![](https://dailyindianherald.com/wp-content/uploads/2017/09/dfghj-4.jpg)
ബിനാമി സ്വത്തുക്കളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കാന്‍ കേന്ദ്രം കൂടിയാലോചിക്കുന്നു. ബിനാമി സ്വത്തുക്കള്‍ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികളെ സഹായിക്കുന്നവര്‍ക്കും രഹസ്യ വിവരം കൈമാറുന്നവര്‍ക്കും ഒരു കോടി വരെ പാരിതോഷികം നല്‍കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഈ പദ്ധതി അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വന്നേക്കുമെന്നും സൂചനയുണ്ട്. ബിനാമി സ്വത്തുക്കളെക്കുറിച്ച് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ പാരിതോഷികമായി നല്‍കുമെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിനാമി ഇടപാടുകാരെ എളുപ്പത്തില്‍ കണ്ടെത്തി നികുതി വെട്ടിപ്പ് തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്‍റെ പരിഗണനയിലിരിക്കുന്ന പദ്ധതി ധനകാര്യ മന്ത്രിയുടെ അന്തിമ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. 2016 ല്‍ അവതരിപ്പിച്ച ബിനാമി വസ്തു നിയമത്തില്‍ ഇത്തരമൊരു വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നില്ല. പദ്ധതി പ്രഖ്യാപനം ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ഉണ്ടാകുമെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. വിവരം നല്‍കുന്ന വ്യക്തിയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് വ്യക്തമാക്കിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ കൈമാറുന്നത് കൃത്യമായിരിക്കണമെന്നും വ്യക്തമാക്കി. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സും ചേര്‍ന്നാണ് ബിനാമി സ്വത്തുക്കളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുക. ബിനാമി പേരില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നത് നിയന്ത്രിയ്ക്കുന്ന ബിനാമി ഇടപാട്( നിരോധന) ഭേദഗതി നിയമം 2016ലാണ് ലോക്‌സഭ പാസാക്കിയത്. ബിനാമി സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഭേദഗതി ചെയ്ത നിയമം. ഇല്ലാത്ത കമ്പനികളുടെ പേരിലുള്ളവയും നേരിട്ട് ഒരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് മറ്റൊരാള്‍ അനുഭവിച്ചുവരുന്നതുമായ സ്വത്തും ബിനാമിയായി കണക്കാക്കും. ഇത്തരത്തില്‍ ബിനാമി സ്വത്തിന്റെ നിര്‍വചനത്തിലും ഭേദഗതി നിര്‍ണ്ണായക മാറ്റം വരുത്തിയിട്ടുണ്ട്. ഭേദഗതി ചെയ്ത നിയമത്തില്‍ ആരാധനലായങ്ങള്‍ക്ക് മാത്രമാണ് ഇളവുള്ളത്. നിമയത്തിലെ സെക്ഷന്‍ 58ലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളത്. ആരാധനാലയങ്ങളുടെ സ്വത്താണെന്ന് ബോധ്യപ്പെട്ടാല്‍ സര്‍ക്കാരിന് ഈ വസ്തുവകകള്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് നീക്കാന്‍ അധികാരമുണ്ടായിരിക്കും.
ഭൂമിയുടെ നിയന്ത്രണം സംസ്ഥാനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്നതിനാല്‍ ബിനാമി സ്വത്താണെന്ന് കണ്ടെത്തുന്ന ഭൂമി സംസ്ഥാന സര്‍ക്കാരുകള്‍ കൈവശം വയ്ക്കമെന്ന് എംപിമാര്‍ വാദിച്ചെങ്കിലും പിടിച്ചെടുക്കുന്ന ഭൂമി കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആയിരിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി വ്യക്തമാക്കുകയായിരുന്നു. അമ്മയുടെ പേരില്‍ വസ്തുവകകള്‍ വാങ്ങിക്കൂട്ടുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബിനാമി ട്രാന്‍സാക്ഷന്‍ ആക്ടിലെ ഭേദഗതി. 2016 നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന ബിനാമി ട്രാന്‍സാക്ഷന്‍സ് അമെന്‍ഡ്മെന്റ് ആക്ട് 2016ലെ വകുപ്പുകളാണ് ബിനാമികളെ ഉപയോഗിച്ച് വസ്തുവകകള്‍ വാങ്ങിക്കൂട്ടുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ലഭിയ്ക്കാമെന്ന് ചൂണ്ടിക്കാണിക്കുന്നത്. 2016ല്‍ ലോക്‌സഭ പാസാക്കിയ ബിനാമി ഇടപാട്(നിരോധന) നിയമം ബിനാമി സ്വത്ത് പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ്. എന്നാല്‍ ആരാധനാലയങ്ങളുടെ പേരിലുള്ള സ്വത്തുക്കള്‍ക്ക് മാത്രമാണ് ഭേദഗതി ചെയ്ത നിയമത്തില്‍ ഇളവുള്ളത്. 1988ല്‍ കൊണ്ടുവന്ന 28 വര്‍ഷം പഴക്കമുള്ള നിയമമാണ് 2017 ജനുവരിയില്‍ ഭേദഗതി ചെയ്തിട്ടുള്ളത്.