തൃശ്ശൂര്‍: തൃശ്ശൂരില്‍ പെണ്‍കുട്ടികളുടെ അനുപാതം കുറയുന്നു. ആറുവയസ്സിനു താഴെയുള്ളവരുടെ ജനസംഖ്യയിലാണ് സ്ത്രീഅനുപാതം കുറയുന്നതായി കാണിക്കുന്നത്. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ‘ജന്റര്‍ ക്രിട്ടിക്കല്‍ ഡിസ്ട്രിക്റ്റു’കളിലൊന്ന് തൃശ്ശൂരാണ്. ജനസംഖ്യയില്‍ സ്ത്രീഅനുപാതം കുറയുന്ന പ്രവണത കാണിക്കുന്ന ഇന്ത്യയിലെ 100 ജില്ലകളെയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍നിന്ന് തൃശ്ശൂര്‍ മാത്രമാണ് പട്ടികയില്‍.
പെണ്‍ഭ്രൂണഹത്യയും ജനനശേഷം പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന അവഗണനയുമാണ് പെണ്‍ജനനങ്ങള്‍ കുറയുന്നതിനുള്ള കാരണമായി പദ്ധതിരേഖ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ സ്‌കാന്‍ സെന്റര്‍ ജീവനക്കാര്‍ക്ക് ഒരുദിവസത്തെ ബോധവത്കരണ ക്ലാസ് ആരോഗ്യവകുപ്പ് സംഘടിപ്പിച്ചു. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്നോ എന്ന സംശയം നിലനില്‍ക്കുന്നതിനാലാണിത്. ലിംഗനിര്‍ണയം നടത്തുന്നതായി തെളിവുകള്‍ ലഭിക്കുന്നില്ലെന്നാണ് ജില്ലാ അധികൃതര്‍ പറയുന്നത്. എന്നാല്‍, അനധികൃതമായി ഇതു നടക്കുന്നതായി ഡോക്ടര്‍മാര്‍തന്നെ സമ്മതിക്കുന്നുണ്ട്.
2001ലെ ജനസംഖ്യാ കണക്കെടുപ്പില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 958 പെണ്‍കുട്ടികളായിരുന്നു തൃശ്ശൂരിലെ അനുപാതം. പിന്നീട് 2011ല്‍ ഇത് 950 ആയി കുറഞ്ഞു. പുതിയ കണക്കനുസരിച്ച് 956ല്‍ നില്‍ക്കുന്നുവെന്നാണ് സൂചന. ജില്ലയിലെ പല താലൂക്കുകളിലും അനുപാതം തൊള്ളായിരത്തിനു താഴെ പോയിട്ടുമുണ്ട്. മൂന്ന് താലൂക്കുകളിലാണ് ഏറ്റവും കുറവ് കണ്ടെത്തിയിരിക്കുന്നത്. ദേശീയ ശരാശരിയായ 918ല്‍ കുറവുള്ളതും ദേശീയ ശരാശരിയില്‍ കൂടുതലാണെങ്കിലും സ്ത്രീജനനത്തില്‍ കുറവുകാണിക്കുന്നതുമായ ജില്ലകളെയാണ് കേന്ദ്രസര്‍ക്കാരിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ബേട്ടി ബച്ചാവോ പദ്ധതിയുടെ ഭാഗമായി വന്‍തോതിലുള്ള ബോധവത്കരണ പരിപാടികളാണ് തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നടത്തുക. കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനമൊരുക്കിയാകും പദ്ധതികള്‍ നടപ്പാക്കുക. ലിംഗനിര്‍ണയം നടത്തുന്നുവെന്ന് സംശയിക്കുന്ന സ്‌കാനിങ് കേന്ദ്രങ്ങള്‍ പരിശോധിക്കാനുള്ള ശ്രമങ്ങളൊന്നും തൃശ്ശൂരില്‍ നടക്കുന്നില്ല.