മൂന്നു മാസങ്ങള്‍ക്കുളളില്‍ വയര്‍ ആലിലപോലെ ഒതുക്കാം, ഇതാ, ഈ ചിട്ടകള്‍ ഒന്നു പാലിച്ചു നോക്കൂ. സെല്‍ഫി എടുക്കുന്നതിനിടെ ആരും തമാശ പറയരുത്. ചീത്ത കിട്ടുമെന്ന് ഉറപ്പ്. കഷ്ടപ്പെട്ട് വയറ് അകത്തേക്ക് വലിച്ചു പിടിച്ചു നില്‍ക്കുമ്പോഴാണ് ഓരോ പൊട്ടത്തമാശ.’’ എന്നു പറഞ്ഞു പലരും കണ്ണുരുട്ടി നോക്കുന്നതു കാണാം. മോഡേണ്‍ ഡ്രസ്സണിഞ്ഞു നടന്നിരുന്ന ആള്‍ പെട്ടെന്ന് ശാലീന സുന്ദരി ചുരിദാറിലേക്ക് കളം മാറുന്നെങ്കില്‍ ഉറപ്പാണ് വയറു ചാടി എന്ന കോംപ്ലക്സ് ആണ് വില്ലന്‍.കുടവയറിനെ ഒളിപ്പിച്ചു വയ്ക്കാന്‍ ഇങ്ങനെ കഷ്ടപ്പെടേണ്ട കാര്യമുണ്ടോ ? മടി മാറ്റിവച്ചു കൃത്യമായി വ്യായാമം ചെയ്തു നോക്കൂ. ഒപ്പം ജീവിത ശൈലീ ക്രമീകരണവും ഉണ്ടെങ്കില്‍ കുറഞ്ഞ നാളുകള്‍ക്കുളളില്‍ വയര്‍ എല്‍സിഡി ടിവി പോലെ ഫ്ളാറ്റാകും. ആറു കിലോവരെ ഭാരം കുറച്ച് കുടവയര്‍ ഒതു ക്കാന്‍ കൂടി വന്നാല്‍ മൂന്നുമാസം മതി. അമിതവണ്ണമുളളവര്‍ക്ക് പന്ത്രണ്ട് മുതല്‍ പതിനഞ്ച് കിലോ വരെ കുറയ്ക്കേണ്ടി വന്നേ ക്കാം. വെറും ആറുമാസത്തിനുളളില്‍ സാധിക്കാവുന്നതേയുളളൂ.
കാരണം ആദ്യം കണ്ടുപിടിക്കണം.
അമിതമായ ഭക്ഷണവും വ്യായാമത്തിന്റെ അഭാവവുമാണു കൂടുതല്‍ പേരുടെയും കുടവയറിനു കാരണം. അമിതമായെത്തുന്ന ഗ്ലൂക്കോസ് കൊഴുപ്പാക്കി ശരീരത്തില്‍ സംഭരിക്കപ്പെടുന്നു. കുടലില്‍ ഒമെന്റം എന്ന ഭാഗമുണ്ട്. ആവശ്യമില്ലാത്ത കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഇവിടെയാണ്. ഇതാണ് വയറുചാട്ടത്തിന് പ്രധാന കാരണം.
വ്യായാമമില്ലായ്മയും കുടവയറിനു കാരണമാകും. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കുടവയറുണ്ടാകാനുളള സാധ്യ ത കൂടുതലാണ്.
ചിലരില്‍ വയറിലെ മസിലുകളുടെ അമിതമായ അയവ് മൂലവും കുടവയറുണ്ടാകും. അസുഖങ്ങളും കുടവയറിന് കാരണമാകും.അമിതവണ്ണമുളളവരിലാണു സാധാരണ കുടവയര്‍ കാണുക. വയര്‍ മാത്രമാണ് കൂടുതലെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം. ഇത് രോഗലക്ഷണമാകാനാണു സാധ്യത. ലിവര്‍ സിറോസിസ് പോലുളള അസുഖമുളളവരില്‍ ഇങ്ങനെ കാണാറുണ്ട്. കുടവയറുളളവര്‍ക്കു ടൈപ്പ് 2 ഡയബറ്റീസ്, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവ ഉണ്ടാവാനുളള സാധ്യത കൂടുമെന്ന് മറക്കേണ്ട.
