തിരുവനന്തപുരം: വടക്കാഞ്ചേരി കൗണ്‍സിലര്‍ ജയന്തന്‍ എഴുതിയ തുറന്ന കത്തിന് മറുപടിയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തി. തനിക്ക് ഒരു കുടുംബമുണ്ടെന്നും ഭാഗ്യലക്ഷ്മിയെ വീട്ടമ്മ കള്ളത്തരങ്ങള്‍ പറഞ്ഞ് കബളിപ്പിക്കുകയായിരുന്നുവെന്നും ജയന്തന്റെ ഫേസ്ബുക്കിലൂടെ എഴുതിയ തുറന്ന കത്തില്‍ പറഞ്ഞിരുന്നു. തനിക്കെതിരെ പത്രസമ്മേളനം നടത്തുന്നതിനുമുമ്പ് ഭാഗ്യലക്ഷ്മി വടക്കാഞ്ചേരിയില്‍ എത്തി സംഭവത്തെ കുറിച്ച് അന്വേഷിക്കണമായിരുന്നു എന്നുമാണ് ജയന്തന്‍ പറഞ്ഞത്. ജയന്തന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മിയും രംഗത്തെത്തി. പണം കിട്ടാന്‍ ഉണ്ടെന്ന് ജയന്തന്‍ പറയുന്ന യുവതിക്ക് പൊലീസ് മധ്യസ്ഥതയില്‍ മൂന്ന് ലക്ഷം രൂപ എന്തിന് കൊടുത്തു എന്ന ചോദിച്ചു കൊണ്ടാണ് ജയന്തന്‍ രംഗത്തുവന്നത്. എന്തുകൊണ്ടാണ് ജയന്തന്‍ ഒരു മാനനഷ്ട കേസ് പോലും നല്‍കാത്തതെന്നും മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
‘ഞാന്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥയല്ല, ഒരു സ്ത്രീ എന്റെ മുന്നില്‍ വന്ന് കരയുമ്പോള്‍ ഞാന്‍ ആ പെണ്‍കുട്ടിക്ക് പറയാനുള്ളത് കേള്‍ക്കണം. ആ പെണ്‍കുട്ടിയുടെ കയ്യില്‍ കുറെ പേപ്പറുകള്‍ ഉണ്ട്. 2014 ഓഗസ്റ്റില്‍ ഒരു പ്രമുഖ പത്രത്തില്‍ വന്ന ബലാല്‍സംഘ വാര്‍ത്തയുടെ കോപ്പികള്‍ ഉണ്ട്. അതില്‍ ജയന്തന്റേയും കൂട്ടുകാരുടേയും പേരുകള്‍ വ്യക്തമായി പറയുന്നുണ്ട്. അന്ന് എന്തുകൊണ്ട് ജയന്തന്‍ മാനനഷ്ടക്കേസ് കൊടുത്തില്ല. അതുമാത്രമല്ല, ജയന്തന്‍ പൊലീസിന്റെ മുമ്പാകെ പെണ്‍കുട്ടിക്ക് മൂന്നരലക്ഷം രൂപ കൊടുത്തതിന്റെ രേഖകള്‍ എന്റെ കയ്യിലുണ്ട്. ജയന്തന്‍ എന്തിന് ഈ പെണ്‍കുട്ടിക്ക് പണം കൊടുത്തു? അയാള്‍ക്ക് പണം കിട്ടാനുണ്ടെന്നല്ലേ അയാള്‍ മാദ്ധ്യമങ്ങളുടെ മുന്നില്‍ പറയുന്നത്. പിന്നെന്തിന് പണം കൊടുത്തു? ഇത്രയേറെ പഴുതുകള്‍ അയാള്‍ തുറന്നു കൊടുത്തിട്ട് എന്തിന് ഞാന്‍ കബളിപ്പിക്കപ്പെട്ടു എന്ന് പറയുന്നു? അത് രക്ഷപെടലോ അതോ വിവരക്കേടോ?- ഭാഗ്യലക്ഷ്മി അഭിമുഖത്തില്‍ പറഞ്ഞു.
