ബെംഗളൂരു: നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന തടാകത്തില്‍ വന്‍ തീപിടിത്തം. നഗരത്തിലെ ബെലന്തൂര്‍ തടാകത്തില്‍ വിഷപ്പത കത്തിയാണ് തീപിടിത്തം ഉണ്ടായത്. തടാകത്തോടു ചേര്‍ന്നുള്ള ആര്‍മി സര്‍വീസ് കോര്‍ കോളജ് ആന്‍ഡ് സെന്റര്‍ (എഎസ്സി) ട്രെയിനിങ് മേഖലയിലേക്കും തീ പടര്‍ന്നു.
തീ അണയ്ക്കാന്‍ അയ്യായിരത്തോളം സൈനികര്‍ ഏഴ് മണിക്കൂറോളം പണിയെടുക്കേണ്ടിവന്നു. കിലോമീറ്ററുകള്‍ അകലെ വരെ പുക ദൃശ്യമായി. സൈനികരുടെ സമയോചിത ഇടപെടല്‍ മൂലം ജനവാസ കേന്ദ്രങ്ങളിലേക്കു പടര്‍ന്നില്ല.
ബെലന്തൂര്‍ തടാകത്തിലെ തീ നേരത്തെ ബിബിസി ഉള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സമീപകാലത്തെ ഏറ്റവും വലിയ തീപിടിത്തമാണ് ഇന്നലെയുണ്ടായത്. തടാകത്തിലേക്കു രാസമാലിന്യം ഒഴുക്കുന്നതു തടയാന്‍ നേരത്തെ ദേശീയ ഹരിത ട്രൈബ്യൂണല്‍ ശക്തമായി ഇടപെട്ടിരുന്നു.