നടുവേദനയ്ക്കുളള പ്രധാന കാരണങ്ങളിലൊന്നാണു കുടവയര്‍. നടുവിന്റെ ഭാഗത്തു സ്വാഭാവികമായ ഒരു വളവുണ്ട്. അടി വയറ്റിലെ മസിലാണു നടുവ് നിവര്‍ത്തി നേരെ നില്‍ക്കാന്‍ നമ്മെ സഹായിക്കുന്നത്. വയര്‍ കൂടുന്നതിനനുസരിച്ച് നടുവിന് ആയാസം കൂടുകയും നടുവിന്റെ ഭാഗം കൂടുതല്‍ വളയുകയും ചെയ്യും. ഇതു നടുവിനു സമ്മര്‍ദ്ദമുണ്ടാക്കുകയും നടുവേദനയ്ക്കു കാര ണമാകുകയും ചെയ്യും
ലൈഫ്സ്റ്റൈല്‍ മാറ്റിയേ പറ്റൂ
മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പായാല്‍ പിന്നെ ആദ്യം ചെയ്യേണ്ടത് ജീവിതശൈലി ക്രമീകരിക്കുമെന്ന പ്രതിജ്ഞയെടു ക്കുകയാണ്. ദിവസവും കുറഞ്ഞത് നാല്‍പ്പതു മിനിറ്റെങ്കിലും വ്യായാമത്തിനു വേണ്ടി നീക്കി വയ്ക്കണം. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കുകയും ഇനി കൊഴുപ്പ് അടിഞ്ഞു കൂടാനുളള സാധ്യത ഇല്ലാതാക്കുകയുമാണ് വേണ്ടത്. എത്രകാലം കൊണ്ടാണു കുടവയര്‍ ഉണ്ടായതെന്നതിന് അനുസരിച്ചാണു കുറയ്ക്കാനെടുക്കുന്ന കാലയളവും. മാസം രണ്ടു കിലോ വരെ കുറയ്ക്കാനാവും.
വയറിലെ പേശികള്‍ക്ക് അയവുണ്ടാകുന്നത് കുടവയറിനു കാരണമാകും. വയറിലെ പേശികളുടെ ദൃഢത വര്‍ധിപ്പിക്കുന്ന വ്യായാമങ്ങള്‍ ചെയ്താല്‍ ഇതു തടയാനാവും. പ്രസവം കഴിയു മ്പോഴാണു ഭൂരിഭാഗം സ്ത്രീകളുടെയും വയര്‍ ചാടുന്നത്. ഗര്‍ഭാവസ്ഥയില്‍ വലിഞ്ഞു മുറുകിയ പേശികള്‍ പ്രസവത്തിനു ശേഷം അയയുന്നതാണ് ഇങ്ങനെ വയര്‍ ചാടാന്‍ ഇടയാക്കുന്നത്. ഇങ്ങനെയുളളവര്‍ യാതൊരു വ്യായാമവും ചെയ്യാതിരുന്നാല്‍ ഈ വയര്‍ അതേപടി നിലനില്‍ക്കും. കൃത്യമായി വ്യായാമം ചെയ്താല്‍ മാത്രമേ വയര്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയൂ. പ്രസവശേഷം ആറുമാസം കഴിഞ്ഞു വ്യായാമം ചെയ്തു തുടങ്ങാം.
വയറിന്റെ അയഞ്ഞു തൂങ്ങിയ മസിലുകള്‍ക്കു ദൃഢത നല്‍കാനുളള വ്യായാമങ്ങളിതാ.
മലര്‍ന്നു കിടക്കുക. തല മുതല്‍ നെഞ്ച് വരെയുളള ഭാഗം ഉയര്‍ത്താന്‍ ശ്രമിക്കുക. ഒപ്പം രണ്ടു കാലും ഒരുമിച്ചു പൊക്കിപ്പിടിക്കുക. ആദ്യം ചെയ്യുന്നവര്‍ ഒരു കാല്‍ മാത്രം പൊക്കിപ്പിടിച്ചാല്‍ മതി. കൈയുടെ സഹായമില്ലാതെ വേണം ഇതു ചെയ്യേണ്ടത്. പറ്റുന്നത്ര നേരം ഈ നില തുടരുക. ആവശ്യത്തിന് ഇടവേള നല്‍കി ദിവസം കുറഞ്ഞത് ഇരുപത് മിനിറ്റെങ്കിലും ഈ വ്യായാമം ചെയ്യണം. രണ്ടു കാലും ഉയര്‍ത്തുമ്പോള്‍ വയറിലെ പേശികള്‍ മുറുകുന്നത് അറിയാനാവും. പതിവായി ചെയ്യുന്നതു കുടവയര്‍ കുറയാന്‍ സഹായിക്കും.</പ്>
മലര്‍ന്നു കിടന്ന് കാല്‍മുട്ട് മടക്കി പാദങ്ങള്‍ നിലത്ത് അമര്‍ത്തുക. നട്ടെല്ലിന്റെ വളവുളള ഭാഗത്തു തലയണയോ ഷീറ്റ് മടക്കി യതോ വയ്ക്കുക. ശ്വാസം പിടിച്ചു വയര്‍ പരമാവധി ഉളളി ലേക്കു വലിച്ചു പിടിക്കുക. പത്തു സെക്കന്‍ഡിനുശേഷം ശ്വാസം വിടുക. ഇരുപതു മിനിറ്റ് നേരം ചെയ്യണം.