ഇപ്പോഴാണ് ആരോപണം ഉന്നയിച്ച യുവതിക്കെതിരെ പല ആരോപണങ്ങള്‍ അവര്‍ ഉന്നയിക്കുന്നുണ്ട്. അവര്‍ കുട്ടികളെ നോക്കാറില്ല, മാതാപിതാക്കളെ നോക്കില്ല, അങ്ങനെയുള്ളവരെയൊക്കെ ഇവര്‍ പീഡിപ്പിക്കുമോ? അതൊന്നും ഇതിനുള്ള ഉത്തരമല്ല. അതെല്ലാം കുടുംബപരമായ വിഷയമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഈ പെണ്‍കുട്ടി ജയന്തനെ നിരന്തരം സാമ്പത്തികമായി ഭീഷണി ഉന്നയിക്കുമെന്ന് പറഞ്ഞിരുന്നു. വെറും അപ്പുറത്തെ വീട്ടിലെ ആളെയല്ല, അവര്‍ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നത്, ഒരു കൗണ്‍സിലറെയാണ്. അയാള്‍ക്ക് നിയമപരായി നടപടി എടുത്തു കൂടായിരുന്നോ? എന്തുകൊണ്ടാണ് അതിന് മുതിരാതിരുന്നത്. പദവികൊണ്ടും ശാരീരികമായുമെല്ലാം ഉയര്‍ന്നു നില്‍ക്കുന്നത് ജയന്തനാണ്. കഷ്ടിച്ച് 35 കിലോ മാത്രമേ ഉള്ളൂ അവള്‍, നാലടി പൊക്കം കാണും. തീരെ ക്ഷീണിതയാണ്.
നാലുപേര്‍ ബലാല്‍സംഘം ചെയ്തിട്ടും അവള്‍ ജീവിച്ചിരുപ്പുണ്ടല്ലോ എന്ന് എനിക്ക് അവളുടെ ആരോഗ്യം കാണുമ്പോള്‍ തോന്നിപ്പോകും. – അവര്‍ പറഞ്ഞു ഞാന്‍ പൊലീസൊന്നുമല്ല ഈ പെണ്‍കുട്ടി വന്നു കരുമ്പോള്‍ അവളുമായി വടക്കാഞ്ചേരിയിലും തൃശൂരും മുളന്തുരുത്തിയിലുമൊക്കെ തെളിവെടുപ്പിന് പോകാന്‍. ഞാന്‍ ഒരു സാധാരണ സ്ത്രീയാണ്. പിന്നെ ഇയാള്‍ പറയുന്നത് ഇയാളുമായി സാമ്പത്തിക ഇടപാടുണ്ടെന്നാണ്. ഞാന്‍ പണം കൊടുത്തു, എന്നെ ഭീഷണിപ്പെടുത്തി എന്നൊക്കയാണ്. അങ്ങനെയെങ്കില്‍ മറ്റുമൂന്നുപേരുടെ പേരുകള്‍ എന്തിന് പെണ്‍കുട്ടി പറഞ്ഞു. പൊലീസിന്റെ പേര് എന്തിനു പറ!ഞ്ഞു. ഇതൊക്കെ നാം ചിന്തിക്കണം. കുടുംബം നഷ്ടപ്പെടുമെന്നൊക്കെ ചിന്തയുള്ളവര്‍ അന്ന് തന്നെ മാനനഷ്ടക്കേസ് നല്‍കണമായിുന്നു.
