തൃശ്ശൂര്‍: വീട്ടമ്മയെ രാഷ്ട്രീയ നേതാവും കൂട്ടരും ബലാത്സംഗം ചെയ്തുവെന്ന ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷിയുടെ വെളിപ്പെടുത്തലില്‍ പ്രതിയായത് വടക്കാഞ്ചേരിയിലെ സിപിഎം നേതാവും നഗരസഭയിലെ മിണാലുൂര്‍ വാര്‍ഡ് കൗണ്‍സിലറുമായ പി എന്‍ ജയന്തനാണെന്നാണ് ആരോപണം. സോഷ്യല്‍ മീഡിയ നടത്തിയ അന്വേഷണത്തിലും ഇക്കാര്യമാണ് തെളിയുന്നത്. ജയന്തന്റെ സഹോദരന്‍ ജിതേഷ് (26), ബിനീഷ് (25), ഷിബു (27) എന്നിവരാണ് കൂട്ട ബലാത്സംഗ ആരോപണം നേരിടുന്ന മറ്റുള്ളവര്‍.
നേരത്തേ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയതുപോലെ തൃശൂരില്‍ ഒരു രാഷ്ട്രീയ നേതാവ് ഉള്‍പ്പെട്ട പീഡനാരോപണം ഈ വര്‍ഷം ആഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ഈ കേസ് മാത്രമാണെന്നതിനാല്‍ ഇപ്പോഴത്തെ ആരോപണം ജയന്തനെതിരെ ആണെന്ന് വ്യക്തമാകുകയാണ്. 2014ല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഈ സംഭവത്തില്‍ പൊലീസ് കേസെടുത്തത്. ഫോര്‍ട്ട്‌കൊച്ചി സ്വദേശിനിയായ യുവതി ഭര്‍ത്താവിനോടൊപ്പം തൃശ്ശൂരില്‍ മുളംകുന്നത്തുകാവിനടുത്ത് താമസിച്ചുവരികയായിരുന്നു.
അത്താണി സില്‍ക്കിനു സമീപം പ്രതികളുടെ അയല്‍വാസിയായിരുന്നു ഇവരെന്നാണ് നേരത്തേയുള്ള റിപ്പോര്‍ട്ടുകളിലെ സൂചനകള്‍. ആലുവയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന് അപകടത്തില്‍ പരിക്കുപറ്റിയെന്നറിയിച്ച് നാലുപേരും ചേര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയിയെന്നും മെഡിക്കല്‍ കോളേജിനു സമീപം ആളൊഴിഞ്ഞ വീട്ടില്‍ കയറ്റി ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തുവെന്നുമാണ് പരാതി.
പിന്നീട് വീഡിയോ ചിത്രങ്ങള്‍ കാട്ടി പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണിയുള്ളതുകൊണ്ടാണ് പരാതി നല്‍കുവാന്‍ വൈകിയതെന്ന് യുവതി പരാതിയില്‍ പറഞ്ഞിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലാതെ വന്നപ്പോള്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് റൂറല്‍ ഡിവൈ.എസ്പി.ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പേരാമംഗലം സിഐയുടെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. കൂട്ടബലാത്സംഗത്തിനാണ് കേസെടുത്തത്.
ഈ കേസ് കോടതിയില്‍ എത്തിയെങ്കിലും പിന്നീട് പൊലീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍വലിച്ചുവെന്നാണ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. അന്വേഷണ ഉദ്യോഗസ്ഥന്‍ പലകുറി യുവതിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയെന്നും അപമാനിക്കുംവിധം ചോദ്യങ്ങള്‍ ചോദിച്ചുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. യുവതിതന്നെ ഇന്ന് പതിനൊന്നരയോടെ പ്രതികളുടെ പേരും സംഭവങ്ങളും പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം ജയലക്ഷ്മി മുഖ്യമന്ത്രിയെ കാണുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫെയ്‌സബുക്ക് പോസ്റ്റ് ഞാന്‍ പിന്‍വലിച്ചിട്ടില്ല. ആദ്യം അത് സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയിലായിരുന്നു, ഇപ്പോള്‍ അത് പബ്ലിക്കാക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
മൂന്നാഴ്ചമുമ്പ് ഈപെണ്‍കുട്ടി തന്നെക്കാണാന്‍ വരികയായിരുന്നു എന്നാണ് ഭഗ്യലക്ഷ്മയുടെ വെളിപ്പെടുത്തല്‍. അന്ന് മരണത്തിന്റെ വക്കിലായിരുന്നു അവര്‍. ഇരകള്‍ക്കും ഇവിടെ ജീവിക്കാണം. മാധവിക്കുട്ടിയുടെ വാക്കുകള്‍ കടമെടുക്കുകയാണ്. ഡെറ്റോള്‍ വെള്ളത്തില്‍ കുളിച്ചിട്ട് എന്റെ ശരീരത്തെ മാത്രമേ നിനക്ക് സ്പര്‍ശിക്കാനാവൂ.