നിരപ്പായ തറയിലോ നിലത്തോ നിവര്‍ന്നു കിടക്കുക. കാലുകള്‍ മടക്കി പാദങ്ങള്‍ തറയില്‍ അമര്‍ത്തി വയ്ക്കണം. ഉളളിലേക്കു ശ്വാസം വലിച്ചെടുത്ത് വയര്‍ അകത്തേക്കു വലിച്ചു പിടിച്ചു കൊണ്ട് നടുവ് നിലത്ത് അമര്‍ത്തണം.
ശയനപ്രദക്ഷിണം വയര്‍ കുറയ്ക്കാന്‍ പറ്റിയ വ്യയാമമാണ്. ഒരു നീളമുളള ഹാളില്‍ കൈകളും കാലുകളും പിണച്ചു കൊണ്ട് ശയനപ്രദക്ഷിണം നടത്തുന്നതുപോലെ അങ്ങോട്ടും ഇങ്ങോട്ടും ഉരുളുക. വെറും നിലത്തു കിടന്നോ ഇങ്ങനെ ഉരുളാം. കൈകളുടെയും കാലുകളുടെയും സഹായമില്ലാതെ വയറിലെ പേശികളു ടെ സഹായത്തോടെ ഉരുളുന്നതു പേശികള്‍ക്കു ദൃഢത നല്‍കു കയും വയര്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
വയറില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് ഇല്ലാതാക്കാന്‍ വ്യായാമം ചെയ്യുന്നതിനൊപ്പം ഭക്ഷണനിയന്ത്രണത്തിലൂടെ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഒഴിവാക്കുകയും വേണം.
തവിടുളള അരി കൂടുതലായി കഴിക്കുന്നതാണ് ഉത്തമം. വെളള അരി പരമാവധി ഒഴിവാക്കുക. ബ്രൗണ്‍ അരിയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. വെളുത്ത അരിയെ അപേക്ഷിച്ചു ഇതു ദഹിക്കാന്‍ താമസമെടുക്കും.പഞ്ചസാര അടങ്ങിയ ഭക്ഷണം പരമാവധി ഒഴിവാക്കണം. പഞ്ചസാര അമിതമായി കഴിക്കുന്നത് വയറിന്റെ അടിഭാഗം കൂടുതലായി ചാടാന്‍ ഇടയാക്കും. സോഫ്റ്റ് ഡ്രിങ്ക്സില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ബേക്കറി പലഹാരങ്ങളും കുറയ്ക്കണം.
വണ്ണം കുറയ്ക്കാന്‍ വേണ്ടി ഒന്നോ രണ്ടോ നേരം ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. ഇതു തെറ്റായ പ്രവണതയാണ്. ഒരിക്കലും വിശന്നിരിക്കരുത്. ശരീരത്തിലെത്തുന്ന കലോറി കത്തിച്ചു കളയുന്നതിന് വ്യായാമങ്ങളിലേര്‍പ്പെടുകയാണ് ഉത്തമം. ഭക്ഷണം കഴിക്കുന്നതില്‍ വലിയ ഇടവേള വന്നാല്‍ ശരീരത്തിലെത്തുന്ന കലോറി ചെലവാകാതിരിക്കാന്‍ ശരീരം ശ്രമിക്കും. പകരം കലോറി കുറവുളള തണ്ണിമത്തന്‍, പപ്പായ തുടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക.
ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം. സംസ്കരിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക.