അന്നത്തെ വാര്‍ത്താസമ്മേളനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ജയന്തനെതിരെ കേസടുത്തിട്ടുണ്ട്. അതിലുള്ള നടപടിയിലാണ് ഇപ്പോള്‍ പ്രതീക്ഷ. അതേസമയം, മുഖ്യമന്ത്രിയെ ആ പെണ്‍കുട്ടിക്ക് ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. ഞാന്‍ മുഖ്യമന്ത്രിയുടെ പേഴ്സണ്‍ല്‍ സ്റ്റാഫ് അംഗങ്ങളുമായൊക്കെ സംസാരിച്ചു. പക്ഷേ, മുഖ്യമന്ത്രിയെ കാണാന്‍ ഇതുവരെ സമയം അനുവദിച്ചില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസായതുകൊണ്ടാണോ എന്നറിയില്ല, എന്നാലും അദ്ദേഹം ജനങ്ങളുടെ പ്രതിനിധിയാണ്. ആപെണ്‍കുട്ടിക്ക് മുഖ്യമന്ത്രിയോട് മാത്രമായി ചിലത് പറയാനുണ്ടെന്ന് പറഞ്ഞിട്ടു പോലും കാണാന്‍ അനുവദിക്കാത്തത് എനിക്ക് വളരെ വേദനയുണ്ടാക്കുന്നു.
കെ. രാധാകൃഷ്ണന്‍ എന്തടിസ്ഥാനത്തിലാണ് ആപെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത്. ജയന്തന്റെ പേര് പറഞ്ഞു, അങ്ങനെയെങ്കില്‍ പെണ്‍കുട്ടിയുടെ പേര് പറഞ്ഞൂടെ എന്നാണ് രാധാകൃഷ്ണന്‍ ചോദിക്കുന്നത്. പെണ്‍കുട്ടിയും ഒരേ പൊസിഷനില്‍ നില്‍ക്കുവന്നവരാണോ എന്ന് ഇവരൊക്കെ ചിന്തിക്കാത്തതെന്ത്? ഭാഗ്യലക്ഷ്മി ചോദിച്ചു.
അവാസ്ഥവമായ ഒരു ആരോപണത്തിലും വാര്‍ത്തയിലുമാണ് താന്‍ പ്രതിസന്ധിയിലായത് എന്ന സൂചിപ്പിച്ചാണ് നേരത്തെ ജയന്തന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു:
അവാസ്ഥമായ ഒരു ആരോപണത്തിലും വാര്‍ത്തയിലും തട്ടി പ്രതിസന്ധിയിലായ ജയന്തന്‍ ആണ് ഞാന്‍, ഭാഗ്യലക്ഷ്മി ചേച്ചി നടത്തിയ വാര്‍ത്താ സമ്മേളനത്തിന് മുന്‍പ് ഈ ആരോപണത്തിന് നിജസ്ഥിതി അറിയുവാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു.ഈ അവസരത്തിലെങ്കിലും ഭാഗ്യലക്ഷ്മി ചേച്ചിയും പാര്‍വതി ചേച്ചിയും വടക്കാഞ്ചേരിയില്‍ എത്തണമെന്ന് അപേക്ഷിക്കട്ടെ, ആരോപണം ഉന്നയിച്ചവരുടെ താമസസ്ഥലത്തും പരിസരത്തും ചുരുങ്ങിയത് ഇവരുടെ മാതാപിതാക്കളോടെങ്കിലും ഈ പരാതിക്ക് ഇടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കണം, ഇവരുടെ നാളിതുവരെയുള്ള ജീവിതവും സമാനമായ സാഹചര്യകളുടെ ആവര്‍ത്തനവുമൊക്കെ ചേച്ചിമാര്‍ക്ക് എളുപ്പത്തില്‍ ബോദ്ധ്യപ്പെടും. സ്വന്തംവീട്ടുകാര്‍ പോലും ഇവര്‍ക്കെതിരെ പരാതി നല്‍കുകയും മാദ്ധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തത് ചേച്ചിമാരുടെ ശ്രദ്ധയില്‍ വന്നിരിക്കുമല്ലോ? എന്നും ജയന്തന്‍ കുറിച്ചിരുന്നു.