
ബാഹുബലിയിലൂടെ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയ പ്രഭാസും അനുഷ്‌കാഷെട്ടിയും വീണ്ടും ഒന്നിക്കുന്ന മലയാള മൊഴിമാറ്റ ചിത്രമായ മിര്‍ച്ചി കേരളത്തില്‍ പ്രദര്‍ശനം തുടങ്ങി.
സണ്‍ ഓഫ് സത്യമൂര്‍ത്തി എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഇഫാര്‍ ഇന്റര്‍നാഷണലിനു വേണ്ടി റാഫി മതിര നിര്‍മ്മിക്കുന്ന ചിത്രം കൊരട്ടാല ശിവ സംവിധാനം ചെയ്യുന്നു. നദിയാ മൊയ്തു, സത്യരാജ് റിച്ചാ ഗംഗാ പാണ്ഡ്യായ, സമ്പത്ത് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

ഇറ്റലിയില്‍ ഉപരിപഠനത്തിനെത്തിയ ജയ് (പ്രഭാസ്), അവിടെ വച്ച് മാനസ(അനുഷ്‌കാ ഷെട്ടി) യുമായി പരിചയത്തിലായി. മാനസയും ഉപരിപഠനത്തിനെത്തിയതായിരുന്നു. പെട്ടെന്നു തന്നെ അവര്‍ പ്രണയത്തിലായി. മാനസയ്ക്ക് തന്റെ വീട്ടുകാരെ ഭയമുണ്ടായിരുന്നു. പ്രണയത്തെ സഹോദരന്മാര്‍ എതിര്‍ക്കുമെന്നും, അതിനാല്‍ പ്രണയത്തില്‍ നിന്ന് പിന്തിരിയാമെന്നും അവള്‍ ജയിനോട് പറഞ്ഞു. അയാള്‍ അടുത്ത ദിവസം തന്നെ നാട്ടിലെത്തി. അവിടെ മാനസയുടെ സഹോദരന്‍ പഠിക്കുന്ന കോളേജില്‍ തന്നെ ചേര്‍ന്ന് പഠനം തുടങ്ങി. പെട്ടെന്നു തന്നെ സഹോദരന്റെ അടുത്ത ചങ്ങാതിയായി. അവധിക്കാലം ചെലവഴിക്കാന്‍, ജയ് ചങ്ങാതിയുടെ വീട്ടിലെത്തി. മാനസയും അപ്പോള്‍ വീട്ടിലെത്തിയിരുന്നു. 

ജയിനെ കണ്ട് മാനസ അമ്പരന്നു. സഹോദരന്മാരെ സ്‌നേഹസമ്പന്നരാക്കാനാണ് താന്‍ വന്നതെന്ന് ജയ് പറഞ്ഞു. പക്ഷേ, മറ്റൊരു പ്രധാന ലക്ഷ്യം അവനുണ്ടായിരുന്നു. രണ്ട് ഗ്രാമങ്ങള്‍ തമ്മിലുള്ള ഇരുപത്തിയഞ്ച് വര്‍ഷത്തെ കുടിപ്പക മാറ്റുക. അതിന് അനേകം കടമ്പകള്‍ അവന് കടക്കേണ്ടിയിരുന്നു. ബുദ്ധിമാനായ ജയ് അതിനുള്ള വഴികള്‍ കണ്ടെത്താന്‍ പുതിയ തന്ത്രങ്ങളുമായെത്തുന്ന കഥയാണ് മിര്‍ച്ചി പറയുന്നത്. ഗംഭീര ഡാന്‍സും സംഘട്ടനവും നിറഞ്ഞ ചിത്രം മലയാളിത്തിലും സൂപ്പര്‍ ഹിറ്റാകുമെന്നുറപ്പാണ്. 

റാഫി മതിര ദേവിശ്രീ പ്രസാദ് ടീമിന്റെ ഗാനങ്ങള്‍ ഹിറ്റായി മാറിക്കഴിഞ്ഞു.
മാധിയാണ് ക്യാമറ , എഡിറ്റര്‍ കോട്ടഗിരി വെങ്കിടേശ്വര റാവു. സംഭാഷണം മങ്കൊമ്പ് ഗോപാലകൃഷ്ണന്‍. സായൂജ്യം സിനി റിലീസും ബീബാ ക്രിയേഷന്‍സുമാണ് വിതരണക്കാര്‍