ബംഗളുരു: ഇങ്ങനേയും നാലാം ലിംഗക്കാരുണ്ട് .നിയമസഭ തടവിനു വിധിച്ച പത്രാധിപർ സഹപ്രവർത്തകനെ വധിക്കാൻ ക്വട്ടേഷൻ നൽകി അറസ്റ്റിലായി . സഹപ്രവർത്തകനെ വധിക്കാൻ വാടകക്കൊലയാളിക്കാണ് ക്വട്ടേഷൻ നൽകിയ വാരികയുടെ പത്രാധിപരാണ് ബംഗളുരുവിൽ അറസ്റ്റിൽ. കന്നഡ ടാബ്ളോയിഡ് ഹായ് ബാംഗളൂരിന്‍റെ എഡിറ്റർ രവി ബൽഗാരെയെയാണ് വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.
ഹായ് ബാംഗളൂരിലെ ജീവനക്കാരനായ സുനിൽ ഹെഗെരവാനഹള്ളി എന്ന സഹപ്രവർത്തകനെ വധിക്കാൻ രവി ക്വട്ടേഷൻ നൽകിയെന്ന വാടകക്കൊലയാളിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് അറസ്റ്റ്. കൊലപാതകം നടത്തുന്നതിനു മുന്പ് വാടകക്കൊലയാളി അറസ്റ്റിലായി. വ്യക്തിവൈരാഗ്യമാണ് ക്വട്ടേഷൻ നൽകിയതിനു പിന്നിലെ കാരണമെന്നാണു പോലീസ് പറയുന്നത്.
ശശിധർ മുണ്ടെവാഡി എന്ന വാടകക്കൊലയാളിയാണ് അറസ്റ്റിലായത്. മൂന്നു കൊലക്കേസുകളിൽ പ്രതിയാണ് ഇയാൾ. കൊല നടത്താൻ ഇയാൾ തോക്ക് വാങ്ങിയ ഇടപാടുകാരനെ അറസ്റ്റ് ചെയ്തതിൽനിന്നാണ് പോലീസിന് ക്വട്ടേഷനെ സംബന്ധിച്ചു വിവരം ലഭിച്ചത്. തുടർന്നു പോലീസ് നടത്തിയ തെരച്ചിലിൽ ശശിധറിന്‍റെ വീട്ടിൽനിന്നു തോക്കും നൂറിലധികം തിരകളും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസവും താൻ രവിയുമായി സംസാരിച്ചതാണെന്നും തനിക്കെതിരേ ക്വട്ടേഷൻ നൽകാനുണ്ടായ കാരണം എന്താണെന്ന് രവിക്കു മാത്രമേ പറയാൻ കഴിയൂ എന്നും സുനിൽ ഹെഗെരവാനഹള്ളി പ്രതികരിച്ചു. ഓഗസ്റ്റ് 28ന് വാടകക്കൊലയാളി തന്‍റെ വീട്ടിൽവന്നിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽനിന്നു മനസിലാക്കാൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.കർണാടക എംഎൽഎമാർക്കെതിരേ അപകീർത്തിപരമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന്‍റെ പേരിൽ നിയമസഭ തടവിനു വിധിച്ച രണ്ടു പത്രാധിപരിൽ ഒരാളാണു രവി. നിയമസഭയുടെ പ്രിവിലേജസ് കമ്മിറ്റിയാണ് പത്രാധിപൻമാരെ തടവിനു വിധിച്ചത്. എന്നാൽ ഇവരുടെ അറസ്റ്റ് കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.