ദിവസവും അഞ്ചോ ആറോ നട്സ് കഴിക്കണം. ഇതിലടങ്ങിയിട്ടുളള പോഷകങ്ങള്‍ ശരീരത്തിനു ഗുണകരമാണ്.പോഷക പ്രദമായ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒരു ദിവസത്തേക്ക് ആവശ്യമുളള എനര്‍ജി കിട്ടാനും പിന്നീടുളള സമയത്ത് അമിതമായി ഭക്ഷണം കഴിക്കാനുളള പ്രവണത കുറയ്ക്കാനും സഹായിക്കും.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കണം. പയര്‍ പരിപ്പ്, തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ചു കഴിക്കുന്നതാണു ഉത്തമം. പാല്‍, മുട്ടയുടെ വെളള, മീന്‍ ഇവ ആവശ്യമായ പ്രോട്ടീന്‍ നല്‍കും.
വ്യായാമം ചെയ്യുമ്പോള്‍
വയറിന്റെ മസിലുകള്‍ക്ക് എത്രമാത്രം വ്യായാമം കൊടുക്കുന്നു എന്നതാണു പ്രധാനം. അബ‌്ഡൊമിനല്‍ മസിലിനെ കരുത്തുളളതാക്കുന്ന വ്യായാമങ്ങളാണു വേണ്ടത്. അമിതമായ കൊഴുപ്പ് കത്തിച്ചു കളയുന്നതാണ് ഇത്തരം വ്യായാമങ്ങള്‍ ചെയ്യുക.നടത്തം പോലെയുളള വ്യായാമങ്ങള്‍ വയറിന്റെ മസിലുകള്‍ക്കു ചെറിയ തോതില്‍ മാത്രമേ പ്രയോജനം നല്‍കൂ. നീന്തലാണ് ഏറ്റവും നല്ല വ്യായാമം. സൈക്ലിങ്, ജോഗിങ് എന്നീ എക്സര്‍സൈസുകളും വയറിന് നല്ല വ്യായാമം നല്‍കും.
ഏതു വ്യായാമം ചെയ്യുമ്പോഴും 5 മിനിറ്റ് കഴിഞ്ഞ് ക്ഷീണം തോന്നിയാല്‍ നിര്‍ത്തുക. ഒറ്റത്തവണ മണിക്കൂറുകളോളം വ്യായാമം ചെയ്യുന്നത് ഒഴിവാക്കാം. പകരം ദിവസവും മൂന്ന് ഘട്ടമായി ഇരുപത് മിനിറ്റ് നേരം വീതം വ്യായാമം ചെയ്യുന്നതാണ് ഉത്തമം. ഇതിനു കഴിയാത്തവര്‍ രാവിലെയും വൈകിട്ടും വ്യായാ മം ചെയ്താല്‍ മതിയാകും.
വയര്‍ കുറയ്ക്കും ചികിത്സകള്‍
ലൈപൊസക്ഷന്‍ അഥവാ ലൈപോ പ്ലാസ്റ്റി.ശരീരത്തിലെ ഒരു പ്രത്യേക ഭാഗത്തു നിന്നുളള അമിതമായ കൊഴുപ്പ് നീക്കം ചെയ്യുന്ന കോസ്മെറ്റിക് സര്‍ജറിയാണിത്. എന്‍ഡോസ്കോപ്പിയിലൂടെയെന്ന പോലെ വണ്ണം കുറയ്ക്കേണ്ട ശരീര ഭാഗത്തെ അമിതമായുളള കൊഴുപ്പ് നീക്കുകയാണു ചെയ്യുക. ഇങ്ങനെ വയറിന്റെ അമിത വണ്ണം കുറയ്ക്കാന്‍ പറ്റും
ബാരിയാട്രിക് സര്‍ജറി
വലിയ ആമാശയമുളളവര്‍ക്ക് അത്രയും വലിയ അളവില്‍ ഭക്ഷണം വേണം. ഇവര്‍ക്ക് അമിത വണ്ണവും കുടവയറുമുണ്ടാവുകയും ചെയ്യും. ആമാശയത്തിന്റെ അളവ് കുറയ്ക്കുകയാണ് ഈ സര്‍ജറിയിലൂടെ ചെയ്യുക. ആമാശയത്തിന്റെ അളവ് പകുതിയോ രണ്ടിലൊന്നോ അല്ലെങ്കില്‍ മൂന്നിലൊന്നോ ആക്കി കുറയ്ക്കും. അതോടെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയും.
ഡോ.പി.എസ്. സുരേഷ്കുമാര്‍