കൊച്ചി: ഇത്തവണയും ക്രിസ്തുമസ് ന്യൂയര്‍ ആഘോഷിക്കാന്‍ വെള്ളമടിയില്‍ കുറവൊന്നും വരുത്താതെ മലയാളികള്‍. നോട്ട് പ്രതിസന്ധി വ്യാപാര മേഖലയാകെ തളര്‍ത്തിയട്ടും ബീവറേജ് കോര്‍പ്പറേഷനെ പ്രതിസന്ധി ബാന്ധിച്ചില്ലെന്ന് തെളിവാണ് ഈ കണക്കുകള്‍.
ഡിസംബര്‍ മാസത്തില്‍ മാത്രം ബീവറേജസ് കോര്‍പ്പറേഷന്‍ വിറ്റത് ആയിരം കോടിയിലേറെ രൂപയുടെ മദ്യമാണ്. മദ്യപര്‍ ഒന്നടങ്കം ഹാപ്പി ന്യൂഇയര്‍ നേര്‍ന്നപ്പോള്‍ പ്രതിസന്ധികള്‍ക്കിടയിലും മദ്യവില്‍പ്പന ഉയര്‍ന്നു. കണ്‍സ്യൂമര്‍ ഫെഡിന്റെ ഒരു ശാഖയില്‍ മാത്രം ഒരുദിവസം ഒരു കോടിയുടെ മദ്യം വിറ്റ ചരിത്രവും പിറന്നു. സംസ്ഥാനത്ത് ഒരു ഔട്ട്ലറ്റില്‍ നിന്നും ഒരു കോടിയുടെ മദ്യം വില്‍ക്കുന്നത് ആദ്യ സംഭവമാണ്.
1,02,88,885 രൂപയുടെ മദ്യം വിറ്റു കണ്‍സ്യൂമര്‍ഫെഡിന്റെ കൊച്ചിയിലെ വൈറ്റില പ്രീമിയം ഔട്ട്ലറ്റാണു ചരിത്രത്തിലാദ്യമായി എട്ടക്ക സംഖ്യയിലെത്തിയത്. ബവ്റിജസ് കോര്‍പറേഷന്റെ ഏറ്റവുമധികം കച്ചവടം നടന്ന ഔട്ട്ലറ്റിലെ വില്‍പന ഇതിന്റെ പകുതി പോലും എത്തിയില്ലെന്നിരിക്കെയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ ഈ അപൂര്‍വ്വ നേട്ടം. ബവ്കോയില്‍ ഒന്നാമതെത്തിയ എറണാകുളം ഗാന്ധിനഗറിലെ പ്രീമിയം ഔട്ട്ലറ്റില്‍ വിറ്റത് 48.65 ലക്ഷത്തിന്റെ മദ്യം മാത്രമാണ്.
പുതുവല്‍സരത്തലേന്നു കണ്‍സ്യൂമര്‍ഫെഡിന്റെ മൊത്തം മദ്യവില്‍പന 10.72 കോടിയുടേതാണ്. അതേസമയം, കൂടുതല്‍ ഔട്ട്ലറ്റുകളുള്ള ബവ്കോ 31ന് 59.03 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ പുതുവല്‍സരത്തലേന്ന് ഇത് 54.30 കോടിയായിരുന്നു. പ്രതിമാസ വില്‍പനയില്‍ ആദ്യമായി ആയിരം കോടി കടന്നുകൊണ്ടു ബവ്കോയും ഡിസംബര്‍ ആഘോഷമാക്കിയിട്ടുണ്ട്. 1038.38 കോടിയുടേതാണു 2016 ഡിസംബറിലെ വില്‍പന. 2015 ഡിസംബറിനെ അപേക്ഷിച്ച് 39.55 കോടി രൂപയുടെ അധിക വില്‍പന. മാസത്തിന്റെ അവസാന നാളുകളില്‍ വലിയ വില്‍പ്പനയാണ് ബീവറേജസ് കോര്‍പ്പറേഷന് വഴി ഉണ്ടായത്.
ഓണക്കാലത്തു നടക്കാറുള്ള റെക്കോര്‍ഡ് വില്‍പന പുതുവല്‍സരത്തിനു വഴിമാറുന്ന കാഴ്ചയാണ് ഇക്കുറി കണ്ടത്. പുതുവത്സരം അടിച്ചു പൊളിക്കാന്‍ മദ്യം വാങ്ങി ഒത്തുകൂടുന്നത് മലയാളികളുടെ പതിവായി മാറിയിട്ടുണ്ട്. 2015ലെ ഉത്രാടത്തലേന്ന് ഒരു ഔട്ട്ലറ്റില്‍ 38 ലക്ഷം രൂപയുടെ മദ്യം വിറ്റുകൊണ്ടാണ് ആദ്യമായി കണ്‍സ്യൂമര്‍ഫെഡ് ബവ്കോയെ തോല്‍പിച്ചത്. അന്നും വൈറ്റിലയിലെ പ്രീമിയം ഔട്ട്ലറ്റ് തന്നെയായിരുന്നു മുന്നില്‍.