തിരുവനന്തപുരം: വീട്ടമ്മയെ ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചെന്ന ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമിയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഈ ക്രൂരത നടത്തിയവരെ കുറിച്ചുള്ള വിവരങ്ങളും പുറത്തായി. കേരളത്തെ ഞെട്ടിച്ച വെളിപ്പെടുത്തലിലെ രാഷ്്ട്രീയ നേതാവ് സിപിഎം ഉന്നതനാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം പ്രാദേശിക നേതാവുമാണ് ഈ സംഭവത്തിലെ വില്ലന്‍.
ഇത് സിനിമാക്കഥയല്ല; ഉന്നതനായ രാഷ്ട്രീയ നേതാവും കൂട്ടുകാരും വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്തു;പരാതി നല്‍കിയ സ്ത്രീയെ പോലീസ് അധിക്ഷേപിച്ച് വിട്ടു; കേരളത്തില്‍ നടന്ന ദുരന്തകഥ വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്മി കേരളത്തെ നടുക്കുന്ന വിധത്തില്‍ ഈ ബലാത്സംഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. ഈ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതോടെ മുഖ്യമന്ത്രിയുടെ ഓഫീസും ഭാഗ്യലക്ഷ്മിയില്‍ നിന്നും വിവരങ്ങള്‍ തിരക്കി.
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ബലാല്‍സംഗത്തിന് ഇരയാക്കിയെന്നും പരാതി നല്‍കിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയെന്നും വീട്ടമ്മ തന്നോട് പറഞ്ഞതായി അവര്‍ എഴുതിയിരുന്നു.
അതേസമയം രണ്ട് വര്‍ഷം മുമ്പാണ് ഇത്തരമൊരു സംഭവം നടന്നത്. എന്നാല്‍, അന്ന് യുവതി കേസ് നല്‍കാന്‍ തയ്യാറായതുമില്ല. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് യുവതി പരാതിയുമായി രംഗത്തെത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ പേരാമംഗലം പൊലീസ് നാല് പേര്‍ക്കെതിരെ കേസെടുക്കുകയുമുണ്ടായി. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം പ്രാദേശിക നേതാവിനും മറ്റ് മൂന്ന് പേര്‍ക്കെതിരെയുമായിരുന്നു യുവതിയുടെ പരാതി. 2014ല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. എന്തുകൊണ്ടാണ് യുവതി ഇത്രയും കാലം പരാതി നല്കാതെ പിന്‍വലിഞ്ഞു നിന്നതെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല.
ഫോര്‍ട്ട്കൊച്ചി സ്വദേശിനിയായ യുവതി ഭര്‍ത്താവിനോടൊപ്പം തൃശ്ശൂരില്‍ താമസിച്ചുവരികയായിരുന്നു. അത്താണി സില്‍ക്കിനു സമീപം പ്രതികളുടെ അയല്‍വാസിയായിരുന്നു.
ആലുവയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന് അപകടത്തില്‍ പരിക്കുപറ്റിയെന്നറിയിച്ച് നാലുപേരും ചേര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി. മെഡിക്കല്‍ കോളേജിനു സമീപം ആളൊഴിഞ്ഞ വീട്ടില്‍ കയറ്റി ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് വീഡിയോ ചിത്രങ്ങള്‍ കാട്ടി പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണിയുള്ളതുകൊണ്ടാണ് പരാതി നല്‍കുവാന്‍ വൈകിയതെന്നാണ് യുവതി ചൂണ്ടിക്കാട്ടിയത്.
പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്നാണ് യുവതി ആരോപിച്ചത്. ഇതോടെ ക്രൈം ഡിറ്റാച്ച്മെന്റ് റൂറല്‍ ഡിവൈ.എസ്പി.ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്തും. പേരാമംഗലം സിഐയുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജ് പൊലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. കൂട്ടബലാത്സംഗത്തിനാണ് കേസെടുത്തതും അന്വേഷണം നടക്കുന്നതും. എന്നാല്‍, അന്ന് യുവതിയുടെ പരാതിയില്‍ പൊലീസുകാര്‍ അടക്കം സംശയം പ്രകടിപ്പിച്ചിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് യുവതി പരാതിയുമായി രംഗത്തെത്തിയതെന്ന സംശയവും ഉയര്‍ന്നു. കേസ് ഒത്തുതീര്‍പ്പാക്കാനും ശ്രമങ്ങള്‍ നടന്നു.
ഇര സ്ഥാനത്തുള്ള യുവതിയെ കുറിച്ച് രണ്ട് ദിവസം മുമ്പാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ഇതേക്കുറിച്ച് അന്വേഷിച്ച് ചെന്നപ്പോല്‍ പ്രതിസ്ഥാനത്തുള്ളത് സിപിഎം നേതാവാണ്. മുഖ്യമന്ത്രിയുടെ മീഡിയാ സെല്‍ വിഷയത്തില്‍ ഇടപെട്ടതോടെ കൃത്യമായ അന്വേഷണം ഈ സംഭവത്തില്‍ ഉണ്ടാകും.