മനസിനെ തൊടാന്‍ പോലും സാധിക്കില്ലെന്ന് ഉറക്കെ പറയണം. ഞാന്‍ ആപെണ്‍കുട്ടിയെ ഇപ്പോള്‍ കൗണ്‍സിലിങ് ചെയ്തു കൊണ്ടിരിക്കുകയാണ്. കോടതിയുടെ മുമ്പില്‍ തെളിവാണ് പ്രധാനം. സൗമ്യക്കേസില്‍ എല്ലാതെളിവും കൊടുത്തിട്ടും വളച്ചൊടിക്കപ്പെട്ടില്ലേ? അത്‌കൊണ്ട് നിയമ വ്യവസ്ഥയില്‍ വിശ്വാസമില്ല. – ഭാഗ്യലക്ഷ്മി പറയുന്നു.
നേരില്‍ സന്ദര്‍ശിച്ച് തനിക്കുനേരെ ഉണ്ടായ അക്രമം വിവരിച്ച വീട്ടമ്മയുടെ വാക്കുകള്‍ കഴിഞ്ഞദിവസമാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.
ഏകദേശം 35, 40 വയസ്സ് പ്രായമുള്ള ഒരു മെലിഞ്ഞ സ്ത്രീ തന്നെ കാണാനെത്തിയ കാര്യവും അവര്‍ക്കുണ്ടായ ദുരനുഭവങ്ങളും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയതോടെ സംഭവം വലിയ ചര്‍ച്ചയായി മാറുകയായിരുന്നു. ഭാര്യയും ഭര്‍ത്താവും രണ്ട് കുട്ടികളുമടങ്ങുന്ന സ്‌നേഹമുള്ള ഒരു കൊച്ചു കുടുംബത്തിനാണ് ഇത്തരമൊരു ദുര്‍ഗതി നേരിട്ടതെന്നും ”ചേട്ടന് ചെറിയൊരു പ്രശ്‌നമുണ്ട് ചേച്ചി അത്യാവശ്യമായി ഒന്ന് ആശുപത്രിവരെ വരണമെന്ന്.” പറഞ്ഞ് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയ നാലുപേര്‍ യുവതിയെ പിച്ചിച്ചീന്തുകയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിരുന്നു.
ഭാഗ്യലക്ഷ്മി പോസ്റ്റില്‍ വ്യക്തമാക്കിയത് ഇങ്ങനെ: ആശുപത്രിയുടെ വഴിയും വിട്ട് കാറ് വെറെയെങ്ങോട്ടോ പോകുന്നത് കണ്ട് അവള്‍ക്ക് സംശയം തോന്നി. ദേഷ്യപ്പെട്ടു ഒച്ചവച്ചു..നാല് പുരുഷന്മാരുടെ ബലിഷ്ഠമായ കൈകള്‍ക്ക് ഒരു സ്ത്രീയുടെ നിലവിളി ഇല്ലാതാക്കാന്‍ എന്ത് ബുദ്ധിമുട്ട്.? നഗരത്തില്‍ നിന്ന് മാറി ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി,നാലുപേരും മാറി മാറി അവളെ പിച്ചി ചീന്തി..വിജനമായ ആ പ്രദേശത്ത് അവളുടെ നിലവിളിക്ക് ശക്തി പോരാതെ അതൊരു ദീനരോദനം മാത്രമായി..