന്നിലാണ് രാജാവും പ്രധാനമന്ത്രിയും വൈദികരുടെ ക്രൂരത നിറഞ്ഞ കൊള്ളരുതായ്മകളെക്കുറിച്ച് പോപ്പിനോട് വിവരിച്ചത്. തങ്ങൾ നേരിട്ട പീഡനത്തെക്കുറിച്ച് ഇരകൾ പോപ്പിനോട് നേരിട്ട് വിവരിക്കുകയും ചെയ്തു. “നിങ്ങൾക്കേറ്റ മുറിവുകളിൽ ഞാൻ ക്ഷമ ചോദിക്കുന്നു. വൈദികരുടെ നടപടികളിൽ ലജ്ജിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്യുന്നു”, പോപ്പ് പ്രതികരിച്ചു. ഇനി ഇതാവർത്തിക്കാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മാർപ്പാപ്പ വ്യക്തമാക്കി. 2010ൽ ബെൽജിയത്തിലെ ബിഷപ്പായിരുന്ന റോജർ വാങ് ലൂവെ തൻ്റെ അനന്തരവനെ 13 കൊല്ലം പീഡിപ്പിച്ചതായി ഏറ്റുപറഞ്ഞത് വൻ വിവാദമായിരുന്നു. അയാൾ സ്വയം രാജിവെച്ച് പോയതിനെ തുടർന്ന് ശിക്ഷാ നടപടികളിൽ നിന്ന് ഒഴിവാക്കി. ഇയാളെ ഈ വർഷം ഫ്രാൻസിസ് മാർപ്പാപ്പ സഭയിൽ നിന്ന് പുറത്താക്കിയിരുന്നു.
ലൈംഗിക പീഡന പരാതികളിൽ സഭ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ – സാമൂഹ്യ സംഘടനകളും നേതാക്കളും പോപ്പിൻ്റെ സ്വീകരണ ചടങ്ങ് ബഹിഷ്കരിച്ചു. 600 വർഷം പഴക്കമുള്ള ലീവ്യൂൻ കത്തോലിക്കാ യൂണിവേഴ്‌സിറ്റിയുടെ വാർഷിക ചടങ്ങിൽ പങ്കെടുക്കാനാണ് പോപ്പ് ബെൽജിയത്തിൽ എത്തിയത്. തുടരെത്തുടരെ ഉയരുന്ന വൈദികരുടെ ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള പരാതികളും റിപ്പോർട്ടുകളും സഭയുടെ ധാർമ്മിക അടിത്തറയെപ്പോലും ബാധിച്ചതായി യൂണിവേഴ്സിറ്റി റെക്ടർ ലൂക്ക് സെൽസിനെ ഉദ്ധരിച്ചുകൊണ്ട് അസോസിയേറ്റ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈദികരുടെ കുറ്റകൃത്യങ്ങൾ മൂടിവെക്കുന്നത് അവസാനിപ്പിക്കണമെന്ന് ലൂക്ക് സെൽസ് മാർപ്പാപ്പയോട് ആവശ്യപ്പെട്ടു.
സാധാരണ ഗതിയിലുളള നയതന്ത്ര കീഴ്‌വഴക്കങ്ങളും പ്രോട്ടോക്കോളുകളും മാറ്റിവച്ചു കൊണ്ടുള്ള സ്വീകരണ ചടങ്ങുകളാണ് കൊട്ടാരത്തിൽ നടന്നത്. കഴിഞ്ഞ 11 വർഷമായി സഭാ തലവനായിരിക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ വിദേശരാജ്യ സന്ദർശനത്തിനിടയിൽ ഇത്തരമൊരു സംഭവം ആദ്യമാണെന്നും എപി റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 72 ശതമാനം കത്തോലിക്കരുള്ള ബെൽജിയത്തിലെ വൈദികരുടെ ഈ ദുഷ്ചെയ്തികൾ നിമിത്തം സഭയുടെ ധാർമ്മിക അടിത്തറ പൂർണമായി തകർന്നുവെന്ന് പോപ്പിനെ വേദിയിലിരുത്തി പറഞ്ഞത് സഭയ്ക്കാകെ ഏറ്റ വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. പീഡനത്തിന് ഇരയായവരിൽ 17 പേർ ഇതേ വേദിയിൽ മാർപ്പാപ്പയോട് നേരിട്ട് സംസാരിച്ചു.