ആ രാക്ഷസന്മാര്‍ തന്നെ അവളെ വീട്ടില്‍ കൊണ്ടുവന്ന് എറിഞ്ഞിട്ട് പറഞ്ഞത്രേ,”നടന്നത് മുഴുവന്‍ ഞങ്ങള്‍ വീഡിയോ എടുത്തിട്ടുണ്ട്. നീയിത് ആരോടെങ്കിലും പറഞ്ഞാല്‍…പിന്നെ അറിയാല്ലോ”.. ആരോടും ഒന്നും പറയാനുള്ള ധൈര്യമില്ലാതെ എന്ത് ചെയ്യണമെന്നറിയാതെ അവളൊരു ജീവശ്ശവം പോലെ നടന്നു..അവളുടെ പെരുമാറ്റത്തിലെ മാറ്റം കണ്ട് നിര്‍ബന്ധിച്ച് ചോദിച്ച ഭര്‍ത്താവിനോട് അവള്‍ നടന്നത് മുഴുവന്‍ പറഞ്ഞപ്പോഴേക്ക് മൂന്ന് മാസങ്ങള്‍കഴിഞ്ഞിരുന്നു..ഭര്‍ത്താവിന്റെ നിര്‍ബന്ധത്തില്‍ കേസ് കൊടുത്തു. ആ നാല് പേരെയും സ്റ്റേഷനില്‍ വിളിപ്പിച്ച് അവളുടെ മുന്‍പില്‍ നിര്‍ത്തി പൊലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചു ”ഈ നാല് പേരാണോ ഈ പരാതിയില്‍ പറഞ്ഞിരിക്കുന്നവര്‍.”?.”അതെ സാര്‍” എന്ന് പറഞ്ഞ അവളോട് ചിരിച്ച്‌കൊണ്ട് ആ ഉദ്യോഗസ്ഥന്‍ പച്ചക്ക് ചോദിച്ചത്രേ ”ഇവരില്‍ ആര് ചെയ്തപ്പോഴാണ് നിനക്ക് നല്ല സുഖം തോന്നിയത്?”ഈ വാചകം എന്റെ മുന്‍പിലിരുന്ന് പറയുമ്പോള്‍ അവള്‍ ഉറക്കെ നിലവിളിച്ച് കരയുകയായിരുന്നു..ഞാനും..
കരച്ചിലിനിടയില്‍ അവള്‍ പറഞ്ഞു ‘ എന്റെ ചേച്ചീ ”ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ അനുഭവിച്ചതിനേക്കാള്‍ വേദനിച്ച് നിലവിളിച്ചു ഞാനന്ന്.”കുറച്ച് വെള്ളം കുടിച്ചിട്ട് അവള്‍ തുടര്‍ന്നു..”പിന്നീടങ്ങോട്ട് പൊലീസുകാരുടെ ചോദ്യങ്ങള്‍ കൊണ്ടുള്ള മാനസിക ബലാത്സംഗമായിരുന്നു ഒരാഴ്ചയോളം…സംഭവം നടന്ന് മൂന്ന് മാസങ്ങള്‍ കഴിഞ്ഞ് കേസ് കൊടുത്തതുകൊണ്ട് എന്റെ പക്കല്‍ തെളിവുകളൊന്നുമില്ല എന്ന ധൈര്യം തന്നെയാവാം അവരുടെ ഈ മാനസീക പീഡനങ്ങള്‍ക്ക് കാരണം..അത് താങ്ങാവുന്നതിനപ്പുറമായാല്‍ സ്ത്രീക്ക്, മാനവുമില്ല,മാനഭംഗവുമില്ല,ബലാത്സംഗവുമില്ല.. ബലാത്സംഗത്തിനിരയായ ഒരു സ്ത്രീക്കും ഈ രാജ്യത്ത് നീതി കിട്ടില്ല എന്ന് ഉറപ്പായപ്പോള്‍ ഞാന്‍ കേസ് പിന്‍വലിച്ചു. –
ഈ അവസ്ഥ ആര്‍ക്കും ഉണ്ടാകരുതെന്നും ആ വ്ൃത്തികെട്ടവന്മാരെ ഒന്നും ചെയ്യാന്‍ സാധിക്കാത്തൊരു രാജ്യത്ത് ജനിക്കേണ്ടി വന്നതില്‍ ലജ്ജിക്കുന്നുവെന്നും വ്യക്തമാക്കിയാണ് ഭാഗ്യലക്ഷ്മി പോസ്റ്റ് അവസാനിപ്പിക്കുന്നത്.